കര്‍ഷക സമരം സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ പിന്മാറി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം കര്‍ഷകരും സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ അറിയിച്ചു. പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനോഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിംഗ് മന്‍. ഇദ്ദേഹമടക്കം സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ നാല് പേരും കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്നും സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂപീന്ദര്‍ സിംഗ് മന്‍ കഴിഞ്ഞ മാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് ചില ഭേദഗതികളോടെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്റര്‍നാഷ്ണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനില്‍ ഘന്വാത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.


Farmers protest: Bhupinder Singh Mann withdrew from the committee appointed by the Supreme Court

admin:
Related Post