HomeEntertainmentഅനൗദ്യോഗിക പ്രൊമോഷനുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നു; ആരാധകരോട് അഭ്യർത്ഥനയുമായി 'അതിമനോഹരം' സംവിധായകൻ തരുൺ മൂർത്തി

അനൗദ്യോഗിക പ്രൊമോഷനുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നു; ആരാധകരോട് അഭ്യർത്ഥനയുമായി ‘അതിമനോഹരം’ സംവിധായകൻ തരുൺ മൂർത്തി

കൊച്ചി: മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അതിമനോഹര’ത്തിന്റെ പേരിൽ നടക്കുന്ന അനൗദ്യോഗിക പ്രൊമോഷനുകൾക്കെതിരെ പ്രതികരണവുമായി സംവിധായകൻ രംഗത്ത്. അണിയറപ്രവർത്തകരുടെ അറിവോ സമ്മതമോ ഇല്ലാതെ, നിർമ്മാണക്കമ്പനിയുടെ ലോഗോയും സംവിധായകന്റെ പേരും ഉപയോഗിച്ച് ഫാൻ-മെയ്ഡ് സ്റ്റാൻഡികളും മറ്റും സ്ഥാപിക്കുന്നത് പ്രേക്ഷകർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചു.

ഒരു സൃഷ്ടാവ് എന്ന നിലയിൽ ഇത്തരം പ്രവണതകൾ തെറ്റിദ്ധാരണകൾക്ക് വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ സ്വഭാവത്തിനും മൂഡിനും അനുസൃതമായ രീതിയിൽ കൃത്യമായ ഇടവേളകളിൽ പ്രൊമോഷൻ വിവരങ്ങൾ പുറത്തുവിടാൻ തന്റെ ക്രിയേറ്റീവ് ടീമും നിർമ്മാണക്കമ്പനിയും ലാലേട്ടന്റെ യഥാർത്ഥ ആരാധകരും ഒത്തുചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

“വളരെയധികം സമ്മർദ്ദത്തോടെയും ആശങ്കയോടെയുമാണ് ഞാൻ ഇത് വീണ്ടും ആവർത്തിക്കുന്നത്. ഞങ്ങൾ വിഭാവനം ചെയ്ത രീതിയിൽ തന്നെ പ്രേക്ഷകർ ഈ സിനിമ അനുഭവിച്ചറിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പോലീസ് ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലവും കുടുംബബന്ധങ്ങളും ഒരുപോലെ ഇഴചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ‘അതിമനോഹരം’,” തരുൺ മൂർത്തി കുറിപ്പിൽ വ്യക്തമാക്കി.

അണിയറപ്രവർത്തകർ ആസൂത്രണം ചെയ്ത രീതിയിൽ തന്നെ സിനിമയുടെ പ്രൊമോഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്നും, പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകാനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular