Home Blog Page 46

തൃശൂരിൽ ആനയിടഞ്ഞ് ഓടി; വാഹനങ്ങളും വീടും തകർത്തു

0

തൃശ്ശൂർ: നാലു മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തി കൊമ്പന്റെ പരാക്രമം. ഗൗരി നന്ദൻ എന്ന ആനയാണ് തൃപ്രയാർ കിഴക്കേനട രാജവീഥി റോഡിൽ ഇടഞ്ഞോടി വ്യാപക നാശം വരുത്തിയത്. വീടിന്റെ ഗേറ്റ് തകർത്ത ആന നിരവധി തെങ്ങുകളും വൈദ്യുതി പോസ്റ്റും മാവും മറിച്ചിട്ടു.

പുലർച്ചെ നാലു മണിയോടെ എഴുന്നള്ളിപ്പ് കഴിഞ്ഞ് ലോറിയിൽ കൊണ്ടു വന്ന് ഒഴിഞ്ഞ പറമ്പിൽ തളക്കാൻ പോവുമ്പോഴാണ് ആന ഇടഞ്ഞോടിയത്. റോഡിലൂടെ ഓടിയ ആന അലങ്കാര പറമ്പത്ത് സലാമിന്റെ വീടിന്റെ ഗേറ്റ് തകർത്തു. തുടർന്ന് വീടുകളുടെ ഇടയിലൂടെ ഓടിയ ആന കരിമ്പാടത്ത് താമസിക്കുന്ന സുശാന്തിന്റെ ബൈക്ക് തകർത്തു.

Elephant violent at thrissur

റൺവീർ സിങ്ങിന്റെ ‘ധുരന്ധർ 2’ ടീസർ പുറത്തിറങ്ങി

0

ബോളിവുഡ് സൂപ്പർ താരം റൺവീർ സിംഗ് നായകനായെത്തുന്ന പുതിയ ചിത്രം ‘ധുരന്ധർ 2’ന്റെ (Dhurandhar: The Revenge) ടീസർ പുറത്തിറങ്ങി. ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിയ ‘ധുരന്ധർ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്.

ഇരുണ്ടതും തീവ്രവുമായ ലുക്ക്: കറാച്ചിയിലെ ലിയാരി തെരുവുകളിൽ നാശം വിതയ്ക്കുന്ന റൺവീർ സിങ്ങിന്റെ തീവ്രമായ രൂപമാണ് ടീസറിലുള്ളത്. ‘നയാ ഹിന്ദുസ്ഥാനിൽ നിന്നുള്ള സ്നേഹത്തോടെ’ എന്ന ടാഗ്‌ലൈനോടെയാണ് ടീസർ എത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ അധോലോകത്തിൽ നുഴഞ്ഞുകയറിയ ഇന്ത്യൻ ഇന്റലിജൻസ് ഓഫീസറായ ഹംസ അലി മസ്ഹാരി എന്ന കഥാപാത്രത്തെയാണ് റൺവീർ അവതരിപ്പിക്കുന്നത്.പ്രശസ്ത സംവിധായകൻ ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ ആദ്യ ഭാഗം 1000 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായിരുന്നു. ഒരു ഭാഷയിൽ മാത്രം റിലീസ് ചെയ്ത് 1000 കോടി നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ‘ധുരന്ധർ’ സ്വന്തമാക്കിയിരുന്നു.

അമലയുടെ ആരും കാണാത്ത ഭാവങ്ങൾ! ജന്മനാട്ടിലെത്തിയപ്പോഴുള്ള വീഡിയോയുമായി ജഗത് ദേശായി

0

നടി അമല പോളിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഭർത്താവ് ജഗത് ദേശായി പങ്കുവെച്ച പുതിയ വീഡിയോ. അമലയുടെ ഇതുവരെ ആരും കാണാത്ത വ്യത്യസ്ത ഭാവങ്ങളും നിമിഷങ്ങളുമാണ് ജഗത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

തന്റെ ജന്മനാട് സന്ദർശിച്ചപ്പോൾ പകർത്തിയത് എന്ന് ജഗത് കുറിച്ചു. “എനിക്ക് മാത്രം കാണാൻ കഴിയുന്ന എന്റെ ഭാര്യയുടെ പലതരം ഭാവങ്ങൾ, ഞങ്ങൾ എന്റെ നാട്ടിലെത്തിയപ്പോൾ പകർത്തിയത്” എന്ന മനോഹരമായ ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമയിലെ ഗ്ലാമർ വേഷങ്ങളിൽ നിന്നും മാറി, തികച്ചും സ്വാഭാവികമായ ലുക്കിലുള്ള അമലയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പ്രിയതമയോടുള്ള ജഗത്തിന്റെ സ്നേഹം ഈ വരികളിൽ വ്യക്തമാണെന്നാണ് ആരാധകരുടെ കമന്റുകൾ.

ധനുഷിനൊപ്പം ശ്രീലീല; ‘D55’ വരുന്നു! സംവിധാനം രാജ്കുമാർ പെരിയസാമി

0

ചെന്നൈ: തമിഴ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷിന്റെ 55-ാമത്തെ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു. ടോളിവുഡിലെ സെൻസേഷൻ ശ്രീലീലയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ എന്ന വൻ വിജയത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആക്ഷനും വൈകാരികതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

  • അഭിനേതാക്കൾ: ധനുഷ്, ശ്രീലീല.
  • സംവിധാനം: രാജ്കുമാർ പെരിയസാമി.
  • സംഗീതം: ‘കച്ചി സേര’ എന്ന ഗാനത്തിലൂടെ തരംഗമായ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

ഇന്ദ്രൻസ് – മധുബാല ചിത്രം “ചിന്ന ചിന്ന ആസൈ”യിലെ “മഹാദേവ” ഗാനം പുറത്ത്

0

ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന ചിത്രം “ചിന്ന ചിന്ന ആസൈ”യിലെ വാരണാസി ട്രിബ്യൂട്ട് സോങ് “ മഹാദേവാ” പുറത്ത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ഗാനം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത സംഗീതം പകർന്ന ഈ ഗാനത്തിൻ്റെ വരികൾ ഒരുക്കിയത് ധന്യ സുരേഷ് മേനോൻ ആണ്. ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂർണ്ണമായും വാരണാസിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം, ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിക്കുന്നത്. പുതുമുഖ സംവിധായിക വർഷ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷം, ശക്തമായ കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ മധുബാല വീണ്ടും എത്തുകയാണ്. അതുപോലെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകുന്ന നടൻ ഇന്ദ്രൻസും, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹൃദയസ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ഒരുങ്ങുന്ന ചിത്രം 2026 ൽ തീയേറ്ററുകളിൽ എത്തും.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, കൊറിയോഗ്രാഫർ : ബ്രിന്ദാ മാസ്റ്റർ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി,ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, പി ആർ ഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.
ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, അഭിജിത്ത് അനിൽകുമാർ, ശിഖ ജോഷി, ഗോവിന്ദ് വസന്ത.

ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ആഗോള റിലീസ് ഫെബ്രുവരി 5 ന്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

0

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 , ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത. അത് കൊണ്ട് തന്നെ, ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനം ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികളും ആരാധകരും.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഇണ്ടൻസ്, ജോമോൻ ജ്യോതിർ എന്നിവർക്കൊപ്പം 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്, പിആർഒ ശബരി

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ബെംഗളൂരുവിൽ ജീവനൊടുക്കി; ആത്മഹത്യ ആദായനികുതി വകുപ്പ് റെയ്ഡിനിടെ

0

ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയെ (57) ബെംഗളൂരുവിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ബെംഗളൂരു റിച്ചമണ്ട് സർക്കിളിലെ ഓഫീസിനുള്ളിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

സംഭവത്തെക്കുറിച്ച്: നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ മുതൽ സി.ജെ. റോയിയുടെ ബെംഗളൂരുവിലെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് (Income Tax Department) വ്യാപകമായ പരിശോധന നടത്തിവരികയായിരുന്നു. റെയ്ഡ് നടപടികൾ പുരോഗമിക്കുന്നതിനിടെ ഓഫീസിലെ തന്റെ മുറിയിൽ വെച്ച് റോയ് സ്വന്തം കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ തന്നെ അദ്ദേഹത്തെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്, വിജയകരമായ വിവാഹ ജീവിതം എന്നു ഞാൻ നിസ്സംശയം പറയും, എന്റെ രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊർജം പകരുന്നതും അവളുടെ കൂടെ ശ്രമത്തിൽ തന്നെ…

0

വിവാഹവാർഷിക ദിനത്തിൽ ഭാര്യയെപ്പറ്റി തുറന്നെഴുതുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

വിജയകരമായ വിവാഹ ജീവിതം എന്നു ഞാൻ നിസ്സംശയം പറയും, ഞാനും എന്റെ പ്രിയതമ ദേവിയും തമ്മിൽ. എന്റെ ജീവിത വിജയം അന്നുമുതൽ ആരംഭിച്ചു. തൊഴിൽ, കല, സംഗീതം, സിനിമ, അവാർഡുകൾ, പത്മശ്രീ വരെയുള്ള വളർച്ച ദേവിക്കു കൂടി അവകാശപ്പെട്ടതാണ്. 15-ഓളം വർഷമായി തുടരുന്ന എന്റെ രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊർജം പകരുന്നതും അവളുടെ കൂടെ ശ്രമത്തിൽ തന്നെ.

എന്റെ മക്കൾ, അവരുടെ വിദ്യാഭ്യാസം, ജോലി, തുടങ്ങി ഗൃഹത്തിലെ മൂകാംബികാ ദേവിയുടെ കെടാവിളക്കു വരെ എല്ലാം തെളിച്ചു സൂക്ഷിക്കുന്നത് എന്റെ ദേവിയുടെ കയ്യൊതുക്കം തന്നെ.

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്. എന്റെ സുഹൃത്തുക്കൾ ശ്രീനി, സത്യൻ അന്തിക്കാട്, മുരളി, ലോഹി, സിബി മലയിൽ, ജയരാജ്, കമൽ തുടങ്ങിയവരെല്ലാം കുടുംബസുഹൃത്തുക്കളാണ്. ദേവി അവരുടെയൊക്കെ സഹോദരിയാണ്. ദാസേട്ടനും ഞങ്ങളുടെ വീട്ടിൽ പലപ്രാവശ്യം വന്ന് ഈ വീടിന്റെ ദേവിയുടെ ആതിഥ്യം സ്വീകരിച്ച് സന്തോഷിച്ചിട്ടുണ്ട്. ഈ വാർഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് തന്നെ സമർപ്പിക്കുന്നു.സ്നേഹപൂർവ്വം

35 വർഷത്തെ സേവനം, എയർ ഇന്ത്യയിൽ നിന്ന് വിരാമം; ആകാശത്തെ അവസാന ഡ്യൂട്ടി വൈറൽ

0

ന്യുഡൽഹി: 35 വർഷത്തെ സേവനത്തിന് ശേഷം എയർ ഇന്ത്യയിൽ നിന്ന് വിരമിച്ച ക്യാബിൻ ക്രൂ അം​ഗത്തിന്റെ ആകാശ വിരമിക്കൽ വൈറൽ. അവസാനത്തെ കാബിൻ അനൗൺസ്മെന്റ നടത്തിയ വീഡിയോ മകൾ പങ്കുവച്ചതോടെയാണ് എയർ ഇന്ത്യ ക്യാബിൻ ക്രൂ അം​ഗമായ നുപൂർ പാർത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എയർ ഇന്ത്യയുടെ ചിക്കാഗോ–ഡൽഹി ദീർഘദൂര സർവീസിൽ കാബിൻ ക്രൂ അംഗമായി അവസാന ഡ്യൂട്ടി നിർവഹിക്കുന്ന നൂപൂർ പാർത്തിനാണ് ഹൃദയപൂർവ്വമായ യാത്രയയപ്പ് നൽകിയത്.
എയർ ഇന്ത്യയുടെ നീല സാരിയിൽ അണിഞ്ഞ്, 13 മണിക്കൂർ നീളുന്ന യാത്രയ്ക്കായി തയ്യാറെടുക്കുന്ന നൂപൂർ, വിമാനത്തിന്റെ ഇന്റർകോം വഴി പതിവ് അനൗൺസ്മെന്റ് നടത്തുന്നതാണ് വീഡിയോയിലുള്ളത്. കോക്ക്പിറ്റ് ക്രൂവിനെ പരിചയപ്പെടുത്തുകയും യാത്രാ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിരമിക്കൽ വിവരങ്ങൾ പറയുന്നുമില്ല. നൂപൂരിന്റെ മകൾ സഞ്ജന പാർത്ത് ഇൻസ്റ്റാഗ്രാമിൽ ദൃശ്യങ്ങൾ പങ്കിട്ടതോടെയാണ് സമൂഹമാധ്യമങ്ങൾ വീഡിയോ ഏറ്റെടുത്തത്.

“30.07.2024. അമ്മയുടെ അവസാന അനൗൺസ്മെന്റ്. കാബിൻ ക്രൂ അംഗമായി അവസാന വിമാനം.”എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവച്ചത്.

മോഹൻലാലിനൊപ്പം തിരികൊളുത്തി, ക ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി എം.എ യൂസഫലി

0

തിരുവനന്തപുരം: മാതൃഭൂമി ക ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.മാതൃഭൂമി എം ഡി എം വി ശ്രേയാംസ്കുമാറിനും ചടങ്ങിന്റെ ഉദ്ഘാടകനായ നടൻ മോഹൻലാലിനുമൊപ്പം ഇലക്ട്രിക് ഓട്ടോയിലാണ് യൂസഫ് അലി ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.

മാതൃഭൂമിയുമായി കാലങ്ങളായുളള അടുപ്പം വിശദീകരിച്ചു കൊണ്ട് ആരംഭിച്ച പ്രസംഗം, ഭഗവത് ഗീതയിലെ വരികളുദ്ധരിച്ചു കൊണ്ടാണ് യൂസഫ് അലി അവസാനിപ്പിച്ചത്. മൺമറഞ്ഞുപോയ പല പ്ര​ഗൽഭരായ എഴുത്തുകാരാൽ സമ്പന്നമായിരുന്നു മാതൃഭൂമിയെന്നും അദ്ദേഹം പ്രസം​ഗത്തിൽ പറഞ്ഞു.

പുതിയ ലുക്കിൽ ക ഉദ്ഘാടന വേദിയിലെത്തിയ മോഹൻലാൽ മലയാള സാഹിത്യത്തിന്റെ പിന്നിട്ട വഴികൾ ഓർമിപ്പിച്ചു കൊണ്ടാണ് പ്രസം​ഗം തുടങ്ങിയത്. മലയാള സാഹിത്യത്തിലെ ഭീമസേനൻ അടക്കമുള്ള കഥാപാത്രങ്ങൾ അനശ്വരമാക്കിയതിനെ കുറിച്ചു പറഞ്ഞ മോഹൻലാൽ കവിത ചൊല്ലിയാണ് പ്രസം​ഗം അവസാനിപ്പിച്ചത്.

മാതൃഭൂമി അക്ഷരോത്സവം ഏഴാം പതിപ്പിന്റെ ഫെസ്റ്റിവൽ പാർട്നർ ആണ് ലുലു.
തിരുവനന്തപുരം കനകക്കുന്നിൽ നാലു നാൾ നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ നിരവധി ദേശീയ അന്തർദേശീയ സാഹിത്യകാരന്മാർ പങ്കെടുക്കും.

എൻജിൻ സംരക്ഷിക്കാൻ ‘ആക്ടീവ്’ ടെക്നോളജി പെട്രോളുമായി ജിയോ-ബിപി; അധിക മൈലേജ് ലഭിക്കുമെന്ന് കമ്പനി

0

ഗോവ: വാഹനങ്ങളുടെ എൻജിൻ വൃത്തിയായി സൂക്ഷിക്കുന്നതിനും മികച്ച പ്രവർത്തനം ഉറപ്പാക്കുന്നതിനുമായി ജിയോ-ബിപി (Jio-bp) പുതിയ ‘ആക്ടീവ്’ (ACTIVE) ടെക്നോളജി പെട്രോൾ വിപണിയിൽ അവതരിപ്പിച്ചു. ഗോവയിൽ നടക്കുന്ന ഇന്ത്യാ എനർജി വീക്ക് 2026-ലാണ് കമ്പനി ഈ പുതിയ ഇന്ധനം പുറത്തിറക്കിയത്.

പ്രധാന സവിശേഷതകൾ:

  • എൻജിൻ വൃത്തിയാക്കുന്നു: സാധാരണ പെട്രോളിൽ നിന്ന് വ്യത്യസ്തമായി, എൻജിനിലെ നിർണ്ണായക ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന അഴുക്കുകൾ (deposits) നീക്കം ചെയ്യാൻ ഈ പുതിയ പെട്രോളിന് സാധിക്കും.
  • മികച്ച മൈലേജ്: ഈ പെട്രോൾ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ വർഷത്തിൽ 100 കിലോമീറ്റർ വരെ അധിക മൈലേജ് ലഭിക്കുമെന്ന് ജിയോ-ബിപി അവകാശപ്പെടുന്നു.
  • വിലയിൽ മാറ്റമില്ല: പ്രീമിയം ഗുണനിലവാരമുണ്ടെങ്കിലും സാധാരണ പെട്രോളിന്റെ അതേ വിലയിൽ തന്നെയായിരിക്കും ഇത് ലഭ്യമാവുക. അധിക തുക നൽകേണ്ടതില്ല.
  • ഗവേഷണം: അഞ്ച് വർഷത്തോളം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ബിപി (bp) ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കോയമ്പത്തൂരിലുൾപ്പെടെ നടത്തിയ പരീക്ഷണങ്ങളിൽ ഇത് വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലുടനീളമുള്ള ജിയോ-ബിപി ഔട്ട്‌ലെറ്റുകളിൽ ഈ പുതിയ പെട്രോൾ ലഭ്യമാകും. പ്രീമിയം ഇന്ധനങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നതെന്ന് ജിയോ-ബിപി അധികൃതർ അറിയിച്ചു.പ്രസ്താവിച്ച മൈലേജ് ആനുകൂല്യങ്ങൾക്ക് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്ന് കമ്പനി സൂചിപ്പിച്ചു, കൂടുതൽ വിശദാംശങ്ങൾ ജിയോ-ബിപി വെബ്‌സൈറ്റിൽ ലഭ്യമാണ്.

കേരള ബജറ്റ് 2026: ശമ്പള കമ്മീഷൻ, അഷ്വേർഡ് പെൻഷൻ, കെ-റെയിൽ നിലപാടിൽ മാറ്റമില്ല; ബജറ്റിലെ സമ്പൂർണ്ണ വിവരങ്ങൾ

0

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമപദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് ഇത്തവണത്തേത്. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, സാധാരണക്കാർ എന്നിവർക്കായി നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്.

ബജറ്റിലെ പ്രധാന നിർദ്ദേശങ്ങളും പ്രഖ്യാപനങ്ങളും താഴെ പറയുന്നവയാണ്:

1. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നേട്ടം

ജീവനക്കാരുടെ ഏറെക്കാലമായുള്ള ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.

  • ശമ്പള പരിഷ്‌കരണ കമ്മീഷൻ: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം.
  • ഡിഎ കുടിശ്ശിക: ജീവനക്കാരുടെ ഡിഎ (DA), ഡിആർ (DR) കുടിശ്ശികകൾ തീർത്തു നൽകും. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പവും ബാക്കി മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പവും നൽകും.
  • അഷ്വേർഡ് പെൻഷൻ: ഏപ്രിൽ മുതൽ പങ്കാളിത്ത പെൻഷന് പകരം ‘അഷ്വേര്‍ഡ് പെൻഷൻ’ (Assured Pension) പദ്ധതി നടപ്പിലാക്കും. വിരമിക്കുമ്പോൾ വാങ്ങുന്ന അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷനായി ഉറപ്പാക്കുന്നതാണ് പദ്ധതി.
  • ഭവന വായ്പ: ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (HBA) സ്കീം പുനരുജ്ജീവിപ്പിക്കും.
  • മെഡിസെപ്പ് 2.0: സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ഫെബ്രുവരി 1 മുതൽ കൂടുതൽ ആനുകൂല്യങ്ങളോടെ നടപ്പാക്കും. വിരമിച്ചവർക്കും സഹകരണ ജീവനക്കാർക്കും സമാനമായ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കും.

2. കെ-റെയിലും പുതിയ അതിവേഗ പാതയും

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

  • കെ-റെയിൽ: കെ-റെയിൽ വരുമെന്ന് തന്നെയാണ് സർക്കാർ നിലപാട്. പദ്ധതിയുടെ പേരിലോ സാങ്കേതിക വിദ്യയിലോ പിടിവാശിയില്ല.
  • ആർആർടിഎസ് (RRTS): കെ-റെയിലിന് സമാന്തരമായി തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) നടപ്പാക്കും. നഗര മെട്രോകളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ വകയിരുത്തി.

3. ആരോഗ്യം: സൗജന്യ ചികിത്സയും പുതിയ ഇൻഷുറൻസും

  • അപകട ഇൻഷുറൻസ്: റോഡപകടത്തിൽപ്പെടുന്നവർക്ക് സർക്കാർ/സ്വകാര്യ ആശുപത്രികളിൽ ആദ്യ 48 മണിക്കൂർ (അഞ്ച് ദിവസം വരെ) സൗജന്യ ചികിത്സ. ഇതിനായി 15 കോടി വകയിരുത്തി.
  • പുതിയ ഇൻഷുറൻസ്: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി കുറഞ്ഞ നിരക്കിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (50 കോടി).
  • മെനോപോസ് ക്ലിനിക്ക്: എല്ലാ ജില്ലാ ആശുപത്രികളിലും മെനോപോസ് ക്ലിനിക്കുകൾ ആരംഭിക്കാൻ 3 കോടി രൂപ.

4. ക്ഷേമ പെൻഷനുകളും ഓണറേറിയവും

  • ക്ഷേമ പെൻഷൻ: ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ വകയിരുത്തി.
  • വേതന വർദ്ധനവ്:
    • അങ്കണവാടി വർക്കർമാർ, ആശാ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവർക്ക് 1000 രൂപ വർദ്ധന.
    • അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപ വർദ്ധന.
    • സ്‌കൂൾ പാചക തൊഴിലാളികൾക്ക് ദിവസവേതനത്തിൽ 25 രൂപ വർദ്ധന.
  • മറ്റ് പെൻഷനുകൾ: പത്രപ്രവർത്തക പെൻഷൻ 13,000 രൂപയായും, ക്യാൻസർ/ലെപ്രസി രോഗബാധിതരുടെ പെൻഷൻ 2000 രൂപയായും ഉയർത്തി. കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള ധനസഹായം 1000 രൂപയാക്കി.

5. വിദ്യാഭ്യാസം & കുട്ടികൾ

  • പാലും മുട്ടയും: അങ്കണവാടികളിൽ ഇനി എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പാലും മുട്ടയും നൽകും (80.90 കോടി).
  • സൗജന്യ യൂണിഫോം: സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിന് 150 കോടി.
  • സ്കോളർഷിപ്പ്: ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 854.41 കോടി.

6. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

  • നേറ്റിവിറ്റി കാർഡ്: എസ്ഐആർ (SIR) കണക്കെടുപ്പിൽ മതന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാൻ ‘നേറ്റിവിറ്റി കാർഡ്’ നടപ്പാക്കും. ഇതിനായി നിയമനിർമ്മാണം നടത്തും.
  • ഭവന പദ്ധതി: ലൈഫ് മിഷൻ പദ്ധതിക്കായി 1497.27 കോടി രൂപ.
  • തൊഴിലുറപ്പ്: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടിയും, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടിയും വകയിരുത്തി.
  • സിനിമ: വനിതാ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ 7 കോടി രൂപ.
  • പ്രവാസി: പ്രവാസി വ്യവസായ പാർക്കിന് 20 കോടി രൂപ.
  • ഓട്ടോ തൊഴിലാളികൾ: പരിസ്ഥിതി സൗഹൃദ ഓട്ടോകൾ വാങ്ങാൻ 40,000 രൂപ സബ്‌സിഡി.
  • എംഎൽഎ ഫണ്ട്: ഓരോ എംഎൽഎയ്ക്കും 7 കോടി രൂപ വരെയുള്ള പദ്ധതികൾ നിർദ്ദേശിക്കാം. നവകേരള സദസ്സിലെ നിർദ്ദേശങ്ങൾക്ക് 210 കോടി.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക അധികാരങ്ങളിൽ കടന്നുകയറുന്നുവെന്നും ഫെഡറലിസം തകർക്കാൻ ശ്രമിക്കുന്നുവെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി രൂക്ഷമായി വിമർശിച്ചു.