വിവാഹവിശേഷങ്ങള്‍ പങ്ക് വച്ച് മീര

അവതാരക മീര അനില്‍ വിവാഹ വിശേഷങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് മീരയുടെ വിവാഹം. മല്ലപ്പള്ളി സ്വദേശി വിഷ്ണുവാണ് മീരയുടെ വരന്‍. പ്രണയവിവാഹങ്ങള്‍ നിറഞ്ഞ ഈ സമയത്ത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ കഥ തന്നെയാണ് മീരക്ക് പറയാനുള്ളത്. വിഷ്ണുവിനെ ആദ്യമായി കണ്ട കാര്യവും ലൗ അറ്റ് ഫസ്റ്റ് സൈറ്റുമെല്ലാം പങ്ക് വെച്ചിരിക്കുകയാണ് മീര.

മീരയുടെ വാക്കുകള്‍ ഇങ്ങനെ..

വിഷ്ണുവിന്റെ വീട് തിരുവല്ല, മല്ലപ്പള്ളിയിലാണ്. വെല്‍ അറേഞ്ച്ഡ് ആണ് വിവാഹം. മാട്രിമോണിയല്‍ വഴി വന്ന ആലോചനയാണ്. വിഷ്ണു ആദ്യം പെണ്ണ് കണ്ടത് എന്നെയാണ്. എന്നെ ആദ്യം പെണ്ണ് കാണാന്‍ വന്നത് വിഷ്ണു ആണെന്നതാണ് മറ്റൊരു കൗതുകം. ജാതകം നോക്കിയപ്പോള്‍ നല്ല പൊരുത്തം. എന്റെ ആകെ ആവശ്യം വിവാഹം ഉറപ്പിക്കും മുമ്പ് ചെറുക്കനോട് സംസാരിക്കണം എന്നതായിരുന്നു. ഞാന്‍ വളരെ ഓപ്പണ്‍ മൈന്‍ഡഡാണ്. ഒരുപാട് പ്രപ്പോസല്‍സ് മുമ്പേ വന്നിട്ടുണ്ടെങ്കിലും കുറച്ച് സ്പെഷ്യല്‍ എന്നു തോന്നുന്ന ഒരാള്‍ വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 8 ന് ആയിരുന്നു എന്റെ പിറന്നാള്‍. അന്ന് തിരുവനന്തപുരത്ത് വച്ച് കാണാന്‍ തീരുമാനിച്ചു. നേരില്‍ കണ്ട്, എങ്ങനെയുണ്ട് എന്ന് അറിയണമല്ലോ. പക്ഷേ, കണ്ട് ആദ്യ നിമിഷം തന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നുണ്ടെന്ന് ജീവിതത്തില്‍ ആദ്യമായി ഞാന്‍ മനസ്സിലാക്കി. ഇനി ഇതു മതി എന്നു തീരുമാനിച്ചു. ആ ദിവസം ഞാന്‍ എന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത ഗിഫ്റ്റാണ് വിഷ്ണു. അവര്‍ മറ്റെല്ലാം ആലോചിച്ചുറപ്പിച്ച് എന്റെ യെസ് കേള്‍ക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു.
പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. ഒട്ടും മേക്കപ്പില്ലാത്ത ആളെയായിരുന്നു കക്ഷി നോക്കിക്കൊണ്ടിരുന്നത്. ഞാനാണെങ്കില്‍ ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളുകള്‍ വാങ്ങുന്ന ആളും. നേരില്‍ കാണുമ്പോള്‍ ഞാന്‍ മേക്കപ്പിലാകുമോ എന്ന് വിഷ്ണുവിന് പേടിയുണ്ടായിരുന്നു. ഞാന്‍ വളരെ സിംപിള്‍ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.
എന്നെ ഇഷ്ടമാണ് എന്ന് വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. നേരില്‍ കണ്ട് തീരുമാനിക്ക് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, വേണ്ട എനിക്ക് മാനസികമായി ഒരു അടുപ്പം തോന്നുന്നു എന്നു പറഞ്ഞു. കണ്ട് കഴിഞ്ഞ് പിരിയാന്‍ നേരം ജീവിതയാത്രയില്‍ നമ്മള്‍ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോള്‍ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എന്റെ വിരലില്‍ അണിയിച്ചു. അപ്പോള്‍ കോവളത്ത് കടലിലേക്ക് മറയാന്‍ സൂര്യന്‍ വെമ്പുകയായിരുന്നു.