പഠിക്കാം, പഠിച്ചതെല്ലാം ഓര്‍മിക്കാം

ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പരാതി പറയുന്നവരുണ്ട്. പരീക്ഷ അടുക്കുമ്പോൾ സ്ഥിരം കേൾക്കുന്നതാണ് ഈ മറവി . ആശയങ്ങള്‍ ഗ്രഹിച്ച് മനസ്സില്‍ അരക്കിട്ടുറപ്പിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലുറപ്പിക്കാന്‍ ശ്രമിക്കണം. നന്നായി ഓര്‍മ്മിക്കുവാന്‍ പ്രാസമോ മറ്റോ സ്വീകരിക്കുന്നതും നല്ലതാണ്.  ഉദാഹരണത്തിന് vibgyor എന്ന സൂത്രംകൊണ്ട് സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങളെ അവയുടെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ ഓര്‍മ്മവയ്ക്കാന്‍ നമുക്ക് കഴിയുന്നു. ഇത്തരം സൂത്രങ്ങള്‍ നമുക്ക് തന്നെ ഉണ്ടാക്കാം. അല്‍പ്പം പ്രാസവും താളവുമൊക്കെ ഉണ്ടെങ്കില്‍ ഓര്‍മ്മിക്കാന്‍ എളുപ്പമാകും.

  1. അതീവ ഏകാഗ്രതയോടുകൂടി പഠിക്കുക
  2. പഠിച്ചതു യുക്തിപൂര്‍വ്വം മനസ്സില്‍ പതിപ്പിക്കുക
  3. മൊത്തം പാഠഭാഗം ഓടിച്ചു നോക്കിയിട്ട് ചെറുഘടകങ്ങളിലേക്ക് നീങ്ങുക. ആദ്യം പാഠപുസ്തകം മുഴുവന്‍ മറിച്ചു നോക്കുക. പിന്നീട് അദ്ധ്യായങ്ങള്‍, തുടര്‍ന്ന് ആദ്യത്തെ അദ്ധ്യായം,  എന്നിട്ട് അതിന്റെ തുടക്കം എന്ന മട്ടില്‍ വായിക്കുക. നാം എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞു പഠിക്കുമ്പോള്‍ യുക്തിപൂര്‍വ്വം കാര്യങ്ങള്‍ മനസ്സില്‍ അടുക്കാന്‍ കഴിയും.
  4. മുന്നറിവുമായി പുതിയ അറിവ് ബന്ധിപ്പിക്കുക.
  5. ഏറെ വിഷമമാണ് പാഠമെന്ന് തോന്നിയാല്‍ അത് പഠിപ്പിച്ച് നോക്കുക. നിങ്ങളുടെ മുന്നില്‍ കുട്ടികള്‍ ഇരിക്കുന്നുവെന്ന് സങ്കല്‍പ്പിച്ച് അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുക.
  6. ആവര്‍ത്തിച്ച് വായിക്കുക.

എഴുതിപ്പഠിക്കാം : 

തലച്ചോറിന്റെയും കൈകളുടെയും കാഴ്ചയുടെയും ഒക്കെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നത് എഴുതുമ്പോഴാണ്. തലച്ചോറിനെ കൂടുതല്‍ ആഴത്തില്‍ മുഴുകാന്‍ ഇത് സഹായിക്കും. പറയുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും എഴുതിപ്പഠിക്കുമ്പോള്‍ തിരിച്ചറിയാം. മനസ്സില്‍ ഉറയ്ക്കാനും ദീര്‍ഘകാലം മറക്കാതിരിക്കാനും എഴുതിപ്പഠിക്കല്‍ ഗുണംചെയ്യും.

ഉറക്കം ഒരു ഔഷധം :
പഠനത്തിന് ഊര്‍ജംപകരുന്ന, മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ഔഷധമാണ് ഉറക്കം. കുട്ടികള്‍ ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങണം.  കുട്ടികള്‍ ഉറക്കത്തിന് ചിട്ടപാലിക്കുന്നത് ഗുണംചെയ്യും. രാവിലെ 5-6ന് എഴുന്നേല്‍ക്കത്തക്കവിധം രാത്രി ഉറങ്ങാന്‍കിടക്കണം. പഠനത്തിന് ഇത് വളരെ പ്രയോജനംചെയ്യും.

പഠനം മെച്ചപ്പെടുത്താന്‍ നല്ല ഭക്ഷണം :
പഠനവുമായി ഏറ്റവും ബന്ധപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണമാണ്. ദീര്‍ഘനേരത്തെ ഉറക്കത്തിനുശേഷം കഴിക്കുന്ന ഈ ഭക്ഷണമാണ് കുട്ടികളെ സ്കൂളിലെ പ്രശ്നങ്ങള്‍ നേരിടാനും പഠിക്കാനും ശ്രദ്ധിക്കാനും ഓര്‍മിക്കാനും സഹായിക്കുന്നത്. ധാന്യങ്ങളും പയറും പഴങ്ങളും ഉള്‍പ്പെട്ടതാവണം പ്രഭാതഭക്ഷണം. പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുമത്സ്യങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എള്ള്, കപ്പലണ്ടി, നാടന്‍കോഴിയിറച്ചി, ആട്ടിറച്ചി, പാല്‍വിഭവങ്ങള്‍ ഇവയൊക്കെ ഉള്‍പ്പെട്ട ഭക്ഷണം ക്ഷീണത്തെ അകറ്റി പഠനം മികവുറ്റതാക്കും.

admin: