
തിരുവനന്തപുരം: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
നരേന്ദ്ര മോദി സർക്കാരിന്റെ വികസന നയങ്ങളും രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്ന ‘വികസിത കേരളം’ എന്ന വികസന കാഴ്ചപ്പാടുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഡോ. റോബിൻ പറഞ്ഞു. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള ഡോ. റോബിന്റെ കടന്നുവരവ് ബിജെപിക്ക് കേരളത്തിൽ പുതിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, എൻഡിഎ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. എ.എൻ. രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. കെ. സോമൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
