ജോർഹട്ട് (അസം): അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നു വീണ് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർ മരിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സാധാരണ രീതിയിലുള്ള പറക്കലിന് ശേഷം വ്യോമസേനാ താവളത്തിൽ ഇറങ്ങുന്നതിനിടയിലാണ് വിമാനം തകർന്നു വീണതും തുടർന്ന് തീപിടിച്ചതുമെന്നാണ് പ്രാഥമിക വിവരങ്ങൾ.
അപകടത്തിൽ അഞ്ച് പേർ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. സ്ക്വാഡ്രൻ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർവായു ഖേമാറാം കുമാവത്, അഗ്നിവീർവായു ഡാനിഷ് ആലം എന്നിവരാണ് വീരമൃത്യു വരിച്ച ജവാന്മാർ.
“അസമിലെ ജോർഹട്ടിൽ ഇന്ന് രാവിലെ ഏകദേശം 10:00 മണിക്ക് വ്യോമസേനയുടെ AN-32 വിമാനം അപകടത്തിൽപ്പെട്ടു. അപകടസ്ഥലത്തെ അടിയന്തര നടപടികളും പ്രാഥമിക അന്വേഷണവും പുരോഗമിക്കുകയാണ്. ജീവനഷ്ടത്തിൽ വ്യോമസേന അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തസമയത്ത് വിയോഗമുണ്ടായ കുടുംബങ്ങൾക്കൊപ്പം വ്യോമസേന ദൃഢമായി നിലകൊള്ളുന്നു,” എന്ന് വ്യോമസേന എക്സ് (ട്വിറ്റർ) കുറിപ്പിലൂടെ അറിയിച്ചു.
അപകടത്തെത്തുടർന്നുണ്ടായ തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി അടിയന്തര രക്ഷാപ്രവർത്തക സംഘത്തെ ഉടൻ തന്നെ സ്ഥലത്ത് വിന്യസിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോർഹട്ടിലുണ്ടായ വ്യോമസേനാ വിമാനാപകടത്തെക്കുറിച്ച് അറിയാമെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ചരക്കുനീക്ക വിമാനങ്ങളിലൊന്നാണ് സോവിയറ്റ് യൂണിയൻ നിർമ്മിത ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമായ ആന്റണോവ് AN-32. കഠിനമായ കാലാവസ്ഥയിലും ഉയർന്ന പ്രദേശങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ ഏകദേശം നൂറോളമുണ്ട്. വിദൂര പ്രദേശങ്ങളിൽ സാധനസാമഗ്രികൾ എത്തിക്കുന്നതിനായി ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

