യുവാക്കൾ പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്ന വീഡിയോ പൊലീസിന് കൈമാറിയ നടന് സോഷ്യൽ മീഡിയയിൽ വൻ കയ്യടി.

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള യുവാക്കൾ പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ‘പെരുമ്പാവൂർ സ്റ്റോറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് നടൻ അധികൃതർക്ക് കൈമാറിയത്. ഉണ്ണിയുടെ ഇടപെടലിന് പിന്നാലെ പൊലീസ് പ്രതികളെ ഉടനടി വലയിലാക്കി.
യുവാക്കൾ പരസ്യമായി കയ്യിൽ ലഹരിമരുന്ന് ഇൻജക്ഷൻ ചെയ്യുന്നതും സിറിഞ്ചുമായി നടക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ കണ്ടയുടൻ ഉണ്ണി മുകുന്ദൻ ഇത് കേരള പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ‘നോട്ടഡ്’ എന്ന് പൊലീസ് മറുപടിയും നൽകി. തുടർന്ന് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിൽ വൈകുന്നേരത്തോടെ ലഹരി ഉപയോഗിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത വിവരം ‘കേരള പൊലീസിന് നന്ദി’ എന്ന് കുറിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പൊലീസിന്റെ നടപടിയുടെ സ്ക്രീൻഷോട്ടുകളും താരം പങ്കുവെച്ചിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ നടന്റെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരു കലാകാരൻ സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തത്തിന് മികച്ച മാതൃകയാണ് ഉണ്ണി മുകുന്ദൻ എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
Actor Unni Mukundan Alerts Kerala Police on Public Drug Use in Perumbavoor
