HomeNewsകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്നുണ്ടായ അതിശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് വഴങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കേന്ദ്ര സർക്കാരും ‘കോക്രോച്ച് ജനതാ പാർട്ടി’യും (CJP) തമ്മിലുള്ള മൂന്നാം ഘട്ട ചർച്ചകൾക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് താൻ രാജിവെക്കുന്ന കാര്യം ധർമേന്ദ്ര പ്രധാൻ എക്സിലൂടെ (ട്വിറ്റർ) അറിയിച്ചത്.

ഡൽഹിയിലെ ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. പ്രധാന്റെ രാജി ആവശ്യത്തിൽ തട്ടി കേന്ദ്ര സർക്കാരും സി.ജെ.പിയും തമ്മിലുള്ള ചർച്ചകൾ പ്രതിസന്ധിയിലായിരുന്നു. ധർമേന്ദ്ര പ്രധാനെ പുറത്താക്കാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ശനിയാഴ്ച രാവിലെ സി.ജെ.പി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ രാജിയോടെ പ്രക്ഷോഭകർ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ച മട്ടാണ്.

സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ ഇവയായിരുന്നു:

  1. ധർമേന്ദ്ര പ്രധാന്റെ രാജി.
  2. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാതിരിക്കുക.
  3. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക.

മറ്റു രണ്ട് ആവശ്യങ്ങളിലും വെള്ളിയാഴ്ച തന്നെ സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും രാജിക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. തുടർന്നാണ് ശനിയാഴ്ച രാജി പ്രഖ്യാപനം ഉണ്ടായത്.

“രാജ്യത്തെ യുവജനങ്ങളുടെ പ്രതീക്ഷകളെയും വികാരങ്ങളെയും ന്യായമായ അവകാശങ്ങളെയും ഞാൻ ഏറെ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്റെ ധാർമ്മിക നിശ്ചയദാർഢ്യമാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടോടെയുള്ള നേതൃത്വത്തിന് കീഴിൽ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് നന്ദി അറിയിക്കുന്നു,” – രാജിക്കറിപ്പിൽ പ്രധാൻ കുറിച്ചു.

ധർമേന്ദ്ര പ്രധാന്റെ രാജി വാർത്ത പുറത്തുവന്നതോടെ ജന്തർ മന്തറിലെ സമരപ്പന്തൽ വൻ ആഘോഷങ്ങൾക്ക് വേദിയായി. “വിദ്യാർത്ഥി ശക്തി വാഴട്ടെ” എന്നാണ് വാർത്തയോട് സി.ജെ.പി പ്രതികരിച്ചത്.

“നമ്മളിത് നേടിയെടുത്തിരിക്കുന്നു,” എന്ന് സി.ജെ.പി സ്ഥാപകൻ അഭീജിത് ദിപ്കെ ജന്തർ മന്തറിലെ വേദിയിൽ നിന്ന് പ്രഖ്യാപിച്ചു. “ഈ സർക്കാരിൽ ആരും രാജി വെക്കില്ലെന്നാണ് അവർ പറഞ്ഞിരുന്നത്, എന്നാൽ നമ്മളത് സാധിച്ചെടുത്തിരിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ നഗരങ്ങളിലേക്ക് പടർന്നുപന്തലിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് പ്രതിപക്ഷം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാരിന് വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് നേരിടേണ്ടി വന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular