Home Blog Page 29

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “വീരനാഗ” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് വർമ്മ വരികൾ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ദീപക് ബ്ലൂ ആണ്. ജുനൈദ് കുമാർ – ആഭേ ടീം ആണ് ഗാനത്തിന് ഈണം പകർന്നത്. ഭഗവാൻ ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന, അവരെ ആഘോഷിക്കുന്ന ഗാനമായാണ് വീര നാഗ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് ലിറിക്കൽ വീഡിയോ സൂചിപ്പിക്കുന്നു. ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ഗാനത്തിന്റെ മേക്കിങ് ദൃശ്യങ്ങളും ലിറിക്കൽ വീഡിയോയുടെ ഭാഗമായി പുലർത്തു വിട്ടിട്ടുണ്ട്. നാഗസാധു താണ്ഡവം എന്ന രീതിയിലാണ് വീരനാഗ ഗാനം ഒരുക്കിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും വിഎഫ്എക്സുമാണ് ഗാനത്തിന്റെ ഹൈലൈറ്റ് ആയി നിൽക്കുന്നത്. നായകൻ വിരാട് കർണ്ണയുടെ ശിവ താണ്ഡവ നൃത്തവും ഗാനത്തിന്റെ ആകർഷണമാണ്. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, ഗംഭീര വിഎഫ്എക്സും ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്ന് നേരത്തെ പുറത്തു വന്ന ട്രെയ്‌ലർ കാണിച്ചു തന്നിരുന്നു. ട്രെയ്‌ലർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്. മെഗാ കാൻവാസിൽ വലിയ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും കോർത്തിണക്കി, ബ്രഹ്മാണ്ഡ നിർമ്മാണ സ്കെയിലിൽ, ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും ഉൾപ്പെടുന്ന കഥയുമായി, ആഗോള സിനിമാറ്റിക് അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ – ശബരി

തമിഴ് സിനിമയിലെ ‘തിരക്കഥാ മന്നൻ’ കെ. ഭാഗ്യരാജ് അന്തരിച്ചു

0

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ തിരക്കഥാശൈലിയെയും ഹാസ്യരംഗങ്ങളെയും പുനർനിർവചിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

1953 ജനുവരി 7-ന് ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയത്തിനടുത്തുള്ള വെള്ളങ്കോവിലിലാണ് കൃഷ്ണസാമി ഭാഗ്യരാജ് എന്ന കെ. ഭാഗ്യരാജ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. തുടർന്ന് 1979-ൽ പുറത്തിറങ്ങിയ ‘ചുവരില്ലാത്ത ചിത്രങ്ങൾ’ (Suvarillatha Chithirangal) എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് സംവിധായകൻ, നടൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിൽ തമിഴ് സിനിമയിൽ അദ്ദേഹം വൻ വിജയം നേടി. ഹാസ്യം, കുടുംബബന്ധങ്ങൾ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ മനോഹരമായി കോർത്തിണക്കിയാണ് അദ്ദേഹം തന്റെ ചിത്രങ്ങൾ ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്റെ തിരക്കഥകളിലെ അപ്രതീക്ഷിത തിരിവുകളും സ്വാഭാവികമായ സംഭാഷണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

മികച്ച തിരക്കഥാകൃത്തായും സംഭാഷണ രചയിതാവായും ഏറെ പ്രശംസിക്കപ്പെട്ട അദ്ദേഹം നിരവധി ഫിലിംഫെയർ അവാർഡുകളും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. തനതായ ശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒരു പ്രധാന ചലച്ചിത്ര വ്യക്തിത്വമാണ് കെ. ഭാഗ്യരാജിന്റെ വിയോഗത്തോടെ ഇല്ലാതാകുന്നത്. ചലച്ചിത്ര ലോകത്തെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

0

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ ആയ തമൻ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം ഔദ്യോഗികമായി തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തിൽ നിന്നുള്ള ഈ വമ്പൻ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയതും താരമൂല്യമുള്ളതുമായ തമനെ പോലെയൊരു സംഗീതപ്രതിഭയെ, ഒറ്റക്കൊമ്പനിലൂടെ മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറെ അഭിമാനം നൽകുന്ന കാര്യമാണെന്ന് ചിത്രത്തിൻ്റെ എക്സ്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.

ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. സുരേഷ് ഗോപിയെ മാസ്സ് അവതാരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് പോസ്റ്റർ വെളിപ്പെടുത്തുന്നു. ഇത് കൂടാതെ, ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അടക്കമുള്ളവ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ആണ് “ഒറ്റക്കൊമ്പൻ” ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.

ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം ഈ വർഷം തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും.

സുരേഷ് ഗോപി എന്ന നടനിൽ നിന്നും താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാവിധ മാസ്സ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “ഒറ്റക്കൊമ്പൻ” കൂടാതെ ജയസൂര്യ നായകനായ “കത്തനാർ”, എസ് ജെ സൂര്യ നായകനായ “കില്ലർ”, മോഹൻലാൽ നായകനായ “L367” എന്നിവയാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു വമ്പൻ ചിത്രങ്ങൾ. ഇത് കൂടാതെ പ്രകമ്പനം സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവും ശ്രീ ഗോകുലം മൂവീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – തമൻ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, ആക്ഷൻ – കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം – സാൻഡി, സൗണ്ട് ഡിസൈൻ – എം ആർ രാജാകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, ജിത്തു ഫ്രാൻസിസ്, ഡിസൈൻ – യെല്ലോ ടൂത്ത്സ്, പിആർഒ – വാഴൂർ ജോസ്, ശബരി

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

0

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുന്ന ചിത്രം, പ്രേക്ഷകരുടെ മനസ് നിറക്കുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്.

കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ ആണ് ചിത്രം രണ്ടാം വാരത്തിലും പ്രദർശിപ്പിക്കുന്നത്. ആദ്യ ആഴ്ചയിൽ ലഭിച്ചതിലും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് രണ്ടാം വാരത്തിൽ ലഭിക്കുന്നത്. കേരളത്തിനൊപ്പം ചിത്രം ഗൾഫിലും പ്രദർശനം ആരംഭിച്ചിട്ടുണ്ട്. മധുബാല, ഇന്ദ്രൻസ് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഈ ഫീൽ ഗുഡ് ഡ്രാമ രചിച്ചതും സംവിധായിക വർഷ വാസുദേവ് തന്നെയാണ്.

പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ഈ സിനിമ ഒരേ സമയം മനസ്സിൽ തൊടുന്നതും, വിനോദം പകർന്ന് കൊണ്ട് തന്നെ പ്രേക്ഷകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ മാസ്റ്റർ ആയി ഇന്ദ്രൻസ് എത്തുമ്പോൾ, ലീല എന്ന നായികാ കഥാപാത്രമായാണ് മധുബാല അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തിയിരിക്കുകയാണ്. ഇന്ദ്രൻസ് സമീപകാലത്തെ തൻ്റെ അമ്പരപ്പിക്കുന്ന പ്രകടങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ശീലം, ഈ ചിത്രത്തിലൂടെയും തുടരുകയാണ്. അത്ര അനായാസമായാണ് അദ്ദേഹം മാധവൻ മാസ്റ്റർ ആയി വെള്ളിത്തിരയിൽ പകർന്നാടിയത്. മധുബാലയും ഇന്ദ്രൻസും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ഒരിക്കൽ കൂടി ഒരു മികച്ച ചിത്രം തീയേറ്ററുകളിൽ എത്തിച്ച ദുൽഖർ സൽമാൻ്റെ വേഫെയർ ഫിലിംസും അഭിനന്ദനം അർഹിക്കുന്നു.

അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരാകർഷണം. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം മികച്ച മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

അമ്മ-മകൻ സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും കഥയുമായി ‘മുത്തശ്ശി’; ജൂലൈ 3 മുതൽ സീ5 മലയാളത്തിൽ

0

ഇന്ത്യയിലെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5, പുതിയ മലയാളം ഒറിജിനൽ സീരീസായ ‘മുത്തശ്ശി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.സിംഗിൾ ടേക്ക് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ‘മുത്തശ്ശി’യുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നന്ദുലാൽ എം.എസ് ആണ്.

അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ, കെ പി എ സി ലീല,ഓർഹാൻ ഹൈദർ, രാജേഷ് ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മുത്തശ്ശി’ ജൂലൈ 3, മുതൽ സീ5 മലയാളത്തിൽ എക്സ്ക്ലൂസീവായി പ്രദർശനത്തിനെത്തും.

കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള ഒരു തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന കഥ, പുരാതന ദുഷ്ടശക്തിയുടെ ശാപത്തിൽ നിന്ന് മകനെ രക്ഷിക്കാനായി ഒരു അമ്മ നടത്തുന്ന ജീവന്മരണ പോരാട്ടമാണ് സീരീസ് ദൃശ്യവൽക്കരിക്കുന്നത്.മിത്തോളജിക്കൽ ഹൊറർ ഡ്രാമയായാണ് ഈ സീരീസ് പ്രേക്ഷകരിലേക്ക് സംവിധായകൻ അവതരിപ്പിക്കുന്നത്.താൻ ജീവനതുല്യം സ്നേഹിക്കുന്ന മകനെ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കുള്ള ഒരമ്മയുടെ പോരാട്ടമാണ് മുത്തശ്ശി.

കേരള-കർണാടക അതിർത്തിയിലെ സമ്പന്നമായ നാടോടിക്കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘മുത്തശ്ശി’ ഒരുക്കിയിരിക്കുന്നത്.വെറുമൊരു ഹൊറർ എന്നതിനപ്പുറം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് മുത്തശ്ശി എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ഒരു സൂപ്പർനാച്ചുറൽ ത്രില്ലറിന്റെ എല്ലാ ഘടകങ്ങളും ഈ സീരീസിനുണ്ടെങ്കിലും, അതിന്റെ ഹൃദയം എന്നത് സങ്കൽപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങളെ നേരിടുന്ന ഒരു അമ്മയുടെ കഥയാണ്.മനസ്സിൽ നിന്ന് വിട്ടുപോകാത്ത ഒരു ഭയപ്പെടുത്തുന്ന കാഴ്ചാനുഭവം ‘മുത്തശ്ശി’ നിങ്ങൾക്ക് സമ്മാനിക്കുമെന്ന് സംവിധായകൻ നന്ദുലാൽ കൂട്ടിച്ചേർത്തു.

‘മുത്തശ്ശി’ ജൂലൈ 3, മുതൽ സീ5 മലയാളത്തിൽ സ്ട്രീമിങ് ആരംഭിക്കും.

സോഫി ടൈറ്റസിന്റെ ‘ലേഡി വിത്ത് ദ വിങ്സ്’ – ജൂൺ 26-ന് റിലീസ് ചെയ്യും

0

സമൂഹത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ യാഥാർഥ്യ സംഭവങ്ങളും സാമൂഹിക വിഷയങ്ങളും പ്രമേയമാക്കി സോഫി ടൈറ്റസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലേഡി വിത്ത് ദ വിങ്സ്’ ജൂൺ 26-ന് കേരളത്തിൽ റിലീസ് ചെയ്യും.സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അതിനെ അതിജീവിക്കാനുള്ള അവരുടെ ആത്മവിശ്വാസവും ശക്തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംവിധായികയായ സോഫി ടൈറ്റസ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, തിരക്കഥ, നിർമാണം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി നിരവധി പ്രധാന ചുമതലകളും സോഫി ടൈറ്റസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത് എന്നതാണ്.നിർമാണ ഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് മികച്ച സാങ്കേതിക മികവോടെയും നിലവാരത്തോടെയുമാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.

സ്ത്രീശാക്തീകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം പകരുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവതലമുറയെയും ഒരുപോലെ ആകർഷിക്കുമെന്ന്‌ ഉറപ്പാണ്.ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്നതിനൊപ്പം, സിനിമ എന്ന വലിയ സ്വപ്നത്തിന് പിന്നിൽ ഒറ്റയാൾ പോരാട്ടം നയിച്ച ഒരു സംവിധായികയുടെ കഠിനാധ്വാനം കൂടിയാണ് ‘ലേഡി വിത്ത് ദ വിങ്സ്’. ജൂൺ 26 മുതൽ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ ലേഡി വിത്ത് ദ വിങ്സ്’ കാണാം

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

0

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്.

അടുത്തിടെ, പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥക്ക് ഉള്ള പുരസ്‌കാരം ചിത്രത്തെ തേടിയെത്തിയിരുന്നു. വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമായാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ആഴമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ കഥ പറയുന്നതിനൊപ്പം, പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവം നൽകുന്ന രീതിയിലാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.

ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

0

തീയേറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കി രൺവീർ സിങ് നായകനായ ധുരന്ധർ പ്രതികാരം. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം, ആ പദവി വീണ്ടും ഉറപ്പിച്ചു കൊണ്ടാണ് ശ്രദ്ധേയമായ ഈ നാഴികക്കല്ല് പിന്നിട്ടത്.

ആകർഷകമായ കഥപറച്ചിൽ, വമ്പൻ ആക്ഷൻ രംഗങ്ങൾ, ശക്തമായ പ്രകടനങ്ങൾ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും ആഗോള തലത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുകയാണ്.

രണ്ട് പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ (ജിയോഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്) ലഭ്യമായിട്ടും, ധുരന്ധർ പ്രതികാരത്തിൻ്റെ 100 ദിവസത്തെ തിയേറ്റർ പ്രദർശനത്തെ കൂടുതൽ അസാധാരണമാക്കുന്നത്, ചിത്രം പ്രേക്ഷകരെ ഇപ്പോഴും തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നത് തുടരുന്നു എന്നതാണ്.

ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച, ആദിത്യ ധറും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്ന് നിർമ്മിച്ച ധുരന്ധർ പ്രതികാരം, മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ലാണ് ഇതോടെ പൂർത്തിയാക്കിയത്. ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുകയും ബി62 സ്റ്റുഡിയോസ് നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം 2026 മാർച്ച് 19 ന് ആണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. അതിനുശേഷം ഹിന്ദി സിനിമയിലെ ഏറ്റവും വലിയ തിയേറ്റർ വിജയങ്ങളിൽ ഒന്നായി ചിത്രം മാറുകയും ചെയ്തു. പിആർഒ – ശബരി

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി,സുധാകർ മിക്കിളിനേനി

0

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയും സൂപ്പർഹിറ്റ് സംവിധായകൻ കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. NBK 112 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, എസ്എൽവി സിനിമാസിൻ്റെയും യുവസുധ ആർട്‌സിൻ്റെയും ബാനറിൽ നിർമ്മാതാക്കളായ സുധാകർ ചെറുകുരിയും സുധാകർ മിക്കിളിനേനിയും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ഇന്ന് അമരാവതിയിൽ നടന്ന പരമ്പരാഗത പൂജാ ചടങ്ങുകളോടെ ഗംഭീരമായി ലോഞ്ച് ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ ആന്ധ്രാപ്രദേശ് മന്ത്രിമാരായ നരാ ലോകേഷ്, കണ്ടൂല ദുർഗേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരായ സുരേഷ് ബാബു, ഗോപിചന്ദ് മാലിനേനി, വെങ്കട സതീഷ് കിലാരു, സാഹു ഗരപതി എന്നിവരും ചടങ്ങിൽ എത്തിച്ചേരുകയും, തിരക്കഥ നിർമ്മാതാക്കൾക്ക് കൈമാറുകയും ചെയ്തു. കണ്ഡുല ദുർഗേഷ് ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ, നര ലോകേഷ് ക്ലാപ്പ് ബോർഡ് നൽകി. ബാലകൃഷ്ണയുടെ മകൾ നന്ദമുരി തേജസ്വിനിയും ചടങ്ങിൽ സന്നിഹിതയായിരുന്നു. തേജസ്വിനി ആണ് ചടങ്ങിലെ ആദ്യ ഷോട്ട് സംവിധാനം ചെയ്തത്.

ഈ പ്രത്യേക അവസരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് തൻ്റെ ഭാര്യാ പിതാവ് കൂടിയായ ബാലകൃഷ്ണയോട് നന്ദി അറിയിച്ച നര ലോകേഷ്, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ, ജനങ്ങളുടെ തലസ്ഥാനമായ അമരാവതിയിൽ ചലച്ചിത്ര വ്യവസായത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുക എന്ന ഒരു ദർശനത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നും പറഞ്ഞു. സിനിമയ്‌ക്കൊപ്പം, സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നതും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദർശനമാണ്. ഇത് കൈവരിക്കുന്നതിന്, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, നൂതന ഫിനിഷിംഗ് സ്റ്റുഡിയോകൾ, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും വ്യവസായത്തിന് സുസ്ഥിരമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ നിമിഷം, നിർമ്മാതാക്കൾക്കും സംവിധായകനും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നു എന്നും, ഈ ലോഞ്ച് ഇവന്റ് ഇവിടെ നടക്കുന്നത് തങ്ങളുടെ നേട്ടമായി കരുതുന്നു എന്നും അദ്ദേഹം പറയുന്നു. ഇത് ഒരു സിനിമയെക്കുറിച്ചല്ല എന്നും, അമരാവതി ഒരു പുണ്യഭൂമിയാണ്, ഭാവിയിൽ കൂടുതൽ സിനിമകൾ ഇവിടെ നിന്ന് യാത്ര ആരംഭിക്കുമെന്ന് താൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അവസരത്തിൽ പങ്കെടുത്തതിന് ബഹുമാനപ്പെട്ട മന്ത്രിമാരായ നര ലോകേഷ് ഗാരു കണ്ട്ല ദുർഗേഷ് എന്നിവർക്ക് ആത്മാർത്ഥമായ നന്ദി പറഞ്ഞ കൊരട്ടാല ശിവ, എഴുത്തുകാരനും സംവിധായകനും ആകുന്നതിന് മുമ്പ്, ബാലകൃഷ്ണ അഭിനയിച്ച സിനിമകളിൽ അസിസ്റ്റന്റ് എഴുത്തുകാരനായും സംവിധായകനായും പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചു എന്നതും ഓർത്തെടുത്തു. താൻ എപ്പോഴും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് എന്നും, ബാലകൃഷ്ണയ്ക്കുവേണ്ടി ഒരു സിനിമ എഴുതാനും സംവിധാനം ചെയ്യാനും അവസരം ലഭിക്കുന്നത് വലിയ അനുഗ്രഹമായി താൻ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു ആരാധകൻ എന്ന നിലയിൽ, ഈ സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം തനിക്ക് മനസ്സിലാകും എന്നും, എല്ലാ ബാലകൃഷ്ണ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഈ ചിത്രം ഒരു അവിസ്മരണീയ വിരുന്നായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദശലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹവും വാത്സല്യവും നേടിയെടുക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവനായി കരുതുന്നു എന്ന് നന്ദമുരി ബാലകൃഷ്ണ പറഞ്ഞു. ഈ ലോഞ്ച് പരിപാടിയിൽ പങ്കെടുത്തതിന് മന്ത്രിമാരായ നര ലോകേഷിനും കണ്ട്ല ദുർഗേഷിനും, ഉദ്ഘാടന ഷോട്ട് സംവിധാനം ചെയ്ത തേജസ്വിനിക്കും തൻ്റെ ഹൃദയംഗമമായ നന്ദിയും അദ്ദേഹം അറിയിച്ചു. തേജസ്വിനി മുമ്പ് തൻറെ അൺസ്റ്റോപ്പബിൾ എന്ന ഷോയുടെ ക്രിയേറ്റീവ് സൈഡിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും ഈ അവസരത്തിൽ പങ്കെടുത്തതിന് താൻ അവർക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിൽ ഇത്ര വലിയ ഒരു പ്രധാന ചലച്ചിത്ര ലോഞ്ച് നടന്നിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടായി എന്നും, ഈ സംവിധായകനും നിർമ്മാതാക്കളുമായുള്ള തൻ്റെ ആദ്യ സഹകരണമാണിത് എന്നത് ഈ ചിത്രത്തെ കൂടുതൽ സവിശേഷമാക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മറ്റു പലരുടെയും പ്രോത്സാഹനവും പിന്തുണയും ഉപയോഗിച്ച്, ആന്ധ്രാപ്രദേശിലെ ചലച്ചിത്ര വ്യവസായത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും, വിജയവാഡയ്ക്ക് വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവരാനുള്ള കഴിവുണ്ട് എന്നും അദ്ദേഹം പറയുന്നു. അഖണ്ഡയ്ക്ക് വേണ്ടി, സംസ്ഥാനത്തുടനീളമുള്ള നിരവധി മനോഹരമായ സ്ഥലങ്ങളിൽ തങ്ങൾ വ്യാപകമായി ചിത്രീകരണം നടത്തി എന്നും, ചലച്ചിത്ര വ്യവസായത്തിന്റെ വളർച്ചയ്‌ക്കൊപ്പം, അമ്യൂസ്‌മെന്റ് പാർക്കുകളുടെയും ടൂറിസം അടിസ്ഥാന സൗകര്യങ്ങളുടെയും വികസനവും തങ്ങൾ വിഭാവനം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.

എൻ‌ടി‌ആർ, എ‌എൻ‌ആർ തുടങ്ങിയ ഇതിഹാസങ്ങൾ ജനിച്ച നാടാണിത്. അതിനാൽ, സംസ്ഥാന വിഭജനത്തിനുശേഷം, വ്യവസായവും ഇവിടെ വളരണമെന്ന് തങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു. വരും ദിവസങ്ങളിൽ, വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഏറ്റവും നല്ല മാർഗങ്ങൾ നിർണ്ണയിക്കാൻ എല്ലാ പങ്കാളികളുമായും തങ്ങൾ ചർച്ചകൾ നടത്തും എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ആന്ധ്രാപ്രദേശ് മികച്ച ചിത്രീകരണ സ്ഥലങ്ങളാൽ അനുഗ്രഹീതമാണ് എന്നതിനാൽ, കൂടുതൽ നിർമ്മാണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ പ്രോത്സാഹനങ്ങൾ നൽകേണ്ടതുണ്ട് എന്നും, ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും വികസിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം പറഞ്ഞു.

ഗോപിചന്ദ് മാലിനേനിക്കൊപ്പമുള്ള തൻ്റെ സിനിമയുടെ ചിത്രീകരണം ഇപ്പോൾ കാക്കിനാഡ തുറമുഖത്താണ് നടക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം, കൊരട്ടല ശിവക്കൊപ്പമുള്ള ഈ ചിത്രത്തിന്റെ ഒരു പ്രധാന ഷെഡ്യൂൾ ആന്ധ്രാപ്രദേശിലും ചിത്രീകരിക്കും എന്നും കൂട്ടിച്ചേർത്തു.

ബാലകൃഷ്ണയും കൊരട്ടല ശിവയും തമ്മിലുള്ള ആദ്യ സഹകരണമാണിത്. . ബാലകൃഷ്ണയുടെ സ്‌ക്രീൻ വ്യക്തിത്വത്തിന് തികച്ചും അനുയോജ്യമായ, ശക്തമായ വൈകാരിക ആഴത്തിനൊപ്പം, വാണിജ്യ ആകർഷണവും കോർത്തിണക്കിയ ശക്തമായ ഒരു വിഷയം കൊരട്ടല തയ്യാറാക്കിയിട്ടുണ്ട്.

രചന, സംവിധായകൻ: കൊരട്ടല ശിവ,നിർമ്മാതാക്കൾ: സുധാകർ ചെറുകുരി, സുധാകർ മിക്കിലിനെനി, ബാനറുകൾ: എസ്‌എൽ‌വി സിനിമാസ്, യുവസുധ ആർട്‌സ്,
പിആർഒ : ശബരി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

0

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വമ്പൻ ഹിറ്റായ ആദ്യ ഭാഗത്തിൻ്റെ തുടർച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ ഹൈലൈറ്റ്. മലയാളിയായ പെൺകുട്ടിയായാണ് ഐശ്വര്യ ചിത്രത്തിൽ വേഷമിട്ടത്.

ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് രണ്ടാം ഭാഗത്തിൻ്റെയും താരനിരയിലുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൽ നിന്നുള്ള മറ്റ് അഭിനേതാക്കൾ. രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിൽ പുതുതായി എത്തിയ താരങ്ങൾ. യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി

റൊണാള്‍ഡോയുടെ സിയൂ..’ ആഘോഷം അനുകരിച്ച് നടി അഞ്ജു കുര്യന്‍

0

“ഓരോ റൊണാൾഡോ ആരാധകനും ഇതിനായി കാത്തിരിക്കുകയായിരുന്നു!” ക്രിസ്റ്റ്യാനോയുടെ തകർപ്പൻ തിരിച്ചുവരവും ആ ഐക്കോണിക് ‘സിയൂ’ (Siuuu) ആഘോഷവും ഏറ്റെടുത്ത് മലയാളി നടി അഞ്ജു കുര്യൻ; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ വീഡിയോ!

ലോകകപ്പ് ഫുട്ബോളിൽ ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം കടുത്ത വിമർശനങ്ങൾ നേരിട്ട പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇരട്ട ഗോളുകളോടെയാണ് ടീമിനെ വമ്പൻ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന് പിന്നാലെ CR7 ജേഴ്സി അണിഞ്ഞ് കളി ആസ്വദിക്കുന്നതും റൊണാൾഡോയുടെ പ്രശസ്തമായ ‘സിയൂ’ സെലിബ്രേഷൻ അനുകരിക്കുന്നതുമായ വീഡിയോയാണ് അഞ്ജു കുര്യൻ പങ്കുവെച്ചത്.

“ഓരോ റൊണാൾഡോ ആരാധകനും കാത്തിരുന്ന നിമിഷം” എന്ന ക്യാപ്ഷനോടെ താരം പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ റൊണാൾഡോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 41-ാം വയസ്സിലും തകർപ്പൻ റെക്കോർഡുകളോടെ മുന്നേറുന്ന തന്റെ പ്രിയ താരത്തോടുള്ള ആരാധന പരസ്യമാക്കിയ അഞ്ജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ വൈറലാണ്.

Anju Kurian celebrates Cristiano Ronaldo’s stunning comeback and his iconic ‘Siuuu’ celebration

“നമ്മൾ സ്വയം തിരുത്തണം”‘അമ്മ’ യോഗത്തിൽ മോഹൻലാൽ നടത്തിയ വികാരാധീനമായ പ്രസംഗം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ

0

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നാടകീയ രംഗങ്ങളും കൂട്ടരാജിയും അരങ്ങേറുന്നതിനിടെ, മുൻ പ്രസിഡന്റും നടനുമായ മോഹൻലാൽ നടത്തിയ വികാരാധീനമായ പ്രസംഗത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ. യോഗത്തിൽ മോഹൻലാൽ സംസാരിച്ച കാര്യങ്ങൾ തന്റെ ഓർമ്മയിൽ നിന്ന് പങ്കുവെക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്രീരാമൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

നാം എല്ലാവരും ആത്മവിമർശനത്തിന് തയ്യാറാവണമെന്നും, സ്വയം തിരുത്തി കൂടുതൽ നല്ല മനുഷ്യരാവാൻ നമുക്ക് കഴിയണമെന്നും മോഹൻലാൽ പ്രസംഗത്തിൽ ആഹ്വാനം ചെയ്തതായി ശ്രീരാമൻ കുറിക്കുന്നു.

വി.കെ. ശ്രീരാമൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

“മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോവാനാവാതെ വീണുപോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിന് നമുക്കാവുന്നുണ്ട് ഇപ്പോൾ. മറ്റ് ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല.

ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല. നാം ആത്മവിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കൂടുതൽ നല്ല മനുഷ്യരാവാനും നമുക്ക് കഴിയണം.”

താൻ ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതായതിനാൽ വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാമെന്നും എന്നാൽ പറഞ്ഞതിന്റെ പൊരുൾ ഇതാണെന്നും ശ്രീരാമൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പുതിയ പ്രസിഡന്റ് ശ്വേത മേനോനും ഭരണസമിതിയും കൂട്ടത്തോടെ രാജിവെച്ചിരുന്നു. ഈ തർക്കങ്ങൾക്കിടയിലാണ് സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കൂടെയുള്ളവരുടെ വേർപാടുകളെക്കുറിച്ചും മോഹൻലാൽ വികാരാധീനനായി സംസാരിച്ചത്.

VK Sreeraman Shares Mohanlal’s Emotional Speech Amid AMMA Crisis