ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട ബിൽ രാഷ്ട്രപതി ഉടൻതന്നെ കേരള നിയമസഭയുടെ പരിഗണനയ്ക്കായി അയയ്ക്കും. നിയമസഭയുടെ അഭിപ്രായം അറിഞ്ഞ ശേഷം കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കും. അതിനുശേഷം പാർലമെന്റും ഈ ബിൽ പാസാക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2023-ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടിരുന്നത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ നിയമസഭ ഐകകണ്ഠ്യേനയാണ് ഈ പ്രമേയം പാസാക്കിയത്. പിന്നീട് കത്തിലൂടെയും സംസ്ഥാനം ഈ ആവശ്യം കേന്ദ്രത്തെ അറിയിച്ചിരുന്നു.
മലയാളത്തിൽ ‘കേരളം’ എന്നാണ് പറയുന്നതെങ്കിലും മറ്റ് ഭാഷകളിലും ഭരണഘടനയുടെ ഒന്നാം പട്ടികയിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകൃതമായത്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദം അനുസരിച്ച് ഔദ്യോഗിക നാമത്തിൽ ഭേദഗതി വരുത്തണമെന്ന കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇതോടെ കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. ഡൽഹിയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്.

