സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വ്യാപനം വളരെയധികം കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത്. ഓണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചികിത്സയിലുള്ളവരുടെ എണ്ണം 70,000ത്തിന് മുകളില്‍ ഉയരുകയും ചെയ്തു. എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മാര്‍ച്ച് 22ന് പ്രതിദിന രോഗികളുടെ എണ്ണം 1239 ആയും ചികിത്സയിലുള്ളവരുടെ എണ്ണം 25,000ന് താഴെ കൊണ്ടുവരുവാനും സാധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് 3500 കഴിഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്.

സംസ്ഥാനത്ത് കോവിഡ്-19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ ശക്തിപ്പെടുത്തി വരുന്നു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നല്‍കുന്ന സുരക്ഷ പരമ പ്രധാനമാണ്. അതിനാല്‍ പൊതുസ്ഥലത്ത് തന്നെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കോവിഡിന്റെ അണുക്കളെ നശിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്.

അതേസമയം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്.

സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്.
തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ടിടാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ എല്ലാവരും ഏറ്റെടുക്കേണ്ടതാണ്.

English Summary : The coming three weeks in the state are crucial

admin:
Related Post