കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര സര്‍വീസുകള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

*വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ വര്‍ഷം സജ്ജമാകും

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും  സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ  നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്.

റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇപിസി കോണ്‍ട്രാക്ട് ജോലികളും  498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിങ്ങും അതിനോടനുബന്ധിച്ച സിറ്റി സൈഡ്  നിര്‍മാണ ജോലികളും ടെര്‍മിനല്‍ ബില്‍ഡിങ്ങിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇന്‍ലൈന്‍ എക്സ്റേ മെഷീന്‍, ബാഗേജ് ഹാന്‍ഡ്ലിംഗ് സിസ്റ്റം, ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍ ചെക്ക് പോയിന്റുകള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജ് ജോലികളും പൂര്‍ത്തീകരിച്ചു.

ഗ്രൗണ്ട് ഹാന്റ്ലിംഗ് സേവനങ്ങള്‍ക്കായി എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്  ഡല്‍ഹി പ്രൈവറ്റ് ലിമിറ്റഡിനെയുമാണ് നിയോഗിച്ചിരിക്കുന്നത്.

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വകയായി ഒരു ഇന്റര്‍നാഷണല്‍ എയര്‍ കാര്‍ഗോ  കോംപ്ലക്സ്, നാലുനിലയിലുള്ള എയര്‍പോര്‍ട്ട് ഓഫീസ് സമുച്ചയം, അഞ്ചുനിലയിലുള്ള സിഐഎസ്എഫ് പാര്‍പ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേര്‍ന്ന്  23 കിലോമീറ്റര്‍ നീളമുള്ള  റോഡിന്റെയും ലൈറ്റിങ്ങിന്റെയും നിര്‍മാണ പ്രവൃത്തികള്‍, എയര്‍പോര്‍ട്ട് പരിസരം മോടി പിടിപ്പിക്കുന്നതിനാവശ്യമായ ലാന്‍ഡ് സ്‌കേപ്പിംഗ് ജോലികള്‍ എന്നിവ ഉള്‍പ്പെടെയുള്ള 113 കോടി രൂപയുടെ ജോലികള്‍ മോണ്ടി കാര്‍ലോ ലിമിറ്റഡ് കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ട്.  ഒന്നരവര്‍ഷത്തിനുള്ളില്‍ ഈ ജോലികള്‍ പൂര്‍ത്തീകരിക്കാനാവും.

റണ്‍വേ ദൈര്‍ഘ്യം 3050 മീറ്ററില്‍നിന്നും 4000 മീറ്ററാക്കി വര്‍ധിപ്പിക്കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. 4000 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ആയി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനായി വിവിധ തസ്തികകളില്‍ 180ഓളം ജീവനക്കാരെയാണ് ആകെ വേണ്ടത്. നിലവില്‍ 136 ഉദ്യോഗസ്ഥര്‍ വിവിധ തസ്തികകളിലായി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. ബാക്കി വരുന്ന തസ്തികകളിലെ നിയമന പ്രക്രിയ നടക്കുന്നു. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ 29 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചു. ഈ വിഭാഗത്തില്‍ ബാക്കിയുള്ള എല്ലാവരെയും എയര്‍പോര്‍ട്ടിന്റെ ഗ്രൗണ്ട്/ കാര്‍ഗോ ഹാന്‍ഡലിംഗ് ഏജന്‍സിയായ എയര്‍ ഇന്ത്യ എടിഎസ്എല്‍ വഴി  നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് എയര്‍ ഇന്ത്യ എടിഎസ്എല്‍ നല്‍കും.

നാവിഗേഷന്‍ സംവിധാനമായ ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒമ്നി റേഞ്ച് (ഡിവിഒആര്‍) ഇന്‍ഫര്‍മേഷന്‍ ലാന്‍ഡിംഗ് സിസ്റ്റവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു. ഇവയുടെ പരിശോധനയും പൂര്‍ത്തിയായി.  സെപ്റ്റംബര്‍ 20, 21 തിയതികളില്‍  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് ഡിവിഒആര്‍ അടിസ്ഥാനമായുള്ള ഫ്ളൈറ്റ് ട്രയല്‍ ഡിജിസിഎ എയര്‍ ഇന്ത്യാ എക്സ്പ്രസും ഇന്‍ഡിഗോയും വിജയകരമായി നടത്തി. ഈ പരിശോധനയുടെയും ഫ്ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തില്‍ വിമാനത്താവള ലൈസന്‍സ് ഉടന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ടിന്റെ സുരക്ഷയ്ക്കായി 613 പേരെ നിയോഗിക്കാന്‍ സിഐഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇവരെ നിയമിച്ചുതുടങ്ങും.  ഇമിഗ്രേഷനായി താത്കാലികാടിസ്ഥാനത്തില്‍ കേരള പോലീസിനെ നിയോഗിക്കുമെന്നും വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിനായുള്ള നടപടിക്രമങ്ങള്‍ 2018ല്‍ത്തന്നെ പൂര്‍ത്തീകരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ വി. തുളസീദാസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എ. യൂസഫലി, കമ്പനി സെക്രട്ടറി ജി. ജ്ഞാനേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

admin:
Related Post