HomeNewsഐ.വി. ശശി അന്തരിച്ചു

ഐ.വി. ശശി അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യയും നടിയുമായ സീമ തന്നെയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 150 ലേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. അദ്ദേഹം ആദ്യം സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്.2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.

1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ ചലച്ചിത്ര ജീവിതത്തിന്‍റെ തുടക്കം. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. 2014-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് –  1982-ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ്, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്, ആറു തവണ ഫിലിംഫെയർ അവാർഡ്, 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നീ പുരസ്കാരങ്ങള്‍ ശശിക്ക് ലഭിച്ചിട്ടുണ്ട്.  2013 ഏപ്രിൽ 19-ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയിൽ കമലഹാസനും, മോഹൻലാലും, മമ്മൂട്ടിയും ചേർന്ന് ഐ.വി ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു .

RELATED ARTICLES
- Advertisment -
Google search engine

Most Popular