കൊച്ചി, 07 ഒക്ടോബർ 2026: ആധുനിക കാലഘട്ടത്തിലെ ഏറ്റവും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നായ ഓൺലൈൻ വഴിയുള്ള കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും (CSEA) പ്രതിരോധിക്കുന്നതിനായി കേരള പൊലീസിന്റെ നേതൃത്വത്തിൽ 16 സംസ്ഥാനങ്ങളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത രണ്ടു ദിവസത്തെ ഉന്നതതല ശിൽപ്പശാല കൊച്ചിയിൽ സമാപിച്ചു.
കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗവും, എഡിൻബർഗ് സർവകലാശാലയുടെ കീഴിലുള്ള ‘ചൈൽഡ്‌ലൈറ്റ്’ (Childlight) ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടും, ന്യൂസിലാൻഡ് ആസ്ഥാനമായുള്ള നിയമപാലക സാങ്കേതികവിദ്യാ കമ്പനിയായ ‘കൈൻഡ്രെഡ് ടെക്കും’ (Kindred Tech) സംയുക്തമായി കൊച്ചി ക്രൗൺ പ്ലാസയിലാണ് ‘പ്രോജക്ട് ലൈറ്റ്‌ഹൗസ്’ (Project Lighthouse) സംഘടിപ്പിച്ചത്.
ശിൽപ്പശാലയുടെ പ്രധാന്യവും ലക്ഷ്യവും
കുറ്റകൃത്യങ്ങൾ ജില്ലാ അതിർത്തികളും സംസ്ഥാന-ദേശീയ സീമകളും കടന്ന് മിനിറ്റുകൾക്കകം നടക്കുമെന്നതിനാൽ, ഇതിനെതിരെയുള്ള പ്രതിരോധം ഉന്നതതലങ്ങളിൽ നിന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയിലൂടെയും വേണം നടപ്പിലാക്കേണ്ടത് എന്ന ശക്തമായ സന്ദേശമാണ് ശിൽപ്പശാല നൽകിയത്.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുപ്രകാരം 2024-ൽ ഇന്ത്യയിൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 5.9 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിട്ടുള്ളത്. ലോകത്താകമാനമുള്ള കോടിക്കണക്കിന് കുട്ടികളെ ഈ പ്രശ്നം ബാധിക്കുന്നുണ്ടെന്നും, ഇതിനെതിരെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി.
‘കൊച്ചി അജണ്ടയും’ ഭാവി പരിപാടികളും
രണ്ടു ദിവസത്തെ ചർച്ചകൾക്ക് ശേഷം, പങ്കെടുത്ത സംസ്ഥാനങ്ങൾ ചേർന്ന് വരുംവർഷത്തേക്കുള്ള മുൻഗണനകൾ ഉൾക്കൊള്ളുന്ന ‘കൊച്ചി അജണ്ട’ (Kochi Agenda) രൂപീകരിച്ചു. മെന്ററിങ് മാതൃകയിലൂടെയും പരസ്പര സഹകരണത്തിലൂടെയും ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുകയും, അതിന്റെ പുരോഗതി 2027-ലെ ‘കൊക്കോൺ’ (c0c0n) സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കുന്ന ‘ലൈറ്റ്‌ഹൗസ് സ്റ്റേറ്റുകൾ’ എന്ന ശൃംഖലയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരള മാതൃക ചർച്ചയായി
കേരള പൊലീസ് വിജയകരമായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ ശിൽപ്പശാലയിൽ വിശദീകരിച്ചു:
- എൻഫോഴ്സ്മെന്റ്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയോ പങ്കുവെക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്ന കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയ്റ്റേഷൻ സെന്ററും ‘ഓപ്പറേഷൻ പി-ഹണ്ടും’.
- പ്രതിരോധം: വിദ്യാർത്ഥികൾക്കായി കേരള പൊലീസ് ആവിഷ്കരിച്ച ‘കിഡ് ഗ്ലൗവ് 2.0’ (Kid Glove 2.0) ഓൺലൈൻ സുരക്ഷാ പദ്ധതി.
- പങ്കാളിത്തം: പൊലീസിനെയും സാങ്കേതിക സ്ഥാപനങ്ങളെയും ഗവേഷകരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന ‘സൈബർഡോം’ (Cyberdome).
- നൂതനാശയങ്ങൾ: കുട്ടികളുടെ സംരക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റിനെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഹാക് അപ്പ്’ (HAC’KP) ഹാക്കത്തോൺ.
സമാപന സമ്മേളനത്തിൽ സംസ്ഥാന പൊലീസ് മേധാവി ശ്രീ. രാവാദ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്, ഡി.ജി.പി ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്, ഐ.ജിമാരായ ശ്രീ. പി. പ്രകാശ് ഐ.പി.എസ്, ശ്രീമതി. ആർ. നിശാന്തിനി ഐ.പി.എസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ഓൺലൈൻ ബാലലൈംഗിക ചൂഷണത്തിനെതിരെ ഒരു സംസ്ഥാനത്തിനും ഒറ്റയ്ക്ക് പൊരുതാനാകില്ലെന്നും, കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തു പ്രതിരോധം തീർക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
ശിൽപ്പശാലയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ തുടർന്ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ ‘കൊക്കോൺ 2026’-ന്റെ (c0c0n 2026) ചൈൽഡ് സേഫ്റ്റി ട്രാക്കിൽ പങ്കെടുക്കും.


