മൈസൂരു: ഇതിഹാസ പിന്നണി ഗായിക എസ്. ജാനകിയുടെ ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കണിയാനഹുണ്ടിയിലെ ഫാംഹൗസിൽ സംസ്കരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാനകി (88) ശനിയാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരം, പോലീസ് സംഘം ഗൺ സല്യൂട്ട് നൽകി ആദരവർപ്പിച്ചു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ചെയ്തുവന്നിരുന്ന അന്ത്യകർമ്മങ്ങൾ, എല്ലാ ആചാരങ്ങളും പാലിച്ച് ജാനകിയുടെ കൊച്ചുമകൾ അപ്സര വൈദ്യുലയാണ് നിർവ്വഹിച്ചത്. വൈദിക മന്ത്രോച്ചാരണങ്ങൾക്കിടയിൽ ചിതയ്ക്ക് തീ കൊളുത്തിയ അപ്സര, മൺകുടവുമേന്തി ചിതയ്ക്ക് ചുറ്റും വലംവെച്ച് ചടങ്ങുകൾ പൂർത്തിയാക്കി. ഈ വർഷം ജനുവരി 22-ന് അന്തരിച്ച ജാനകിയുടെ മകൻ മുരളി കൃഷ്ണയുടെ മകളാണ് അപ്സര.
സംസ്കാര ചടങ്ങുകൾക്കായി കണിയാനഹുണ്ടിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ്, പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ഭൗതികശരീരം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചിരുന്നു. കന്നഡ, ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ നിരവധി നടീനടന്മാരും പിന്നണി ഗായകരും ആയിരക്കണക്കിന് ആരാധകരും പ്രിയ ഗായികയ്ക്ക് അവസാനമായി ആദരവർപ്പിച്ചു. കർണാടക സർക്കാരിനെ പ്രതിനിധീകരിച്ച് മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
എസ്. ജാനകിയുടെ വിയോഗത്തിൽ ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംഗീത പ്രതിഭകളിൽ ഒരാളായിരുന്നു ജാനകിയെന്നും, അവരുടെ സംഗീത പാരമ്പര്യം വരുംതലമുറയ്ക്കായി നിലനിർത്താനുള്ള വഴികൾ സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




