ഏറ്റവും വലിയ “ഏടാകൂടം” കൊല്ലത്ത്

കൊല്ലത്ത് ലോകത്തെ ഏറ്റവും വലിയ ഏടാകൂടം തയ്യാറായി കഴിഞ്ഞു. കൊല്ലം റാവീസ് ഹോട്ടലില്‍ ആണ് വിസ്മയിപ്പിക്കുന്ന ഈ ഏടാകൂടം ഉള്ളത്.

ഏടാകൂടം എന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്നമ്പരക്കും എന്നാല്‍ ബുദ്ധി അളക്കുന്ന ഉപകരണമാണെന്ന് തിരിച്ചറിയുമ്പോ‍ഴാണ് ഡെവിള്‍നോട്ട് എന്ന കളിക്കോപ്പ് സുഹൃത്താണെന്ന് മനസ്സിലാവുന്നത്.

ഏറ്റവും വലിയ ഇസല്‍ ചിത്രം വരച്ച് ഗിന്നസ് ബുക്കില്‍ ഇടംപ്പിടിച്ച ചിത്രകാരനും സിനിമ കലാസംവിധയകനുമായ രാജശേഖരന്‍ പരമെശ്വരന്‍ എന്ന മാര്‍ത്താണ്ഡo രാജശേഖരന്‍ ആണ് ഈ ഭീമന്‍ ഏടാകൂടത്തിന്റെ ശില്പി. ഗിന്നസ്സ് റിക്കാർഡ് ലക്ഷ്യമിട്ടാണ് കൊല്ലം റാവീസ് ഹോട്ടല്‍ ഗ്രൂപ്പ് ഏടാകൂടം സ്ഥാപിച്ചിരിക്കുന്നത്.

 ബുദ്ധിപരമായവ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ഒരു തരം ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. നല്ല ബുദ്ധിയും ആവശ്യമുള്ള ഈ കൂട്ടിച്ചേർക്കൽ സാധിച്ചില്ലെങ്കിൽ വലിയ അപമാനവും ഉണ്ടാകും. കേരളത്തിലെ പഴയ തലമുറയിലെ ആശാരിമാരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണു് ഏടാകൂടങ്ങൾ. ഏടാകൂടം എന്നാൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം എന്നാണർഥം. ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഏടാകൂടം തടിയില്‍ തീർത്ത കളിക്കോപ്പാണ് ക്യൂബ് കളി പോലെ ഒന്ന്. ഇത് ഒരിക്കൽ അഴിച്ചിട്ടാൽ വീണ്ടും കൂട്ടിച്ചേർക്കുക പ്രയാസം. അതുകൊണ്ടാണ് ഏടാകൂടം എന്ന പേരു വന്നതും.

സ്വിറ്റ്സർലണ്ടിലെ വൽച്ചാവയിലെ ഫോഫാ കോൺറാഡ് എന്ന സ്ഥാപനത്തിലാണ് നിലവിലെ ഏറ്റവും വലിയ ഏടാകൂടം.19 അടി എട്ടിഞ്ച് ഉയരവും ഒരടി മൂന്നിഞ്ചു വീതിയുമാണ് അതിനുള്ളത് 24 അടി ഉയരവും രണ്ടടി വീതിയിലും കൊല്ലത്ത് സ്ഥാപിച്ച് ആ റിക്കോർഡ് തകർക്കാനാണ് രാജശേഖരന്റെ ശ്രമം. ഗിന്നസ് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നു രാജശേഖരന്‍ പറഞ്ഞു.

ഏറ്റവും വലിയ ഏടാകൂടം റാവിസിൽ വരുന്നതോടെ ആർപി ഗ്രൂപ്പിന് ഇത് രണ്ടാം ഗിന്നസ് റിക്കാർഡ് നേട്ടമാവും. ലോകത്ത് ഏറ്റവും വലിയ കോൺക്രീറ്റിങ്ങിനുള്ള ഗിന്നസ് റിക്കാർഡ് ഡോ.ബി.രവിപിള്ള ചെയർമാനായ ആർപി ഗ്രൂപ്പിന്റെ ഏഷ്യ കോൺട്രാക്ടിങ് കമ്പനി സ്വന്തമാക്കിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ ഗിന്നസ് റിക്കാർഡിൽ ഇടംപിടിക്കുന്ന ഒരു വിസ്മയം കൊല്ലത്തു തന്നെ വരണം എന്നാഗ്രഹിക്കുന്നതിനാലാണ് ഏടാകൂടം നിർമാണത്തിന് പൂർണ പിന്തുണ നൽകി പ്രോത്സാഹിപ്പിച്ചതെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവിപിള്ള പറഞ്ഞു.

 

ചിത്രം : കടപ്പാട് മനോരമ

admin:
Related Post