കൊച്ചി: ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പുഴയിലെറിഞ്ഞെന്ന് അമ്മ സന്ധ്യ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ സ്കൂബ ടീം നടത്തിയ തെരച്ചിലിൽ ചാലക്കുടി പുഴയിലെ മൂഴിക്കുളം പാലത്തിനടിയിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.
കുട്ടിയുടെ അമ്മ നിലവിൽ ചെങ്ങമനാട് പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യുവതിക്കെതിരെ കൊലക്കുറ്റവും ചുമത്തും. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയിൽ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയിൽ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയിൽ എത്തിയപ്പോൾ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്ന് ഇവർ പൊലീസിന് മൊഴി നൽകിയത്.
Aluva baby kalyani murder mother arrested