Home Blog Page 415

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്തു

0

തിരുവനന്തപുരം: കോവിഡ് രോഗിയായിരുന്ന രണ്ട് പേര്‍ മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്തു.
ആനാട് സ്വദേശി ഉണ്ണി,  നെടുമങ്ങാട് സ്വദേശി മുരുകേശനാണ് (38) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാവിലെ മരിച്ച ആനാട് സ്വദേശിയേപ്പോലെതന്നെ ഇയാളും മദ്യാപാനാസക്തിയുള്ള ആളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഇയാള്‍ക്കുണ്ടായിരുന്നു എന്നാണ് സൂചന.
ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങിമരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ഉണ്ണി ജീവനക്കാരുടെ കണ്ണുവെട്ടിച്ച്  മുങ്ങിയിരുന്നു. ആശുപത്രി വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ദിശയുടെ വാഹനത്തില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു.

English summary : Two Covid patients commit suicide at Medical College, Thiruvananthapuram

ഇന്ന് 65 പേര്‍ക്ക് കോവിഡ്-19; 57 പേര്‍ രോഗമുക്തരായി

0

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 34 പേര്‍ക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. തൃശൂരില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കുമാരന്‍ എന്ന വ്യക്തിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നുവെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്-10, തൃശൂര്‍-9, മലപ്പുറം-7, തിരുവനന്തപുരം-6, പാലക്കാട്-6, കൊല്ലം-4, ഇടുക്കി-4, എറണാകുളം-4, വയനാട്-4, കണ്ണൂര്‍-4, പത്തനംതിട്ട-3, കോട്ടയം-3, ആലപ്പുഴ-3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ 22 പേര്‍ യു.എ.ഇ, 4 പേര്‍ കുവൈറ്റ്, 3 പേര്‍ ഒമാന്‍, 2 പേര്‍ നൈജീരിയ, 2 പേര്‍ റഷ്യ, 1- സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ഡല്‍ഹി -3, കര്‍ണാടക – 1, അരുണാചല്‍ പ്രദേശ് – 1, ഗുജറാത്ത് – 1, ഉത്തര്‍പ്രദേശ് – 1 എന്നിങ്ങനെയാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരുടെ കണക്കുകള്‍.

തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 07.06.2020 ന് തൃശൂര്‍ ജില്ലയില്‍ മരണമടഞ്ഞ കുമാരന്‍ (87) എന്ന വ്യക്തിക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 പേരാണ് മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

English summary : Covid-19 confirmed to 65 in Kerala today, 57 were cured

പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയും ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂണ്‍ 15-ന് തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. വീണ ഐടി സംരംഭകയാണ്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് ഡി വൈ എഫ് ഐയിലൂടെയാണ് കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ചുവടുറപ്പിക്കുന്നത്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ ദേശീയ പ്രസിഡന്റായത്. റിയാസ് 2009-ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 838 വോട്ടുകള്‍ക്ക് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം കെ രാഘവനോട് പരാജയപ്പെട്ടു. മുഹമ്മദ് റിയാസ് എന്ന പേരിലെ മൂന്ന് അപരന്‍മാര്‍ ചേര്‍ന്ന് 4000-ത്തോളം വോട്ടുകള്‍ പിടിച്ചത് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി.

കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഖാദറാണ്. ഐ ടി സംരംഭകയായ വീണ ബംഗളുരുവില്‍ എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ, ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമയത്ത് നിങ്ങളെ അറിയിക്കുമെന്നാണ് വിവാഹ വാര്‍ത്തയെ കുറിച്ച്  റിയാസ് പറഞ്ഞത്.

പിണറായി വിജയന്‍-കമല ദമ്പതികള്‍ക്ക് വിവേക് വിജയന്‍ എന്നൊരു മകനുമുണ്ട്. അദ്ദേഹം അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു.

English summary : T Veena, daughter of Chief Minister Pinarayi Vijayan and DYFI leader Mohammed Riaz, is getting married

മിനിറ്റുകൾ കൊണ്ട് വീട്ടിൽ തയ്യാറാക്കാം ഗുലാബ് ജാമുൻ

0

മധുരം കഴിക്കാൻ താല്പര്യമില്ലാത്തവർ കുറവാണ്. മിക്കവർക്കും ഗുലാബ് ജാമുൻ ഇഷ്ടമാണ്. നമുക്ക് വേഗം വീട്ടിൽ തന്നെ ഗുലാബ് ജാമുൻ തയ്യാറാക്കാം അതും ബ്രഡ് ഉപയോഗിച്ച്. അത് എങ്ങനെയാണെന്ന് നോക്കിയാലോ. വീഡിയോ കാണാം

ആവശ്യമായ സാധനങ്ങൾ

ബ്രഡ് – 5 എണ്ണം

പാൽ

ഏലക്ക – 2 എണ്ണം

പഞ്ചസാര

തയ്യാറാക്കുന്ന വിധം അറിയാൻ വീഡിയോ കാണു

English Summary : Bread Gulab Jamun Recipe

ഇസയ്ക്ക് കൂട്ടായി തഹാന്‍

0

ഈ ശനിയാഴ്ചയാണ് ടൊവിനോയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ തന്റെ ആദ്യചിത്രവും സോഷ്യമീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം. ഒപ്പം മകന്റെ പേരും ടൊവിനോ വെളിപ്പെടുത്തി. ‘തഹാന്‍ ടോവിനോ’ എന്നാണ് മകന്റെ പേര്. ഹാന്‍ എന്ന് അവനെ വിളിക്കുമെന്നും ടൊവീനോ അറിയിച്ചു.

ഞങ്ങളുടെ മകനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയില്ല ,?ഞങ്ങള്‍ അവന് ‘തഹാന്‍ ടോവിനോ’ എന്ന് പേരിട്ടു, എന്നിട്ട് അവനെ ‘ഹാന്‍’ എന്ന് വിളിക്കാം. എല്ലാ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. ഒരുപാട് സ്‌നേഹം!’- ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.
ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കണ്‍മണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള? ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

English Summary : Actor Tovino Thomas and wife Lidiya are blessed with a baby boy

നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് അന്തരിച്ചു

0

ബംഗളൂരു: നടി മേഘ്‌ന രാജിന്റ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം.ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞാണ് മരണം സംഭവിച്ചത് .

കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള നടനാണ് ചിരഞ്ജീവി സര്‍ജ. 2018 ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം നടന്നത് .

English summary : Actress Meghna Raj’s husband actor Chiranjeevi Sarja passes away .

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ അക്ഷയ് കുമാര്‍

0

ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ടിവി താരം കൈലി ജെന്നര്‍ ആണ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4461 കോടിയാണ് കൈലിയുടെ പ്രതിഫലം. സോഷ്യല്‍ മീഡിയയിലും വളരെയധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് കൈലി. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആണ് മൂന്നാം സ്ഥാനത്ത്. 2020-ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് അക്ഷയ് ഇടം നേടിയത്.

പട്ടികയില്‍ ഇടം നേടിയ ഇന്ത്യയില്‍ നിന്നുള്ള എക വ്യക്തിയും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയില്‍ 52-ാം സ്ഥാനത്താണ് നടന്റെ സ്ഥാനം. അദ്ദേഹത്തിന്റെ പ്രതിഫലം 366 കോടിയാണ്.ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.അടുത്തിടെ റിലീസിന് മുന്നേ അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബ്’ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
സിനിമയുടെ അവകാശത്തിനായി 125 കോടി രൂപയാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മുടക്കിയിരിക്കുന്നത്. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ലക്ഷ്മി ബോംബ് അദ്ദേഹത്തിന്റെ തന്നെ ‘കാഞ്ചന’ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ്.

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ ഹംസ കോയ കോവിഡിന് കീഴടങ്ങി

0

കേരളം ആസ്ഥാനമായുള്ള ഫുട്‌ബോള്‍ കളിക്കാരനും മലപ്പുറം ജില്ലയിലെ പരപാനഗടി സ്വദേശിയുമായ ഹംസ കോയ കൊറോണ വൈറസ് ബാധിച്ച് ശനിയാഴ്ച രാവിലെ മരിച്ചു.61 വയസ്സുള്ള ഇദ്ദേഹം 21 നു മുംബൈയില്‍ നിന്നും നാട്ടിലേക്ക് എത്തി.26 നു അദ്ദേഹത്തിനെ കൊറോണയുടെ ലക്ഷണങ്ങള്‍ കാണിച്ചതിന് ശേഷം മലപ്പുറത്തെ മഞ്ചേരി കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയപ്പെട്ടു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.കോയയുടെ ഭാര്യ, മകന്‍, മരുമകള്‍, കോവിഡ് പോസിറ്റീവ് ഫലം ആയ മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേരക്കുട്ടികള്‍ എന്നിവരും ഇപ്പോള്‍ ചികിത്സയിലാണ്.എല്ലാവരും ഇപ്പോള്‍ സുരക്ഷിതര്‍ ആണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.ഹംസ കോയ മോഹന്‍ ബഗാന്‍,മുഹമദന്‍ സ്‌പോര്‍ട്ടിങ് എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്.

ടൊവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു

0

കോഴിക്കോട്: യുവതാരം ടൊവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ടോവിനോ തോമസിനും ഭാര്യ ലിഡിയക്കും ജനിച്ചത്. ടോവിനോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്.  പുതിയ കുഞ്ഞ് പിറന്നതില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, ആഷിഖ് അബു, പൂര്‍ണിമ ഇന്ദ്രജിത്ത്, നീരജ് മാധവ്, പ്രാചി തെഹ്‌ലാന്‍, റീനൂ മാത്യൂസ് എന്നിവരടക്കം നിരവധി താരങ്ങളാണ് ടൊവിനോക്ക് ആശംസകളുമായി എത്തിയത്.

ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബര്‍ 25നാണ് ലിഡിയയെ ടോവിനോ മിന്നുകെട്ടിയത്. 2016 ജനുവരി 11ന് ഇരുവര്‍ക്കും ഇസ എന്ന പെണ്‍കുട്ടി പിറന്നു.

രോഗികള്‍ കൂടുന്നു പള്ളികള്‍ തുറക്കില്ലെന്ന നിലപാടുമായി സംയുക്ത മഹല്ല് കമ്മിറ്റികള്‍

0

കൊച്ചി: കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ഉടനൊന്നും ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി കൂടുതല്‍ പള്ളികള്‍ രംഗത്ത്. എറണാകുളം ജില്ലയിലെ പള്ളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനിച്ചു. എരുമേലി മഹല് മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും ,നടക്കാവ് പള്ളിയും സമാന നിലപാട് പ്രഖ്യാപിച്ചു.

കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്റാര്‍ മസിജിദും തത്ക്കാലം തുറക്കില്ല. പുനലൂര്‍ ആലഞ്ചേരി മുസ്ലീം ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തുറക്കില്ല. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുകയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഒരു ദിവസം 600 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിക്കും. വലിയമ്ബലം വരെ മാത്രമാണ് പ്രവേശനം. എന്നാല്‍ പ്രസാദവും നിവേദ്യവും നല്‍കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്

0

ന്യുഡല്‍ഹി: അധോലോക നായകനും മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായ ദാവൂദ് ഇബ്രാഹിം കൊവിഡ് 19 ബാധിതനായി കറാച്ചിയില്‍ വച്ച് മരിച്ചതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.വാര്‍ത്താ ചാനലായ ന്യൂസ് എക്സ് ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ന്യൂസ് എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ദാവൂദ് ഇബ്രാഹിമിനും ഭാര്യ സുബീന സറീന്‍ എന്ന മെഹ്ജാബീന്‍ ഷെയ്ഖിനും കൊവിഡ് രോഗം സ്ഥിരീകരിച്ചതായും ഇവരെ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദാവൂദിന്റെ പേഴ്‌സനല്‍ സ്റ്റാഫിനെയും ഗാര്‍ഡുകളെയും ക്വാറന്റൈനിലാക്കിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അതേസമയം സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന അഭ്യൂഹങ്ങള്‍ ദാവൂദിന്റെ സഹോദരന്‍ തള്ളി. ദാവൂദ് കൊവിഡ് ബാധിതനല്ലെന്നും സുഖമായി ഇരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
1993ലെ ബോംബെ സ്‌ഫോടന കേസുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാളെ കൊടുംകുറ്റവാളിയായാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. ഇയാള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കൊവിഡ് ബാധയുണ്ടായെന്നും മരിച്ചുവെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.