
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിക്ക് നേരിട്ട ക്രൂരമായ പോലീസ് മർദനത്തിൽ പ്രതിഷേധം ഉയരുന്ന വേളയിൽ പോലീസിനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല പോലീസിന്റെ ചുമതല, ആപത് ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചത്. ഇത് പ്രവൃത്തിയിലൂടെ കേരള പോലീസ് തെളിയിച്ചിട്ടുണ്ട്. ഈ നിലയിലുള്ള സോഷ്യൽ പോലീസിംഗ് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 സി ബാച്ചിലെ 104 സബ് ഇൻസ്പെക്‌ടർ പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം ഈ മേഖലകളിലെല്ലാം രാജ്യത്ത് കേരള പോലീസ് ഒന്നാം സ്ഥാനത്താണ്. പോലീസ് സേനയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയ കുറ്റാന്വേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൈബർ ഫോറൻസിക് മേഖലയിൽ ആധുനിക പരിശീലനം ഏർപ്പെടുത്തുന്നതിനും വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സേനയിലെ അംഗബലം വർദ്ധിപ്പിക്കുന്നതിനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പോലീസിനെ നവീകരിക്കുന്നതിനുമായി ആരംഭിച്ച പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പെട്ടെന്ന് കണ്ടെത്തി തടയാൻ സാധിക്കുന്നു. രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയിലാണ് കേരള പോലീസ് സേനയുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേ സമയം പോലീസ് മർദ്ധനമേറ്റ് വടകര എം.പി ഷാഫി പറമ്പിൽ ചികിത്സയിൽ തുടരുകയാണ്. ഷാഫിക്കെതിരായ പൊലീസ് മർദനത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളോടും പ്രതികരിച്ചിട്ടില്ല. പോലീസ് മർദനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായിട്ടാണ് യു,ഡി.എഫ് രംഗത്തെത്തുന്നത്.
Kerala Police, who stand by the people in times of crisis, CM
