തിരുവനന്തപുരം/കണ്ണൂർ: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മിന്നൽ റെയ്ഡ് നടത്തുന്നു. വിവാദമായ എക്‌സാലോജിക് – സി.എം.ആർ.എൽ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. കേരളത്തിലും കർണാടകത്തിലുമായി സിഎംആർഎല്ലുമായി ബന്ധമുള്ള 12 ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി സംഘം പരിശോധന നടത്തുന്നത്.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. പരിശോധനാ സമയത്ത് പിണറായി വിജയനും മകൾ വീണ വിജയനും അടക്കമുള്ള കുടുംബാംഗങ്ങൾ ഇവിടെയുണ്ടെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് ഉദ്യോഗസ്ഥർ വീട്ടിൽ പ്രവേശിച്ചിരിക്കുന്നത്.
കണ്ണൂരിലെ പിണറായിയിലുള്ള വീടും ഇഡി സംഘം വളഞ്ഞിട്ടുണ്ട്. നിലവിൽ ഈ വീട് പൂട്ടിയിട്ട നിലയിലായതിനാൽ ഉദ്യോഗസ്ഥർ പുറത്തുതന്നെ തുടരുകയാണ്.
മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്.
ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്, കമ്പനിയുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ വസതികൾ എന്നിവടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.
എക്‌സാലോജിക്-സി.എം.ആർ.എൽ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ.) ഇ.ഡി രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളും സമൻസുകളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അതീവ രഹസ്യമായി ഇഡി ഈ മിന്നൽ പരിശോധനയിലേക്ക് കടന്നത്. ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുക്കാനാണ് ഇഡി സംഘം എത്തിയിരിക്കുന്നത് എന്നാണ് വിവരം.
പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ ‘എക്‌സലോജിക് സൊല്യൂഷൻസിന്’ കരിമണൽ കമ്പനിയായ സിഎംആർഎൽ യാതൊരുവിധ സേവനങ്ങളും ലഭ്യമാക്കാതെ മാസപ്പടിയായി വൻതുക നിയമവിരുദ്ധമായി നൽകിയെന്നാണ് പ്രധാന കണ്ടെത്തൽ. കൈക്കൂലി, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

