ദുബായിൽ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പുമായി അധികൃതർ; സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം

ദുബായ്: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചതിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും നേരെ നടത്തിയ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ദുബായിൽ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ്. നഗരത്തിൽ പലയിടത്തും സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ, ജനങ്ങളോട് അടിയന്തരമായി സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറാൻ ദുബായ് അധികൃതർ നിർദേശം നൽകി.

മൊബൈൽ ഫോണുകളിലൂടെയാണ് ജനങ്ങൾക്ക് അധികൃതർ അടിയന്തര സന്ദേശം (Emergency Alert) നൽകിയത്. “നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മിസൈൽ ഭീഷണിയുള്ളതിനാൽ ഉടൻ തന്നെ അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം പ്രാപിക്കുക. ജനലുകൾ, വാതിലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാറിനിൽക്കുക,” സന്ദേശത്തിൽ വ്യക്തമാക്കുന്നു.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങൾ നഗരത്തിലെ രണ്ട് വീടുകളുടെ മുറ്റത്ത് വീണ് രണ്ട് പേർക്ക് പരിക്കേറ്റതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. ഇവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും നിലവിൽ നഗരത്തിൽ കേട്ട ശബ്ദങ്ങൾ ശത്രുക്കളുടെ ആക്രമണം വിജയകരമായി തടഞ്ഞതിന്റെ (Interception) ഫലമായുണ്ടായതാണെന്നും ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസ് അറിയിച്ചു.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നാശനഷ്ടം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇറാൻ്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവിടെ നാല് പേർക്ക് പരിക്കേറ്റു. വ്യോമ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെയോ മിസൈലിന്റെയോ അവശിഷ്ടങ്ങൾ വീണ് ദുബായിലെ ജബൽ അലി തുറമുഖത്തും തീപിടുത്തമുണ്ടായി. കൂടാതെ പ്രധാന ലാൻഡ്മാർക്കുകളായ ബുർജ് അൽ അറബ്, പാം ജുമൈറ ഹോട്ടലുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം സ്ഫോടനവും പുകയും ഉയരുന്നതിന്റെ വീഡിയോയും ശനിയാഴ്ച പുറത്തുവന്നിരുന്നു.

അബുദാബിയിലും ആക്രമണം യുഎഇ തലസ്ഥാനമായ അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ കേട്ടു. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഏഷ്യൻ വംശജൻ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അബുദാബി എയർപോർട്ട് അധികൃതർ ‘X’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ദുബായിലേക്കും അബുദാബിയിലേക്കുമുള്ളതും അവിടെ നിന്നുള്ളതുമായ നിരവധി വിമാന സർവീസുകൾ എയർലൈനുകൾ നിർത്തിവെച്ചിരിക്കുകയാണ്.

By admin