കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാൻമണി ദാസ് അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് ജാൻമണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മഹിളാമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.
ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത ശേഷം കൊച്ചിയിലെത്തിയ ജാൻമണി, മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചെന്നാണ് ബി.ജെ.പി – മഹിളാമോർച്ച നേതൃത്വത്തിന്റെ ആരോപണം.
സംഭവം വിവാദമായതോടെ, തനിക്ക് മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പരിമിതി മൂലമാണ് വാക്കുകളിൽ തെറ്റിദ്ധാരണ ഉണ്ടായതെന്നും ആരെയും വ്യക്തിപരമായി അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി ജാൻമണി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പൊലീസിന് നൽകിയ വിശദീകരണത്തിലും ഇതേ കാര്യമാണ് ജാൻമണി വ്യക്തമാക്കിയത്.


