ശനി. ആഗ 6th, 2022

സൂര്യ  ചിത്രം “എൻ.ജി.കെ” മെയ് 3 1 നു ലോകമെമ്പാടും  പ്രദർശനത്തിനെത്തുന്നു . പ്രഗത്ഭ സംവിധായകൻ സെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തെ സൂര്യയുടെ ആരാധകർ മാത്രമല്ല തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . സായ് പല്ലവി , രകുൽ പ്രീത് സിംഗ് എന്നിവരാണ്  ചിത്രത്തിൽ സൂര്യയുടെ നായികമാർ. ദേവരാജ്, പൊൻവണ്ണൻ, ഇളവരസ് , വേലാ രാമമൂർത്തി  തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങൾക്കായി  അണിനിരക്കുന്ന  “എൻ.ജി.കെ” ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ്. നന്ദ ഗോപാൽ കുമരൻ അഥവാ എൻ ജി കെ എന്ന രാഷ്ട്രീയപ്രവർത്തകനാണ് ചിത്രത്തിൽ സൂര്യ.

ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും  മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടും സമ്പുഷ്ടമായ ‘എൻ ജി കെ” വർത്തമാനകാല രാഷ്ട്രീയത്തെ ശുദ്ധീകരിക്കാൻ  പ്രേരണ നൽകുന്ന സിനിമ കൂടിയത്രേ .സമൂഹത്തിലേയും  രാഷ്ട്രീയത്തിലേയും തിന്മകൾക്കെതിരെ പ്രതികരിക്കാനാവാതെ നമ്മുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന വ്യക്തിത്വം  നന്ദ ഗോപാലൻ കുമാരനിലൂടെ സട കുടഞ്ഞെഴുനേറ്റു പ്രതികരിക്കയാണ് .  സെൽവരാഘവൻ ആദ്യമായി സംവിധാനം ചെയ്ത ‘കാതൽ കൊണ്ടേൻ’ എന്ന സിനിമ കണ്ടിട്ട് അദ്ദേഹത്തിൻ്റെ  ആരാധകനായി മാറിയ സൂര്യയുടെ അക്കാലം മുതലുള്ള ആഗ്രഹമായിരുന്നുവത്രെ ഒരു സെൽവ രാഘവൻ സിനിമയിൽ അഭിനയിക്കണമെന്നത് .സെൽവ രാഘവൻ സൂര്യയോട് മൂന്ന് കഥകൾ പറഞ്ഞു അതിൽ “എൻ.ജി.കെ” സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ളതു പ്രമേയമായതു കൊണ്ട്  ആദ്യം  ഈ സിനിമ  ചെയ്യാൻ സൂര്യ  പച്ചക്കൊടി കാണിക്കയായിരുന്നു .

ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവുമാണ് “എൻ.ജി.കെ” നിർമ്മിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം.ശിവകുമാർ വിജയൻ ഛായാഗ്രഹണവും ,അനൽ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു . ചിത്രത്തിന്റെ ട്രെയിലർ  9 മില്യൻ കാഴ്ചക്കാരെ താണ്ടി ട്രെൻഡിങ്ങിലാണെന്നതും ശ്രദ്ധേയമാണ് .കാണികളെ ആകർഷിക്കുന്ന, ആബാലവൃദ്ധം  പ്രേക്ഷകരും  ഇഷ്ടപ്പെടുന്ന ഒരു മാസ്സ് ആക്ഷൻ എന്റർടൈനറായിട്ടാണ് “എൻ ജി കെ” യെ ദൃശ്യവൽക്കരിച്ചിരിക്കുന്നതെന്ന്  അണിയറശില്പികൾ അവകാശപ്പെടുന്നു.മാസ്സ് ആക്ഷൻ എന്റർടൈനറായ ” എൻ ജി കെ ” യെ സ്‌ട്രെയിറ്റ്‌ ലൈൻ സിനിമാസും, എൻജോയ് മൂവീസും ചേർന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു           
 

# സി .കെ .അജയ് കുമാർ , പി ആർ ഓ 

By admin