ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കുള്ള പുതിയ മേൽശാന്തിയായി ടി.എം. നാരായണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. പാലക്കാട് ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ അംഗമാണ് അദ്ദേഹം. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷം നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ നിശ്ചയിച്ചത്. പാലക്കാട് ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രത്തിലെ നിലവിലെ മേൽശാന്തി കൂടിയാണ് ഇദ്ദേഹം.
മേൽശാന്തി സ്ഥാനത്തേക്ക് ആകെ 49 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇവരിൽ നിന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം 35 പേർ അന്തിമ നറുക്കെടുപ്പിന് യോഗ്യത നേടി. ഇവരുടെ പേരുകൾ എഴുതിയവയിൽ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്. നിലവിലെ മേൽശാന്തിയായ മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ആദ്യ നറുക്കിൽ തന്നെ ടി.എം. നാരായണൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിക്കുകയായിരുന്നു.
പുതിയ മേൽശാന്തി മാർച്ച് 31-ന് രാത്രി സ്ഥാനമേൽക്കും. ഇതിന് മുന്നോടിയായി അദ്ദേഹം 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.
നറുക്കെടുപ്പ് ചടങ്ങിൽ ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർക്ക് പുറമെ മാധ്യമ പ്രതിനിധികളും നിരവധി ഭക്തരും സന്നിഹിതരായിരുന്നു.

