ഹീ-മാനായി’ ഉണ്ണി മുകുന്ദൻ; ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ മലയാളം പതിപ്പ് ജൂൺ 5-ന് തിയേറ്ററുകളിൽ

ഹോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്ചേഴ്സ്–എംജിഎം ലൈവ്-ആക്ഷൻ ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ (Masters of the Universe) മലയാളത്തിലേക്ക് എത്തുമ്പോൾ നായകനായ ‘ഹീ-മാന്’ ശബ്ദം നൽകുന്നത് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ. ഇതോടെ എംജിഎം, സോണി പിക്ച്ചേഴ്സ് തുടങ്ങിയ വൻകിട ഹോളിവുഡ് സ്റ്റുഡിയോകളുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ എന്ന ചരിത്ര നേട്ടവും ഉണ്ണി മുകുന്ദൻ സ്വന്തമാക്കി.

സ്വപ്നസാഫല്യമെന്ന് താരം

കുട്ടിക്കാലത്ത് താൻ ഏറെ ആരാധിച്ച, അജയ്യമായ കരുത്തിന്റെ പ്രതീകമായ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നസാഫല്യമാണെന്ന് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ വ്യക്തമാക്കി.

“By the Power of Grayskull… I Have The Power!” എന്ന വിഖ്യാതമായ വരികൾ ഡബ്ബിങ് തിയേറ്ററിൽ ഉച്ചരിച്ച നിമിഷം വാക്കുകൾക്ക് അപ്പുറത്തുള്ള അനുഭൂതിയായിരുന്നു. അപ്പോൾ കുട്ടിക്കാലത്തെ ആ പഴയ കൊച്ചുകുട്ടിയായി താൻ മാറിപ്പോയി.” – ഉണ്ണി മുകുന്ദൻ ഓർത്തെടുത്തു.

ജൂൺ 5-ന് തിയേറ്ററുകളിൽ

ഗൃഹാതുരത്വവും വിസ്മയക്കാഴ്ചകളും നിറഞ്ഞ ഈ ചിത്രം പഴയ ആരാധകരെ മാത്രമല്ല, ഇന്നത്തെ ‘ജെൻ സി’ (Gen Z) കുട്ടികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തുമെന്നുറപ്പാണ്. ഉണ്ണി മുകുന്ദന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ഹീ-മാന്റെ മാന്ത്രിക പ്രപഞ്ചം ബിഗ് സ്ക്രീനിൽ അനുഭവിച്ചറിയാൻ വരുന്ന ജൂൺ 5-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

By admin