തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) ജോയിന്റ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യവും പൈതൃകമൂല്യവും കണക്കിലെടുത്ത്, ക്ഷേത്രസംരക്ഷണത്തിനും തുടർനടപടികൾക്കുമുള്ള സാധ്യതകൾ അദ്ദേഹം ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തു.
സന്ദർശനത്തിന് പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്.പി.എസ് കിംഗ്സ്വേ ഹോട്ടലിൽ പ്രത്യേക അവലോകന യോഗവും ചേർന്നു. ക്ഷേത്രത്തിന്റെ സംരക്ഷണം, കൃത്യമായ പരിപാലനം, ഭാവിയിൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്നിവ യോഗത്തിൽ പ്രധാന വിഷയങ്ങളായി.
ഇതിന്റെ തുടർച്ചയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്തൻകോട്ടുള്ള ആസ്ഥാന ഓഫീസിൽ വെച്ച് തുടർ അവലോകന യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ്, എ.എസ്.ഐ ഉദ്യോഗസ്ഥർ, ക്ഷേത്ര ഭരണസമിതി പ്രതിനിധികൾ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കും.
നമ്മുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിച്ച് വരുംതലമുറകൾക്ക് കൈമാറുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.


