റാഞ്ചി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രോഗിയടക്കം ഏഴുപേരും അപകടത്തിൽ മരിച്ചു. തിങ്കളാഴ്ച (ഫെബ്രുവരി 23) വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
ഡൽഹി ആസ്ഥാനമായുള്ള റെഡ്ബേർഡ് എയർവെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Redbird Airways) ബീച്ച്ക്രാഫ്റ്റ് സി 90 (VT-AJV) വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ് റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഞ്ജയ് കുമാർ (41) എന്ന രോഗിയെ മികച്ച ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്‌രാജ്ദീപ് സിംഗ്, ഡോ. വികാസ് കുമാർ ഗുപ്ത, പാരാമെഡിക് ജീവനക്കാരനായ സച്ചിൻ കുമാർ മിശ്ര, രോഗിയുടെ കൂട്ടിരിപ്പുകാരായ അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് മരിച്ച മറ്റുള്ളവർ. വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് 7.11-ഓടെ റാഞ്ചി ബിർസ മുണ്ട വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. 7.34-ഓടെ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായുള്ള (ATC) വിമാനത്തിന്റെ ആശയവിനിമയം നഷ്ടപ്പെടുകയും റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഛത്ര ജില്ലയിലെ സിമരിയ ബ്ലോക്കിലുള്ള കസാരിയയിലെ വനമേഖലയിൽ വിമാനം തകർന്നുവീണ നിലയിൽ കണ്ടെത്തിയത്.
മോശം കാലാവസ്ഥയെത്തുടർന്ന് ദിശ മാറ്റാൻ പൈലറ്റ് എടിസിയോട് അനുമതി ചോദിച്ചിരുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കിയിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രത്യേക സംഘം അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയും ജാർഖണ്ഡ് സർക്കാരും അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

