അമേരിക്ക തുറക്കുന്നു വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്ന് ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാതെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്  വൈറസിന്റെ രണ്ടാം വരവിനു കാരണമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. അകലം പാലിക്കല്‍, വീട്ടിലിരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ യുഎസിലെ പല സംസ്ഥാനങ്ങളും തയാറാകുന്ന പശ്ചാത്തലത്തിലാണ് ഗേറ്റ്‌സിന്റെ അഭിപ്രായം. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഗേറ്റ്‌സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മഹാമാരി സമ്പദ്വ്യവസ്ഥയെ ബാധിച്ചതിനാല്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ വിവിധ മഹാമാരികളെക്കുറിച്ച് വര്‍ഷങ്ങളായി പഠിക്കുന്നുണ്ട്. ഇപ്പോള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാനും അവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്നു കരുതി പുറത്തിറങ്ങുന്നത് അവര്‍ക്കു കാര്യമായി റിസ്‌ക് ഇല്ലെന്ന സൂചനയല്ല നല്‍കുന്നതെന്ന് ഗേറ്റ്‌സ് പറഞ്ഞു. മേയ് ഒന്നിന് മുന്‍പ് ഒരു കാരണവശാലും സംസ്ഥാനങ്ങള്‍ തുറക്കരുതെന്നാണ് യുഎസിലെ ആരോഗ്യ രംഗത്തെ ഗവേഷകര്‍ പറയുന്നത്.

നിയന്ത്രണങ്ങളില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തുറന്നുകൊടുക്കണമെങ്കില്‍ ആദ്യം വ്യാപകമായ പരിശോധനകള്‍ നടത്തണമെന്നും പുതിയ വൈറസ് കേസുകള്‍ കണ്ടെത്തണമെന്നും ഗേറ്റ്‌സ് നിര്‍ദേശിക്കുന്നു.

മഹാമാരിയെ നിയന്ത്രിക്കാതെ രാജ്യം തുറന്നുകൊടുത്താല്‍ ആദ്യത്തേതുപോലെ ഭയാനകമായ ആക്രമണമായിരിക്കും രണ്ടാം വരവില്‍ വൈറസ് പ്രകടമാക്കുക. വിജയകരമായി രാജ്യം പ്രവര്‍ത്തനം പുനരാരംഭിക്കണമെങ്കില്‍ ഘട്ടംഘട്ടമായിവേണം തുറന്നുകൊടുക്കാന്‍. ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ), വിവിധ ആരോഗ്യ, സാമ്പത്തിക വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുക്കണം. സമൂഹത്തിലെ ഏതൊക്കെ വിഭാഗങ്ങള്‍ വേണം അടിയന്തരമായി പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതെന്നു കണ്ടെത്തണം. പുനരാരംഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കണം. പരിശോധനയും സമ്പര്‍ക്ക പട്ടികയും തയാറാക്കണമെന്നും ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

admin:
Related Post