ഗുരുവായൂർ: സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ‘ദേവാരണ്യം’ പദ്ധതിക്ക് ഗുരുവായൂർ ദേവസ്വത്തിൽ തുടക്കമായി. കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതിസംരക്ഷണം എന്നത് ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി ഓർമ്മിപ്പിച്ചു. ഗുരുവായൂർ ക്ഷേത്രപരിസരത്തുള്ള പവിത്രമായ രുദ്രാക്ഷമരത്തെ ആദരിച്ചുകൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പരിസ്ഥിതി സ്നേഹിയും കവിയും ജ്ഞാനപ്പാന പുരസ്കാര ജേതാവുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ എന്നിവരും നിരവധി ഭക്തരും ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സമീക്ഷാ പറമ്പിൽ പേര, പ്ലാവ്, നാരകം, ചാമ്പയ്ക്ക തുടങ്ങിയ വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ ദേവാരണ്യം പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലായി നൂറുകണക്കിന് ഔഷധച്ചെടികളും ഫലവൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചു.

