അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി

തിരുവനന്തപുരം:-അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സമൂഹത്തില്‍ അശരണരായി കഴിയുന്ന ആരും സംരക്ഷിക്കാനില്ലാതെ, അഭയസ്ഥാനമില്ലാതെ ജീവിക്കുന്ന വിധവകള്‍ക്ക് അഭയവും ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അഭയകിരണം പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം നല്‍കുന്നത്. നിലവിലെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 2020-21 വര്‍ഷം ഈ പദ്ധതിയിലെ 900 ഗുണഭോക്താക്കള്‍ക്കായുള്ള 11 മാസത്തെ തുകയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

English Summary : The government approves of Rs 99 lakh for ‘Abhayakiranam’ scheme

admin:
Related Post