വരുമാന വിവരം അറിയണമെന്ന ഇളയരാജയുടെ ഹർജി; പറയാൻ കഴിയില്ലെന്ന് സോണി മ്യൂസിക്ക്

ന്യുഡൽഹി: തന്റെ പാട്ടുകൾ ഉപയോഗിച്ച് വരുമാനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവെക്കാൻ ഇയരാജ നൽകിയ ഹർജിയിൽ എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് തങ്ങളുടെ നിലാപാട് അറിയിച്ചത്.

ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ മുമ്പാകെ സോണി മ്യൂസിക്കിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വിജയ് നാരായൺ കോടതിയിൽ സമർപ്പിച്ച കണക്കുകൾ അടച്ച കവറിലാണ് എത്തിച്ചത്. ഇത് ജഡ്ജിക്ക് മാത്രമേ കാണിക്കാനാകൂ എന്നും ഇളയരാജയുടെ വക്കീലുമായി വരുമാനത്തിന്റെ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ സ്റ്റ്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വരുമാന വിവരങ്ങൾ വ്യാപാര രഹസ്യങ്ങളാണ് എന്ന നിലയിലാണ് സോണി മ്യൂസിക് വിവരങ്ങൾ പങ്കുവെക്കാൻ തയാറാകാത്തതെന്ന് അഭിഭാഷകൻ അറിയിക്കുന്നത്.

ഇത് ചോദ്യം ചെയ്ത ഇളയരാജയുടെ അഭിഭാഷകനായ സീനിയർ കൗൺസൽ എസ് പ്രഭാകരൻ, സുപ്രീംകോടതി സീൽഡ് കവർ സമർപ്പണങ്ങളുടെ ആധികാരികതയെ കുറിച്ച് മുൻപ് പരാമർശിച്ചിട്ടുണ്ടെന്നും സോണി മ്യൂസിക് വരുമാന കണക്കുകൾ പുറത്തുവിടണമെന്നും വാദിച്ചു. സംഗീതം ഒരുക്കിയതിന് സിനിമ നിർമ്മാതാക്കളിൽ നിന്നു പ്രതിഫലം സ്വീകരിച്ചിട്ടുണ്ടെന്ന വ്യവസ്ഥയിൽ ഇളയരാജയ്ക്ക് ഈ പാട്ടുകളിൽ നിയമപരമായ അവകാശം സ്ഥാപിക്കാൻ കഴിയുന്നതു വരെ ഇത്തരം വ്യാപാര വിവരങ്ങൾ നൽകാനാകില്ലെന്നും സോണി മ്യൂസിക്കിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇരു വക്കീലുകളുടെയും വാദം കേട്ടശേഷം, ജസ്റ്റിസ് സെന്തിൽകുമാർ സീൽഡ് കവർ തുറക്കാതെ തന്നെ തീരുമാനമെടുത്തു. സോണി മ്യൂസിക് കഴിഞ്ഞ ആഴ്ച തന്നെ കേസ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയെ സമീപിച്ചതായും അഭിഭാഷകൻ കോടതി അറിയിച്ചു.

ilayaraja sony music case

By admin