തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 2017 ഏപ്രിൽ എട്ടിന് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ റിട്ട. പ്രൊഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് വിധി. ശിക്ഷാവിധി സംബന്ധിച്ച വാദം നാളെ നടക്കും.
പ്രതി കേഡൽ ജിൻസൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. പൊലീസ് അന്വേഷണത്തിൽ, തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താൻ ആദ്യം പദ്ധതിയിട്ട കേഡൽ പിന്നീട് മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും കുടുംബാംഗങ്ങളോടുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളും 120-ലധികം രേഖകളും 90-ലധികം തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേഡലിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളിയിരുന്നു. video link : https://youtu.be/7tShVBMA7N0