തിരുവനന്തപുരം, ജൂലൈ 24, 2025 – കേരള സംസ്ഥാന ലോട്ടറി വകുപ്പ് മൺസൂൺ ബമ്പർ BR-104 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 10 കോടി രൂപയുടെ ഒന്നാം സമ്മാനം MC 678572 എന്ന ടിക്കറ്റിന് ലഭിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഗംഗാധരൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഈ ഭാഗ്യ ടിക്കറ്റ്. 30% നികുതി കഴിച്ചതിന് ശേഷം വിജയിക്ക് ഏകദേശം 5.16 കോടി രൂപ ലഭിക്കും.
നറുക്കെടുപ്പ് ജൂലൈ 23ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ നടന്നു. 250 രൂപ വിലയുള്ള മൺസൂൺ ബമ്പർ ലോട്ടറിയുടെ 31 ലക്ഷത്തോളം ടിക്കറ്റുകൾ ജൂലൈ 19 വരെ വിറ്റഴിഞ്ഞതായി ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റുകൾക്കായിരുന്നു ഏറ്റവും കൂടുതൽ ഡിമാൻഡ്.
സമ്മാന വിശദാംശങ്ങൾ
ആശ്വാസ സമ്മാനം (₹1,00,000): MA 678572 MB 678572 MD 678572 ME 678572 .വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.www.keralalotteries.com
വിജയികൾ ടിക്കറ്റ് നമ്പറുകൾ കേരള സർക്കാർ ഗസറ്റിൽ പരിശോധിച്ച് 30 ദിവസത്തിനകം സമ്മാനത്തുക ക്ലെയിം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.keralalotteries.com സന്ദർശിക്കുക.
കേരളം: സ്വർണവിലയിൽ വൻ തോതിലുള്ള ഇടിവ് രേഖപ്പെടുത്തി. സർവകാല റെക്കോർഡ് നിലവാരമായ 75,000 രൂപ കടന്ന് കുതിച്ച സ്വർണവില ഇന്ന് ഗണ്യമായി താഴ്ന്നു. കേരള വിപണിയിൽ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 125 രൂപ കുറഞ്ഞ് 9,255 രൂപയിലെത്തി. ഒരു പവന് 1,000 രൂപയുടെ ഇടിവോടെ 74,040 രൂപയായി.
18 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 105 രൂപ കുറഞ്ഞ് 7,590 രൂപയിലും, 14 കാരറ്റ് സ്വർണം ഗ്രാമിന് 5,915 രൂപയിലും എത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 3,810 രൂപയാണ്. അതേസമയം, വെള്ളിയുടെ ഗ്രാം വില 125 രൂപയായി തുടരുന്നു.
രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ ഇടിവ് പ്രകടമാണ്. ഒരു ഔൺസ് സ്വർണത്തിന്റെ വില 3,382 ഡോളറിലേക്ക് താഴ്ന്നതായി റിപ്പോർട്ട്. വിപണി വിദഗ്ധർ സ്വർണവിലയിലെ ഈ ചാഞ്ചാട്ടം തുടർന്നേക്കുമെന്ന് അഭിപ്രായപ്പെടുന്നു.
റെനോ ഇന്ത്യ അവരുടെ വിലകുറഞ്ഞ എം.പി.വി സെഗ്‌മെന്റ് വാഹനമായ ട്രൈബറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി. ഒട്ടനവധി ഫീച്ചറുകളോടെ വിപണിയിലേക്ക് പ്രവേശിച്ച ട്രൈബറിന് 6.29 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പുതിയ ഡയമണ്ട് ഷേപ്പിലുള്ള ലോഗോ കമ്പനി ആദ്യമായി ഉപയോഗിക്കുന്നത് ട്രൈബറിലാണ്. അതിനാൽ വാഹനം കൂടുതൽ പ്രീമിയം ലുക്കിൽ കാണാൻ സാധിക്കുന്നു. ആംബർ ടെറാകോസ്റ്റ, ഷാഡോ ഗ്രേ, സൻസ്കർ ബ്ലൂ എന്നീ മൂന്ന് കളറുകളിൽ പുതിയ റെനോ ട്രൈബർ വിപണിയിൽ ലഭിക്കും.
മുൻവശത്ത് പുതിയ എൽ.ഇ.ഡി ഡി.ആർ.എൽ ലൈറ്റുകളും പിറകിലായി സ്മോക്ഡ് എൽ.ഇ.ഡി ടൈൽ ലാമ്പും റെനോ ട്രൈബറിന് നൽകിയിട്ടുണ്ട്. ഉൾവശത്ത് കാര്യമായ മാറ്റങ്ങളാണ് റെനോ ട്രൈബറിൽ കൊണ്ടുവന്നിട്ടുള്ളത്. ഡാഷ്‌ബോർഡിലും അപ്ഹോൾസറിയിലും ഡിസൈനിൽ മാറ്റം വന്നിട്ടുണ്ട്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആമ്പിയന്റ് ലൈറ്റിങ്, 360 ഡിഗ്രി കാമറ, എട്ട് ഇഞ്ചിന്റെ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ എന്നീ ഫീച്ചറുകൾക്ക് പുറമെ സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകളും റെനോ ട്രൈബറിൽ നൽകിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞവിലകൊണ്ട് വിപണിയിൽ തരംഗം സൃഷ്ട്ടിക്കാൻ വരുന്ന ഈ എം.പി.വിക്ക് ഓതെന്റിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ നാല് വകഭേദങ്ങൾ ലഭിക്കും.
ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയാത്ര ‘വെനീസ് സിംപ്ലോൺ-ഓറിയന്റെ് -എക്സ്പ്രസ്’ (വിഎസ്ഒഇ) (The Venice Simplon-Orient-Express (VSOE) സമ്മാനിക്കുന്നു. പാരീസിൽ (Paris) നിന്ന് വെനീസ് (Venice), വിയന്ന (Vienna), പ്രാഗ് (Prague)എന്നിവിടങ്ങളിലേക്കാണ് ഓറിയന്റ് എക്‌സ്പ്രസ് സർവീസ് നടത്തുന്നത്. എന്നാൽ ഏറ്റവും ആകർഷകം, ആറു ദിവസത്തെ പാരീസ്-ഇസ്താംബുൾ യാത്രയാണ്.
1883ൽ ആരംഭിച്ച ഓറിയന്റെ് എക്‌സ്പ്രസ് ആഡംബരയാത്രയുടെ പ്രതീകമാണ്. വൻകിട വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ, എഴുത്തുകാർ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. വിഖ്യാത എഴുത്തുകാരി അഗത ക്രിസ്റ്റി, ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം, ചലച്ചിത്രതാരങ്ങളായ ജോൺ ട്രവോൾട്ട, ആഞ്ജലീന ജോളി തുടങ്ങിയ പ്രമുഖർ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്.
ആഡംബരപൂർണവും ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത യാത്രയാണ് ഓറിയന്റെ് എക്‌സ്പ്രസ് സമ്മാനിക്കുന്നത്. മാർച്ച് മുതൽ നവംബർ വരെയാണ് സർവീസ്. 1920-കളിലും 1930-കളിലും ഉപയോഗത്തിലിരുന്ന, മനോഹരമായി പുനഃസ്ഥാപിച്ച ബോഗികൾ ഉൾപ്പെടുന്നതാണ് ഓറിയന്റെ് എക്‌സ്പ്രസ്. പ്രശസ്ത ഗ്ലാസ് ആർട്ടിസ്റ്റ് റെനെ ലാലിക്കിന്റെ അതിശയകരമായ ആർട്ട് ഡെക്കോ ഡിസൈനുകൾ ഉൾക്കൊള്ളുന്നതാണ് ബോഗികൾ.
ഓറിയന്റെ് എക്‌സ്പ്രസിൽ യാത്ര ചെയ്യാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും. മൂന്നു ലക്ഷത്തിൽ തുടങ്ങുന്നു ടിക്കറ്റ് നിരക്ക്. ഗ്രാൻഡ് സ്യൂട്ടിൽ, അഞ്ച് രാത്രികൾ ഉൾപ്പെടുന്ന ഇസ്താംബൂൾ-പാരീസ് യാത്രയ്ക്ക് അമ്പതു ലക്ഷത്തിലേറെ രൂപ നൽകേണ്ടിവരും.
കൊച്ചി: ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോളിന്റെ ഇന്ത്യയിലെ ആരാധർക്ക് കൂടുതൽ ആവേശമായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ഇന്ത്യയിലെ പ്രശസ്ത ഫിൻടെക് കമ്പനികളായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും സ്പോൺസർഷിപ്പ് കരാറിൽ ഒപ്പു വെച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്പോൺസർഷിപ്പ് കരാറിൽ ഏർപ്പെടുന്നത്. വിദേശനാണ്യ വിനിമയത്തിലെ മുൻനിര ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോൺ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി ഫിനാൻഷ്യൽ രംഗത്ത് സജീവമായ ലുലു ഫിൻസെർവ്വുമാണ് ഇന്ത്യയിലെ അർജന്റീന ടീമിന്റെ സ്പോൺസർമാർ. യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റെൻ, എന്നിവിടങ്ങളിൽ ലുലു എക്സ്ചേഞ്ചും, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിൽ ലുലു മണിയുമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും , എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജ്മെന്റിലെ മുതിർന്ന ഓഫീസർമാർ, അർജന്റീന ഫുട്ബോൾ അസോസിയേഷൻ മാനേജ്മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കരാർ ഒപ്പു വെച്ചു. 2026-ൽ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ വരെ കരാർ നിലനിൽക്കും.
കരാറിന്റെ ഭാഗമായി അടുത്ത പന്ത്രണ്ട് മാസങ്ങളിൽ ലുലു ഫോറെക്സ്, ലുലു ഫിൻസെർവ്വ് എന്നീ സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്ക് ഡിജിറ്റലായും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലെ 380 അധികം വരുന്ന ശാഖകൾ വഴിയും ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ആവേശകരമായ നിരവധി കാമ്പെയ്‌നുകളും, ആരാധക കേന്ദ്രീകൃത പദ്ധതികളും നടപ്പിലാക്കും. ഫുട്ബോൾ മത്സര ടിക്കറ്റുകൾ, അർജന്റീന ഫുട്ബോളിന്റെ ഔദ്യോഗിക ഉൽപ്പന്നങ്ങൾ, കളിക്കാരുമായുള്ള മീറ്റ്-ആൻഡ്-ഗ്രീറ്റ് അനുഭവങ്ങൾ എന്നിവ പോലുള്ള പ്രത്യേക സമ്മാന പദ്ധതികളും ഈ കാലയളവിൽ നടപ്പിലാക്കും.
ഫുട്ബോൾ ആരാധകർക്ക്, അർജന്റീന എന്ന രാജ്യം ഫുട്ബോളിന് അധീനമായ ആവേശമാണ്. ഇതേ ആവേശമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള ഉപഭോക്താക്കൾക്കുമുള്ളതെന്നും, അത് കൊണ്ടാണ് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഇത്തരമൊരു സഹകരണത്തിൽ എത്തിയതെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഉപഭോക്താക്കൾ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്ത് അവരുടെ ഭാവിക്കും പ്രിയപ്പെട്ടവർക്കു വേണ്ടി മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിന് വേണ്ടി തങ്ങളുടെ സേവനങ്ങൾ ആശ്രയിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അതേ മനോഭാവമാണ് അർജന്റീന ടീമിനോടൊപ്പമുള്ള കരാറിലും ഞങ്ങൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇന്ത്യയിലെ പുതിയ പ്രാദേശിക സ്പോൺസറായി ലുലു ഫോറെക്സ്, ലുലു ഫിൻസെർവ്വ് അടങ്ങുന്ന കുടുംബത്തെ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. എഎഫ്എയുടെ അന്താരാഷ്ട്ര ബന്ധം കൂടുതൽ വികസിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീനയുടെ ദേശീയ ടീമിനായി പ്രധാനപ്പെട്ട സിറ്റികളിൽ അഭിമാനകരമായ ഗ്രൂപ്പുകളുമായി കൈകോർക്കുന്നത് സന്തോഷകരമാണ്. അർജന്റീന ടീമിന് ഏറെ ആരാധകരുള്ള ഇന്ത്യൻ സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ ഈ പുതിയ കരാറിലൂടെ സാധിക്കുന്നത് കൂടുതൽ സന്തോഷകരമാണ്. ഈ കരാറിനെ ടീം വർക്കിന്റെ അതേ മൂല്യത്തോടെയും, പ്രാധാന്യത്തോടെയും ഞങ്ങൾ കാണുമെന്നും അർജന്റീന ദേശീയ ടീമിന്റെ പുതിയ പ്രാദേശിക സ്പോൺസർമാരായി ലുലുഫിൻ കുടുംബത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലെ മുൻനിര ബ്രാന്റായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വുമായും പുതിയ പ്രാദേശിക സ്പോൺസർഷിപ്പ്, എഎഫ്‌എ ബ്രാൻഡിന്റെ ആഗോള വികാസത്തിലെ ഒരു പുതിയ ചുവടുവയ്പാണെന്ന് എഎഫ്‌എയുടെ കൊമേഴ്‌ഷ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ പറഞ്ഞു.
മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ഞങ്ങൾ എത്തിയതിനുശേഷം, അർജന്റീന ദേശീയ ടീമിന് ശക്തമായ പിന്തുണയാണ് ലഭിച്ചുവരുന്നത്. ഈ കാലയളവിൽ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും, അർജന്റീന എന്ന ലോക ഫുട്ബോൾ ചാമ്പ്യൻമാരെ അവരുടെ ബ്രാൻഡ് ഇമേജായി തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും, ഈ കരാർ വിപണിയിൽ മികച്ച വിജയമാകുമെന്നതിൽ തങ്ങൾ വളരെ ആവേശഭരിതരും ആത്മവിശ്വാസമുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലൂർ ആസ്ഥാനമാക്കിയ ന്യൂ മീഡിയ പ്ലാറ്റ്ഫോമാണ് “ദി ന്യൂ ഇന്ത്യൻ ടൈംസ് “.ന്യൂസ് ചാനലുകളിലെ മികച്ച പ്രകടനങ്ങൾക്ക് കൊടുത്തു വരുന്ന മീഡിയ അവാർഡ്‌സ് കഴിഞ്ഞ ഏഴ് വർഷങ്ങളായി നൽകി വരുന്നു. 2024 മുതൽ സൗത്ത് ഇന്ത്യൻ ന്യൂസ് ചാനലുകളെയും ഉൾപെടുത്തി വളരെ വിപുലമായ രീതിയിൽ ആണ് TNIT “SOUTH INDIAN MEDIA AWARDS” സംഘടിപ്പിച്ചു വരുന്നത്.
TNIT, സി ഈ ഓ ആയ രഘു ഭട്ട് ആണ് ഓരോ വർഷവും വിജയകരമായി TNIT മീഡിയ അവാർഡുകൾ സംഘടിപ്പിക്കുന്നത്.ഈ വർഷത്തെ അവാർഡുകൾ വിവിധ വിഭാഗങ്ങളിൽ നൽകപെടുന്നു. ആങ്കർ റിപ്പോർട്ടർ (രാഷ്ട്രീയം, സിനിമ, ക്രൈം, സ്പോർട്സ്, മെട്രോ, ROK),ക്യാമറമാൻ,വോയ്സ് ഓവർ ആർട്ടിസ്റ്റ്,വീഡിയോ എഡിറ്റർ.
മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടുമുള്ള ആദരത്തിനും, അംഗീകാരത്തിനും വേണ്ടി 2018 ൽ ആരംഭിച്ച ഒരു യാത്രയാണ്, ഇന്ന് അതിൻ്റെ വിപുലമായ നടത്തുന്ന എട്ടാം വാർഷിക ചടങ്ങ്. ഈ വർഷം 2025 ഓഗസ്റ്റ് 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വെച്ചാണ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ മികച്ച മാധ്യമ പ്രവർത്തകർ ജൂറി അംഗങ്ങളായി ഉള്ള ഒരു വിദഗ്‌ധ സമിതിയാണ് മികച്ച മാധ്യമ പ്രവർത്തകരെ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പ്രകാശ് മേനോൻ ആണ് കേരളത്തിനെ പ്രതിനിധികരിക്കുന്ന ജൂറി അംഗം.
TNIT ടീം സിഇഒ-രഘു ഭട്ട്, എം.ഡി-സുഗുന രഘു, എഡിറ്റർ-മീര, മേൽനോട്ടം, ചുമതല- ഡോ. മധുകാന്തി & ഡോർ അരസു, ഡിജിറ്റൽ മാർക്കറ്റിംഗ്- ഖുഷി.
സൗത്ത് ഇന്ത്യയിൽ ഇങ്ങനെ വിവിധ വിഭാഗത്തിലേക്ക് അവാർഡ് നൽകുമ്പോൾ പുതിയ നല്ല പ്രതിഭകളെ മീഡിയ രംഗത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് രഘുഭട്ട് പറഞ്ഞു.പ്രശസ്ത ദേശീയ തലത്തിലെ ബാസ്കറ്റ്ബോൾ, നെറ്റ്‌ബോൾ താരവും നടിയും, വനിത ശാക്തീകരണത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രാചി തേഹ്‌ലാൻ ഫൗണ്ടേഷൻ സ്ഥാപകയുമായ പ്രാചി തേഹ്‌ലാൻ കൂടെ കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
പ്രവാസികൾക്കായി നടത്തിയത് മറക്കാനാകാത്ത ഇടപെടലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന് അന്ത്യാജ്ഞലി നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ.എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം അർപ്പിച്ചു. രാവിലെയോടെ ദർബാർ ഹാളിൽ ആരംഭിച്ച പൊതുദർശന ചടങ്ങിലേക്കാണ് എം.എ യൂസഫലി എത്തിയത്. വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിൽ പങ്കുചേർന്നു. ഗവർണർ രാജേന്ദ്ര അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം വൃന്ദാ കാരാട്ട്, മുൻ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. വി.എസിന്റെ നിര്യാണത്തിൽ ദുഖം പങ്കുവച്ചു. മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ചും മകൾ വി.വി ആശയുടെ ഭർത്താവിനെ കണ്ട് ആശ്വസ വാക്ക് നൽകിയുമാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി കണ്ട് മടങ്ങിയത്. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് എന്നും അതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവും ഞാനുനമായി ആത്മബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവാണ് വിടപറഞ്ഞെതെന്നും എം.എ യൂസഫലി പ്രതികരിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. കർക്കശമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അദ്ദേഹത്തിന്റെ പാഠവം ഞാൻ നേരിട്ട് കണ്ട് അനുഭവിച്ച വ്യക്തിയാണ്, സ്മാർട്സിറ്റികാര്യങ്ങളിലൊക്കെ അടുത്ത് ഇടപഴകാനുള്ള സാഹചര്യവുംഅദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയെ കുറിച്ച് നേരിട്ട് മനസിലാക്കാനുള്ള സാഹചര്യവും എനിക്കുണ്ടായിട്ടുണ്ട്. രാഷ്ട്രീയ നേതാവിനെക്കാൾ നല്ലൊരു ഭരണാധികാരിയായിരുന്നു. വി.എസ്. മുഖ്യമന്ത്രി എന്നതിലുപരി സംസ്ഥാനത്തിനും രാജ്യത്തിനുമായി കഠിനാധ്വാനം ചെയ്ത ഭരണാധികാരിയായിരുന്നു വി.എസ്. എന്നും അദ്ദേഹം ഓർമിച്ചു. വി.എസ്. പ്രവാസികൾക്കായി നോർക്ക റൂട്സ് ചെയർമാനായിരിക്കെ നടത്തിയത് ബൃഹത്തായ ഇടപെടലുകളെന്നും എം.എ യൂസഫലി വ്യക്തമാക്കി.
മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുശോചിച്ചു. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായത്. വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമാണ് ഞാൻ വെച്ചു പുലർത്തിയിരുന്നതെന്നും യൂസഫലി പ്രതികരിച്ചത്.. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ വ്യക്തമാക്കി.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം എനിക്ക് അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നുള്ള അനുഭവവും അദ്ദേഹം അനുശോചന കുറിപ്പിൽപങ്കുവച്ചു. എൻ്റെ സഹോദരതുല്യനായ സഖാവ് വി.എസ്സിൻ്റെ ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നെന്നും എം.എ യൂസഫലി പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് രാത്രി ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. ദേശീയപാത വഴി എത്തുന്ന യാത്ര കുറവൻതോട് നിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രവേശിക്കും.
ബുധനാഴ്ച രാവിലെ, ഭൗതികദേഹം പഴയ നടക്കാവ്, കൈതവന, പഴവീട് എന്നിവിടങ്ങളിലൂടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്, തിരുവമ്പാടി, ജനറൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്, ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലേക്ക് എത്തും.
ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിനു ശേഷം, വിലാപയാത്ര സി.സി.എസ്.ബി റോഡ്, കണ്ണൻവർക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയൻ വഴി, തിരുവമ്പാടി എന്നിവിടങ്ങളിലൂടെ കടന്നുപോയി വലിയ ചുടുകാട്ടിൽ എത്തിച്ചേരും.
സംഗീതത്തിന്റെയും വിനോദത്തിന്റെയും ഉത്സവഛായ നൽകി ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്ന് “സ്റ്റാർ സിംഗർ സീസൺ 10 – മൺസൂൺ ഫെസ്റ്റിവൽ” മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27-ന് വൈകിട്ട് 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഈ സംഗീത മാമാങ്കത്തിൽ മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാർ മോഹൻലാൽ ചീഫ് ഗസ്റ്റ് ആയി പങ്കെടുക്കുന്നു. അദ്ദേഹത്തിനൊപ്പം, പോപ്പ് ഐക്കൺ ഉഷാ ഉതുപ്പ്, പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷൻ കുമാർ എന്നിവരും പങ്കുചേരുന്നു ഇവന്റിന്റെ മുഖ്യ ആകർഷണം സ്റ്റാർ സിങ്ങറിന്റെ മഹാഗുരു കെ എസ് ചിത്രയുടെ ജന്മദിനാഘോഷമാണ് ഈ ആഘോഷങ്ങൾക്ക് വിസ്മയം തീർത്ത് മോഹൻലാൽ, സത്യൻ അന്തിക്കാട്, ഉഷാ ഉതുപ്പ്, കിഷൻ കുമാർ, സിതാര കൃഷ്ണകുമാർ, വിതു പ്രതാപ്, കൂടാതെ സ്റ്റാർ സിംഗർ സീസൺ 10-ലെ മത്സരാർത്ഥികളും ഗ്രൂമേഴ്‌സും പങ്കാളികളാവുന്നു. കെ എസ് ചിത്രയുടെ മനോഹരഗാനങ്ങൾ ഉൾപ്പെടുത്തി “ചിത്രഗീതം” എന്ന സംഗീതാർച്ചന ഈ രാവ് ഒരു സംഗീതാഘോഷമാക്കി മാറ്റി. മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു പുതിയ ചിത്രമായ “ഹൃദയപൂർവം” സംബന്ധിച്ചുള്ള രസകരമായ അനുഭവങ്ങളും, ഓർമ്മകളുമാണ് ഇവന്റിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതിനു പുറമെ, ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ ഈ വേദിയിൽ വച്ച് നടത്തും. സംഗീതമേഖലയിലെ പ്രമുഖരായ കെ എസ് ചിത്ര, വിതു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഉഷാ ഉതുപ്പ് എന്നിവർക്ക് പുറമേ, സ്റ്റാർ സിംഗർ മത്സരാർത്ഥികളുടെ ഗാനങ്ങൾ, നൃത്തങ്ങൾ, കോമഡി സ്‌കിറ്റുകൾ എന്നിവ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു. മലയാളം – ബംഗാളി ചലച്ചിത്രനടി മോക്ഷയുടെ ആകർഷക നൃത്തപ്രകടനങ്ങൾ ഈ സന്ധ്യയുടെ ഭംഗി കൂട്ടും.
ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ അവതാർ: ഫയർ ആൻഡ് ആഷ്ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചൊവ്വാഴ്ച പുറത്തിറങ്ങി. പാൻഡോറയിലെ അഗ്നിനഗര ജനതയുടെ ശക്തയായ നേതാവ് വരാംഗ് എന്ന പുതിയ വില്ലനെ പോസ്റ്റർ പരിചയപ്പെടുത്തുന്നു. ഗെയിം ഓഫ് ത്രോൺസ് താരം ഊന ചാപ്ലിൻ അവതരിപ്പിക്കുന്ന വരാംഗ്, പാൻഡോറയുടെ വിപുലമായ ലോകത്ത് ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാകുമെന്ന് പ്രതീക്ഷിക്കുന്നത്.
ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ: ഫയർ ആൻഡ് ആഷ് ജേക്ക് സല്ലിയുടെയും നെയ്തിരിയുടെയും കഥ തുടരുന്നു, പുതിയ വെല്ലുവിളികളിലൂടെ പാൻഡോറയുടെ അത്ഭുത ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. അഗ്നിനഗര ജനതയുടെ നേതാവായ വരാംഗിന്റെ വരവ്, ചിത്രത്തിൽ തീവ്രമായ സംഘട്ടനങ്ങളും സാംസ്കാരിക വൈരുദ്ധ്യങ്ങളും പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ജൂലൈ 25ന് ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്ന്റെ റിലീസിനൊപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.
ഗെയിം ഓഫ് ത്രോൺസിൽ തലിസ സ്റ്റാർക്കായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഊന ചാപ്ലിന്റെ കാസ്റ്റിംഗ് ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. “വരാംഗ് പാൻഡോറയിൽ ഇതുവരെ കാണാത്ത ഒരു കഥാപാത്രമാണ്,” കാമറൂൺ വെളിപ്പെടുത്തി. “ഊന ഈ കഥാപാത്രത്തിന് അസാധാരണമായ ഊർജവും ആകർഷണവും പകരുന്നു, നായകന്മാർക്ക് മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടുവരും.”
2025 ഡിസംബറിൽ തിയേറ്ററുകളിൽ എത്താനിരിക്കുന്ന അവതാർ: ഫയർ ആൻഡ് ആഷ്ന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. വരാംഗിന്റെ അവതരണത്തോടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനത്തോടെയും, അവതാർ പരമ്പരയുടെ അടുത്ത അധ്യായത്തിനായുള്ള ആകാംക്ഷ ആഗോള പ്രേക്ഷകർക്കിടയിൽ വർദ്ധിച്ചുവരികയാണ്.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇപ്പോൾ പഴയ എ കെ ജി സെൻ്ററിലും തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലും എത്തിക്കും.നാളെ രാവിലെ 9.30 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയോടെ റോഡ് മാർഗ്ഗം ആലപ്പുഴക്ക് കൊണ്ടുപോകും. നാളെ രാത്രി അദ്ദേഹത്തിൻ്റെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും.
ബുധനാഴ്ച ഉച്ചക്ക് ശേഷം വി എസ്സിന്റെ ആഗ്രഹപ്രകാരം ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സംസ്കാരം നടത്തുവാനാണ് തീരുമാനം.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ 22-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞ് പ്രവർത്തിക്കില്ല. ബാങ്കുകൾക്കും അവധി ബാധകമാണ്. ദുഃഖാചരണത്തിന്റെ ഭാഗമായി സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും ഈ മാസം 26-ലേക്ക് മാറ്റിയിട്ടുണ്ട്.