ബാങ്കോക്ക്: ഇന്ത്യൻ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായ്‌ലൻഡ് തങ്ങളുടെ വിസ നിയമങ്ങളിൽ വൻ പരിഷ്കാരം പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ 93 രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും നൽകിയിരുന്ന 60 ദിവസത്തെ വിസ രഹിത (Visa-free) എൻട്രി സൗകര്യം തായ്‌ലൻഡ് പൂർണ്ണമായും റദ്ദാക്കി. മേയ് 19-ന് ചേർന്ന തായ് കാബിനറ്റ് യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്.
പുതിയ നിയമപ്രകാരം ഇന്ത്യൻ യാത്രികർക്ക് ഇനി മുതൽ വിസയില്ലാതെ തായ്‌ലൻഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കില്ല. പകരം, എയർപോർട്ടിൽ എത്തിയാലുടൻ ലഭിക്കുന്ന ‘വിസ ഓൺ അറൈവൽ’ (Visa on Arrival) സംവിധാനമോ അല്ലെങ്കിൽ മുൻകൂട്ടി എടുക്കുന്ന ‘ഇ-വിസയോ’ (e-Visa) ഉപയോഗിക്കേണ്ടി വരും. വിസ ഓൺ അറൈവൽ വഴി രാജ്യത്ത് താമസിക്കാനാകുന്ന കാലാവധി പരമാവധി 15 ദിവസമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
‘ഒരു രാജ്യം, ഒരു വിസ ആനുകൂല്യം’
വിസ വിഭാഗങ്ങൾ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ‘ഒരു രാജ്യം, ഒരു വിസ ആനുകൂല്യം’ (One Country, One Visa Privilege) എന്ന പുതിയ തത്ത്വത്തിലാണ് തായ്‌ലൻഡ് പുതിയ ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. വിദേശ സന്ദർശകർക്ക് കൂടുതൽ വ്യക്തവും ഏകീകൃതവുമായ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പരിഷ്കാരങ്ങൾ ഇവയാണ്:
- ഒരു രാജ്യത്തിന് അല്ലെങ്കിൽ പ്രദേശത്തിന് ഒരു വിസ ഇളവ് വിഭാഗം മാത്രമേ അനുവദിക്കൂ.
- നിലവിലുണ്ടായിരുന്ന 60 ദിവസത്തെ വിസ രഹിത പദ്ധതി (Phor 60) എല്ലാ രാജ്യങ്ങൾക്കുമായി പൂർണ്ണമായി നിർത്തലാക്കി.
- 30 ദിവസത്തെ വിസ ഇളവ് ലഭിച്ചിരുന്ന രാജ്യങ്ങളുടെ പട്ടിക 57-ൽ നിന്ന് 54 ആയി കുറച്ചു.
- സെയ്ഷെൽസ്, മാലിദ്വീപ്, മൗറീഷ്യസ് എന്നീ മൂന്ന് രാജ്യങ്ങൾക്കായി 15 ദിവസത്തെ പുതിയ വിസ ഇളവ് വിഭാഗം (Phor 15) അവതരിപ്പിച്ചു.
- വിസ ഓൺ അറൈവൽ (VOA) ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക 31-ൽ നിന്ന് വെറും നാലായി ചുരുക്കി.
പുതിയ നിയമങ്ങൾ തായ്‌ലൻഡിന്റെ ഔദ്യോഗിക ഗസറ്റിൽ (Royal Gazette) പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
നിയമ പരിഷ്കരണത്തിന് പിന്നിലെ കാരണങ്ങൾ
കോവിഡിന് ശേഷം തകർച്ചയിലായ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനും സാമ്പത്തിക വീണ്ടെടുപ്പിനുമായാണ് 2024 ജൂലൈയിൽ ഇന്ത്യക്കാർക്ക് 60 ദിവസത്തെ വിസ രഹിത സൗകര്യം തായ്‌ലൻഡ് താൽക്കാലികമായി അനുവദിച്ചത്. എന്നാൽ, വിദേശികൾ ഉൾപ്പെടുന്ന സുരക്ഷാ പ്രശ്നങ്ങൾ, അനധികൃത തൊഴിൽ, വ്യാജ ബിസിനസുകൾ (Nominee businesses), അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ എന്നിവ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പിൻമാറ്റം.
കേവലം വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനേക്കാൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക നേട്ടങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് “ഗുണനിലവാരമുള്ള വിനോദസഞ്ചാരികളെ” (Quality Tourists) ആകർഷിക്കാനാണ് രാജ്യം ഇപ്പോൾ താല്പര്യപ്പെടുന്നതെന്ന് തായ്‌ലൻഡ് ടൂറിസം-കായിക മന്ത്രി സുരസക് ഫഞ്ചാരോയൻവോറകുൽ (Surasak Phancharoenworakul) നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ യാത്രികരെ എങ്ങനെ ബാധിക്കും?
ഇന്ത്യൻ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയൊരു മാറ്റമാണ്. 2024 ജൂലൈ മുതൽ ഇന്ത്യക്കാർക്ക് 60 ദിവസം വിസയില്ലാതെ തായ്‌ലൻഡിൽ താമസിക്കാനും ആവശ്യമെങ്കിൽ അത് 30 ദിവസം കൂടി നീട്ടാനും സാധിച്ചിരുന്നു. ദീർഘകാല അവധിക്കാലം ആഘോഷിക്കാൻ പോകുന്നവർക്ക് ഇത് വലിയ ആശ്വാസമായിരുന്നു.
എന്നാൽ പുതിയ വിസ ഓൺ അറൈവൽ പട്ടികയിലേക്ക് മാറിയതോടെ ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകില്ല. തായ്‌ലൻഡിലെ എയർപോർട്ടുകളിൽ എത്തി ആവശ്യമായ യാത്രാരേഖകൾ, മടക്ക ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ, ആവശ്യമായ പണം എന്നിവ സമർപ്പിച്ച് വേണം വിസ കൈപ്പറ്റാൻ. ഇവിടെ താമസിക്കാനാകുന്ന കാലാവധി 15 ദിവസമായി ചുരുക്കിയതിനാൽ ദീർഘകാല യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇനി ഇ-വിസ സംവിധാനത്തെ ആശ്രയിക്കേണ്ടി വരും.
നിലവിലുള്ള യാത്രികർക്ക് ആശങ്കവേണ്ട
നിലവിൽ തായ്‌ലൻഡിലുള്ളവർക്കോ അല്ലെങ്കിൽ പുതിയ നിയമം ഔദ്യോഗികമായി നടപ്പിലാകുന്നതിന് മുൻപ് രാജ്യം സന്ദർശിക്കുന്നവർക്കോ ഈ മാറ്റം ഉടനടി ബാധിക്കില്ല. അവർക്ക് നിലവിൽ അനുവദിച്ച വിസ കാലാവധി തീരുന്നത് വരെ തായ്‌ലൻഡിൽ തുടരാൻ സാധിക്കും.
പുതുക്കിയ വിസ ഘടന ഒറ്റനോട്ടത്തിൽ:
- 30 ദിവസത്തെ വിസ ഇളവ് (Phor 30): ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, യു.എസ്, യു.കെ, യു.എ.ഇ തുടങ്ങി 54 രാജ്യങ്ങൾക്ക്.
- 15 ദിവസത്തെ വിസ ഇളവ് (Phor 15): മൗറീഷ്യസ്, മാലിദ്വീപ്, സെയ്ഷെൽസ്.
- വിസ ഓൺ അറൈവൽ (VOA): ഇന്ത്യ, അസർബൈജാൻ, ബെലാറസ്, സെർബിയ എന്നീ 4 രാജ്യങ്ങൾക്ക് മാത്രം.
- ഇതിനുപുറമേ ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് 30 ദിവസത്തെയും, അർജന്റീന, ബ്രസീൽ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് 90 ദിവസത്തെയും പ്രത്യേക വിസ ഇളവുകൾ ലഭ്യമാണ്.

