ജസ്ന തിരോധാന കേസ് ഇനി സിബിഐ അന്വേഷിക്കും

കൊച്ചി: ജസ്ന തിരോധാന കേസ് ഇനി സിബിഐ അന്വേഷിക്കും. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ സിബിഐ അറിയിച്ചു. ഇതോടെ കോടതി കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. കേസ് ഡയറി കൈമാറേണ്ടത് . സി ബി ഐ തിരുവനന്തപുരം യൂണിറ്റിനാണ്.

സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം നല്‍കണമെന്നും സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു.എന്തോ ഗുരുതരമായി ജസ്നയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ കോടതിയില്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന ബന്ധം ജസ്നയുടെ തിരോധാനത്തിന് ഉണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍ പറഞ്ഞു.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ജസ്നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ്. 2018 മാര്‍ച്ച് 22 നാണ് കോളേജിലേക്ക് പോയ ജസ്നയെ കാണാതാകുന്നത്. ജസ്നയുടെ തിരോധാനം അന്വേഷിച്ചത് പത്തനംതിട്ട മുന്‍ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ ജി സൈമണ്‍ ആയിരുന്നു. . ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരില്‍ ജസ്നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

English Summary : CBI to probe Jasna’s disappearance