
പാലക്കാട്: ഓപ്പറേഷൻ നുംഖോർ പശ്ചാത്തലത്തിൽ നടന്മാരായ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്ഗോപി രംഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു. പാലക്കാട് അകത്തേത്തറയിൽ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘ സ്വർണത്തിന്റെ വിവാദം മുക്കാൻ വേണ്ടിയാണോ ആ രംഗത്ത് ത്രാസിൽ കയറ്റി അളക്കാൻ രണ്ടുപേരെ കേരള ജനതയ്ക്ക് വിട്ടു കൊടുത്തതെന്ന്. അത് സംബന്ധിച്ച് എൻഐഎ എല്ലാം ഇന്റൻസീവ് ആയി പരിശോധിക്കുന്നതിനാൽ കേന്ദ്ര മന്ത്രിസഭയിലിരുന്നു കൊണ്ട് ഞാൻ ഒന്നും പറയാൻ പാടില്ല. എങ്കിലും ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ള ആൾക്കാരെ മലിനപ്പെടുത്തുകയെന്ന പ്രക്രിയയാണ് പൊലിസിനെ ഉപയോഗിച്ചുകൊണ്ട് നടത്തുന്നത്. ഇനിയും വരും കഥകൾ’- സുരേഷ് ഗോപി പറയുന്നു.
ഓപ്പറേഷൻ നുംഖൂർ എന്ന പേരിൽ സിനിമാ താരങ്ങൾക്കെതിരെ അന്വേഷണം ആരംഭിച്ചത് കേന്ദ്ര ഏജൻസിയായ കസ്റ്റംസ് ആണ്. പിന്നീട് മറ്റൊരു കേന്ദ്ര ഏജൻയായ ഇഡിയും വിഷയത്തിൽ റെയിഡുമായി രംഗത്തെത്തി. എന്നാൽ സ്വർണപ്പാളി വിവാദം സംസ്ഥാനത്തെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടതാണ്.
ED raids Suresh Gopi against central agencies
