ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ 50,000 കോടി രൂപയുടെ വർധനവ്

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ 50,000 കോടി രൂപയുടെ വർധനവ് ഉണ്ടായേക്കാമെന്ന് സർക്കാർ വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ട്. സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചതായാണ്‌ വിവരം. ഇതോടെ മൊത്തം പ്രതിരോധ വിഹിതം 7 ലക്ഷം കോടി കവിയുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിന് കേന്ദ്ര സർക്കാർ വൻതുക നീക്കിവെച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതിന് അംഗീകാരം ലഭിച്ചേക്കും. ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2025 -26 ബജറ്റിൽ സായുധ സേനയ്ക്കായി റെക്കോർഡ് 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. ഈ വർഷത്തെ വിഹിതം 2024- 25 ലെ 6.22 ലക്ഷം കോടി രൂപയിൽ നിന്ന് 9.2 ശതമാനം വർധിച്ചിരുന്നു.

2014 മുതൽ നരേന്ദ്ര മോദി ഭരണകൂടത്തിന്റെ കേന്ദ്രബിന്ദു പ്രതിരോധമാണ്. ബിജെപി സർക്കാരിന്റെ ആദ്യ വർഷമായ 2014- 15 ൽ പ്രതിരോധ മന്ത്രാലയത്തിന് 2.29 ലക്ഷം കോടി രൂപ അനുവദിച്ചു. നിലവിലെ വിഹിതം എല്ലാ മന്ത്രാലയങ്ങളിലും വച്ച് ഏറ്റവും ഉയർന്നതാണ്, ഇത് മൊത്തം ബജറ്റിന്റെ 13 ശതമാനമാണ്.

ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിനും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂരിനും ശേഷം, പാകിസ്ഥാനുമായുള്ള സംഘർഷം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ് വർധിപ്പിക്കുന്നത്.

india increase defence budget amount

admin:
Related Post