ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങി. എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ വൈകാരിക കുറിപ്പിലൂടെയാണ് താരം അറിയിച്ചത്. ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യൻ വനിതാ ടീമിനെ നയിച്ച ഏക ക്യാപ്റ്റനായ ഹർമൻപ്രീത്, ടീമിനായി താൻ നൽകിയ ത്യാഗങ്ങളെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും കുറിപ്പിൽ വ്യക്തമാക്കുന്നു.
ഹർമൻപ്രീത് കൗറിന്റെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ മലയാള പരിഭാഷ:
“എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഞാൻ ഇന്ന് പടിയിറങ്ങുകയാണ്.
എനിക്ക് ഇതൊട്ടും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. വർഷങ്ങളുടെ ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും ജീവിതകാലം മുഴുവൻ മനസ്സിൽ നിൽക്കുന്ന നിമിഷങ്ങളും നിറഞ്ഞതാണ് ഈ യാത്ര.
ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനുമായി എന്റെ കൈവശമുള്ളതെല്ലാം—എന്റെ രക്തം, വിയർപ്പ്, സമയം, പലപ്പോഴും എന്റെ സ്വന്തം പ്രകടനവും വ്യക്തിപരമായ ആഗ്രഹങ്ങളും വരെ ഞാൻ നൽകി. സ്വന്തം വളർച്ചയേക്കാളും വ്യക്തിഗത ലക്ഷ്യങ്ങളേക്കാളും ടീമിന് മുൻഗണന നൽകേണ്ടിവന്ന നിമിഷങ്ങളുണ്ടായിരുന്നു.
ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് പല കഠിനമായ തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട്. ആ തീരുമാനങ്ങൾ പലപ്പോഴും എല്ലാവരും മനസ്സിലാക്കണമെന്നില്ല, എളുപ്പമുള്ളവയായിരുന്നില്ല, ചിലപ്പോൾ എനിക്ക് വ്യക്തിപരമായ നഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഞാൻ എടുത്ത ഓരോ തീരുമാനത്തിനും പിന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ — ഈ ടീമിനെ മികച്ചതാക്കുക, ഒപ്പം മറ്റു കളിക്കാർക്ക് വളരാനും സ്വയം വിശ്വസിക്കാനും അവരുടെ ഏറ്റവും മികച്ച പതിപ്പുകളാകാനുമുള്ള അവസരം നൽകുക.
ഞാൻ എല്ലാ അവസ്ഥകളിലൂടെയും കടന്നുപോയിട്ടുണ്ട്.
ഏറ്റവും വലിയ തിരിച്ചടികളും നിരാശകളും വിമർശനങ്ങളും സംശയങ്ങളും, ഒന്നുമേ ശരിയാകാത്ത ദിവസങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതോടൊപ്പം തന്നെ വിജയത്തിന്റെ സന്തോഷവും ആഘോഷങ്ങളും രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലെ അഭിമാനവും, എല്ലാ ത്യാഗങ്ങൾക്കും അർത്ഥം നൽകിയ നിമിഷങ്ങളും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
നിറകണ്ണുകളോടെയാണെങ്കിലും, മനസ്സിൽ തികഞ്ഞ സമാധാനത്തോടെയാണ് ഞാൻ ഇന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. കാരണം എന്റെ ടീം ഇന്ന് സുരക്ഷിതമായ കരങ്ങളിലാണെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. കഴിവുള്ള, വ്യക്തമായ കാഴ്ചപ്പാടുള്ള, ശോഭനമായ ഭാവിയുള്ള ഒരു ടീമിന്റെ ഭാഗമാകാനും അവരെ കണ്ടുനിൽക്കാനും ഞാൻ ഏറെ ആഗ്രഹിക്കുന്നു.
എന്റെ കടമ ഞാൻ നിർവ്വഹിച്ചു കഴിഞ്ഞു എന്ന് എനിക്ക് തോന്നുന്നു.
എന്റെ കഴിവിന്റെ പരമാവധി ഞാൻ ഈ ടീമിന് നൽകി. അഭിമാനത്തോടെയാണ് ഞാൻ ഈ ഉത്തരവാദിത്തം ചുമലിലേറ്റിയത്, ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ നയിക്കാൻ കഴിഞ്ഞ മഹാഭാഗ്യത്തിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും.
ഇനി ഒരു പുതിയ അധ്യായത്തിലേക്ക് കടക്കാനുള്ള സമയമാണ്.
ക്യാപ്റ്റൻസി ഇന്ന് അവസാനിച്ചേക്കാം, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിനോടുള്ള എന്റെ സ്നേഹം ഒരിക്കലും അവസാനിക്കില്ല.
എല്ലാ സഹകളിക്കാർക്കും, കോച്ചുമാർക്കും, സപ്പോർട്ട് സ്റ്റാഫിനും, മാനേജ്‌മെന്റിനും, ബിസിസിഐക്കും, കുടുംബാംഗങ്ങൾക്കും, നല്ല സമയത്തും മോശം സമയത്തും ഒപ്പം നിന്ന ഓരോ ആരാധകനും എന്റെ നന്ദി.
രക്തം. വിയർപ്പ്. ത്യാഗം. അഭിമാനം.
കഴിവിന്റെ പരമാവധി ഞാൻ നൽകിക്കഴിഞ്ഞു.
ഇനി ഈ കളിയോടുള്ള കേവലമായ സ്നേഹത്തിന് വേണ്ടി മാത്രം വീണ്ടും ബാറ്റ് വീശാൻ ഞാൻ തയ്യാറാണ്.
നായകസ്ഥാനം അവസാനിക്കുന്നു. യാത്ര തുടരുന്നു. 🙏 വലിയ സ്നേഹത്തോടെ, ഹർമൻ.”

