HomeEntertainmentവിവാഹമോചന ഹർജി പിൻവലിച്ചതിന് പിന്നാലെ അനിരുദ്ധ്-കാവ്യ വിവാഹ സത്കാരത്തിൽ വെവ്വേറെ എത്തി വിജയും സംഗീതയും

വിവാഹമോചന ഹർജി പിൻവലിച്ചതിന് പിന്നാലെ അനിരുദ്ധ്-കാവ്യ വിവാഹ സത്കാരത്തിൽ വെവ്വേറെ എത്തി വിജയും സംഗീതയും

ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരന്റെയും വിവാഹ സത്കാര ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും ഭാര്യ സംഗീതയും വെവ്വേറെ പങ്കെടുത്തത് ശ്രദ്ധേയമായി. ശനിയാഴ്ച വൈകുന്നേരം ചെന്നൈ ഐടിസി ഗ്രാൻഡ് ചോളയിൽ നടന്ന വിരുന്നിലാണ് ഇരുവരും എത്തിയത്.

വിജയ്‌ക്കെതിരെ സംഗീത സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി 2026 ഓഗസ്റ്റിൽ പിൻവലിച്ചെങ്കിലും, ഇരുവരുടെയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ട്. ചടങ്ങിൽ ഇരുവരും വെവ്വേറെയാണ് എത്തിയതെങ്കിലും, സംഗീത നവദമ്പതികളെ നേരിട്ട് കണ്ട് ആശംസകൾ അറിയിച്ചു.

രാഷ്ട്രീയം, സിനിമ, വ്യവസായം, ക്രിക്കറ്റ് മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, സൂപ്പർസ്റ്റാർ രജനീകാന്ത്, മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കത്തുകൾ അയച്ചിരുന്നു. വിശ്വാസവും ഒത്തൊരുമയും നിറഞ്ഞ ദാമ്പത്യജീവിതം ആശംസിക്കുന്നതായി നവംബർ 5-ന് അയച്ച കത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. കാവ്യയുടെ മാതാപിതാക്കളായ സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും കാവേരി മാരനും ക്ഷണിച്ചതിനും അദ്ദേഹം നന്ദി പറഞ്ഞു. ഒക്ടോബർ 23-ന് കലാനിധി മാരനും കാവേരി മാരനും അയച്ച കത്തിലൂടെ സോണിയാ ഗാന്ധിയും കുടുംബത്തിനും നവദമ്പതികൾക്കും സന്തോഷവും ഐക്യവും നിറഞ്ഞ ജീവിതം ആശംസിച്ചു.

നവംബർ 11-ന് ഗ്രീസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹം. ഇതിന് പിന്നാലെ നവംബർ 21-ന് ചെന്നൈയിലാണ് വിപുലമായ വിവാഹ സത്കാരം സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular