എറണാകുളം: തിരഞ്ഞെടുപ്പ് കലാശക്കൊട്ടിന് തൊട്ടുമുൻപ് ട്വന്റി 20-യിൽ വൻ പൊട്ടിത്തെറി. എൻ.ഡി.എയുമായി (ബി.ജെ.പി) വേദി പങ്കിട്ടതിലും സഖ്യം ചേർന്നതിലും പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ഇതോടെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20-ക്ക് ഭരണവും നഷ്ടമാകും.
സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലാണ് താൻ ട്വന്റി 20-യുടെ ഭാഗമായതെന്നും, എന്നാൽ എൻ.ഡി.എയുമായി അവർ വേദി പങ്കിട്ടത് തന്റെ ആദർശങ്ങൾക്കും ചിന്താഗതികൾക്കും വിരുദ്ധമാണെന്നും പൂജ ജോമോൻ വ്യക്തമാക്കി. അതിനാൽ ട്വന്റി 20-യിൽ തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ചുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും അവർ രാജിവെച്ചത്.
സാബു എം ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
രാജിവെക്കാൻ തീരുമാനിച്ചതിന് പിന്നാലെ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയതായി പൂജ ജോമോൻ ആരോപിച്ചു. മുൻപ് രാജിവെച്ച മറ്റൊരു അംഗം സ്കൂൾ ബസ് ഇടിച്ച് മരിച്ച സംഭവം സൂചിപ്പിച്ചായിരുന്നു ഭീഷണി. ‘അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ, ദൈവം കാക്കട്ടെ’ എന്ന തരത്തിൽ പരോക്ഷമായി അദ്ദേഹം ഭീഷണിപ്പെടുത്തിയതായി പൂജ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റി 20-ക്ക് ഭരണം നഷ്ടമാകും
യു.ഡി.എഫിനും ട്വന്റി 20-ക്കും 7 വീതം അംഗങ്ങളുള്ള പൂതൃക്ക പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു ട്വന്റി 20-ക്ക് ഭരണം ലഭിച്ചത്. പൂജ ജോമോൻ രാജിവെച്ചതോടെ ട്വന്റി 20-ക്ക് ഭൂരിപക്ഷവും ഭരണവും നഷ്ടമാകും.
അതേസമയം, ഇത് കോൺഗ്രസ് നടത്തിയ നാടകമാണെന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം. മുൻപ് കോൺഗ്രസ് പ്രവർത്തകയായിരുന്ന പൂജ ജോമോന്റെ രാജിക്ക് പിന്നിൽ വി.പി സജീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണെന്നും, ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഇതിന് ശക്തമായ മറുപടി നൽകുമെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. ഒരു പ്രസിഡന്റ് പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

