വി.പി.എസ്. ഹെല്‍ത്ത് കൈയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി


തിരുവനന്തപുരം: യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നല്‍കുന്ന സഹായത്തിന്റെ ആദ്യ ഗഡുവായ 12 കോടി രൂപ വിലമതിക്കുന്ന 70 ടണ്ണോളം മരുന്നുകളും അവശ്യ സാധനങ്ങളും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് കൈമാറി. കേരളത്തിലെ ജനങ്ങള്‍ കഷ്ടതയനുഭവിക്കുമ്പോള്‍ സഹായ ഹസ്തവുമായെത്തുന്ന പ്രവാസികളെ മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്പ വൈറസ് ബാധയേറ്റ സമയത്ത് വി.പി.എസ്. ഹെല്‍ത്ത് കെയര്‍ 30 ലക്ഷം രൂപ വിലമതിക്കുന്ന സുരക്ഷാ വസ്തുക്കള്‍ പ്രത്യേക വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു തന്നിരുന്നു. ഇതെല്ലാം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. അബുദാബിയില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത ബോയിംഗ് 777 വിമാനത്തിലാണ് സാമഗ്രികള്‍ എത്തിയത്. പ്രളയ ദുരന്തത്തിനിരയായ ആയിരങ്ങള്‍ക്കുള്ള മരുന്നുകള്‍, വസ്ത്രങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമായുള്ള ഡയപ്പര്‍, സ്ത്രീകള്‍ക്കുള്ള സാനിറ്ററി പാഡ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ അടങ്ങിയ 70 ടണ്‍ അവശ്യ വസ്തുക്കളാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകിയുടെ പേരിലാണ് അബുദാബിയില്‍ നിന്നുള്ള കണ്‍സയ്ന്‍മെന്റ് എത്തിയത്. നവകേരളം കെട്ടിപ്പെടുക്കുന്നതിനായി 50 കോടി രൂപയാണ് വി.പി.എസ്. ഹെല്‍ത്ത് കെയര്‍ നല്‍കുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കേണ്ട പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങക്കായുള്ള സഹായം സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ജില്ലാ കളക്ടര്‍ വാസുകി, കെ.എസ്.ഐ.ഇ. കാര്‍ഗോ ജനറല്‍ മാനേജര്‍ ജയരാജ്, വി.പി.എസ്. ഇന്ത്യ മാനേജന്‍ ഹാഫിസ് അലി, സി എസ് ആര്‍ ഇന്‍ ചാര്‍ജ് രാജീവ് മാങ്കോട്ടില്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ സഫര്‍ എന്നിവര്‍ പങ്കെടുത്തു.

admin:
Related Post