കിഴക്കന്‍ ലഡാക്കിലെ സേനാ പിന്മാറ്റം; ഇന്ത്യ – ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥതല ചര്‍ച്ച പുരോഗമിക്കുന്നു. പത്താംവട്ട ചര്‍ച്ചയാണ് ശനിയാഴ്ച നടക്കുന്നത്. പ്രധാനമായും കിഴക്കന്‍ ലഡാക്ക്, ഗോഗ്ര, ഹോട്ട് സ്പ്രിങ്‌സ്, ദെപ്‌സാങ് എന്നിവിടങ്ങളിലെ സേനാ പിന്മാറ്റവും പ്രദേശത്തെ സംഘാര്‍ഷാവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ ചര്‍ച്ച.

കിഴക്കന്‍ ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ പിന്മാറ്റം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തിയത്.

ജനുവരി 24ന് കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചയിലുണ്ടായ ധാരണ പ്രകാരം ഇരു പക്ഷത്തുനിന്നുമുള്ള സൈനികര്‍ മേഖലയില്‍ നിന്ന് പിരിഞ്ഞുപോവാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ പുതിയ നടപടി സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെയോ പ്രതിരോധമന്ത്രാലയത്തിന്റെയോ പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം മോള്‍ഡോ ബോര്‍ഡര്‍ പോയിന്റിലാണ് കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടന്നത്. ഏകദേശം ഒമ്ബതുമാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനു ശേഷമാണ് സേനാപിന്മറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. 2020 ജൂണ്‍ ആറിനാണ് വിഷയത്തിലെ ആദ്യ ചര്‍ച്ച നടന്നത്.

English Summary : Army withdrawal from eastern Ladakh; India-China 10th Round Commander-in-Chief talks in progress