
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ചെന്താമരയ്ക്കെതിരെ ചുമത്തിയ കൊലക്കുറ്റമടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഫോറൻസിക് തെളിവുകൾ പരിശോധിച്ച ശേഷമാണ് വിധി. ചെന്താമര തന്നെ കുറ്റക്കാരനായ ഇരട്ടക്കൊല കേസിലും വിചാരണ ഉടൻ ആരംഭിക്കും.
സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷം വിചാരണ പൂർത്തിയാക്കി കോടതി ഇന്ന് വിധി പറഞ്ഞത്. ഒക്ടോബര്‍ 16 ന് കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കും. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയാണെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി, ഇയാൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്ന് നേരത്തെ സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചിരുന്നു.
അതേസമയം ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് പ്രതി ചെന്താമര ഇന്നും കോടതിയിലെത്തിയത്. വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും രാവിലെ കോടതിയിലെത്തിയിരുന്നു. കൊല നടന്ന ദിവസം സജിത ഒറ്റയ്ക്കായിരുന്നു. മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു.
nenmara chenthamara case
