ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ശാഖകൾ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് അടഞ്ഞുകിടക്കും. വാരാന്ത്യ അവധികൾ, ജീവനക്കാരുടെ പണിമുടക്ക്, ഉത്സവ ദിനങ്ങൾ എന്നിവയെ തുടർന്നാണ് മെയ് 23 മുതൽ മെയ് 27 വരെ ബാങ്ക് പ്രവർത്തിക്കാത്തത്. അതിനാൽ ബാങ്കിലെത്തി നേരിട്ട് ചെയ്യേണ്ട അത്യാവശ്യ ഇടപാടുകൾ ഉപഭോക്താക്കൾ നേരത്തെ തന്നെ ചെയ്തു തീർക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അവധിയുടെ വിശദാംശങ്ങൾ:
- മെയ് 23: നാലാം ശനിയാഴ്ച
- മെയ് 24: ഞായറാഴ്ച (പൊതു അവധി)
- മെയ് 25, 26: എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ ആഹ്വാനം ചെയ്ത പണിമുടക്ക്
- മെയ് 27: ബക്രീദ് അവധി (ചിലയിടങ്ങളിൽ മെയ് 28 നാണ് ബക്രീദ് എന്നതിനാൽ അവിടെ തുടർച്ചയായി ആറ് ദിവസം ബാങ്ക് അവധിയായിരിക്കും).
ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ടതില്ല. ഓൺലൈൻ ബാങ്കിങ്, യുപിഐ (UPI) സേവനങ്ങൾ, എടിഎം എന്നിവയ്ക്ക് യാതൊരു തടസ്സവുമുണ്ടാകില്ലെന്നും ഇവ പതിവുപോലെ പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, എസ്ബിഐയുടെ 2026 ജനുവരി – മാർച്ച് ത്രൈമാസ കാലയളവിലെ പ്രവർത്തനഫലങ്ങളും പുറത്തുവന്നു. മികച്ച ലാഭമാണ് ബാങ്ക് സ്വന്തമാക്കിയത്. മാർച്ച് പാദത്തിൽ 19,684 കോടി രൂപ ലാഭവും 44,380 കോടി രൂപ വരുമാനവും എസ്ബിഐ നേടിയിട്ടുണ്ട്. കൂടാതെ നിക്ഷേപകർക്ക് ഓഹരിയൊന്നിന് 17.35 രൂപ വീതം ലാഭവിഹിതം (ഡിവിഡന്റ്) നൽകാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. അർഹരായ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് ജൂൺ 4-ന് ഈ ഡിവിഡന്റ് എത്തുന്നതായിരിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 80,032 കോടി രൂപയുടെ റെക്കോർഡ് ലാഭമാണ് എസ്ബിഐ നേടിയത്.

