
ദിസ്പൂർ: അസമിലെ സൈനിക പോസ്റ്റിനു സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിലും ഗ്രനേഡ് സ്ഫോടനങ്ങളിലും മൂന്നു സൈനികർക്ക് പരുക്ക്. ഇന്ത്യൻ ആർമിയുടെ 19 ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. അസമിലെ ടിന്‍സുകിയ ജില്ലയിലെ കക്കോപഥാറിലാണ് സംഭവം.
അസമിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിക്ക് സമീപത്തുള്ള പ്രദേശത്താണ് ക്യാമ്പ്. കക്കോപഥാറിലെ സൈനിക ക്യാമ്പിനു നേരെ ഒരു മണിക്കൂറോളം വെടിവെപ്പുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികർ ഉടനടി ഫലപ്രദമായി മുൻകരുതൽ സ്വീകരിച്ചുവെന്ന് സൈനിക വക്താവ് അറിയിച്ചു.
എന്നാൽ അക്രമികൾ ഉടൻതന്നെ കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സൈന്യവും പോലീസും പ്രദേശം വളഞ്ഞിട്ടുണ്ട്. തുടർന്ന് സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
അപ്പർ അസമില്‍ ഇതേരീതിയിൽ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ഉള്‍ഫ (സ്വതന്ത്ര) വിഭാഗമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാൽ ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ട്രക്ക്അ അരുണാചൽ പ്രദേശിൽ കണ്ടെത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിലെ തെംഗാപാനി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്.
Terrorists attack Army camp in Assam
