മധുര: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വർണ്ണമോതിരം നൽകുന്ന ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ (അമ്മാവന്റെ സ്വർണ്ണമോതിര പദ്ധതി) പദ്ധതിക്ക് മുഖ്യമന്ത്രി വിജയ് തുടക്കമിട്ടു. മധുരയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഈ പദ്ധതിക്കായി 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.


