ലോകമെമ്പാടുമുള്ള തന്റെ ആരാധകരുമായി സവിശേഷമായൊരു ബന്ധം പങ്കിടുന്ന കാര്യത്തില്‍ അല്ലു അര്‍ജുന്‍ എന്നും മുന്‍പന്തിയിലാണ്, അതിന്റെ പ്രതിഫലനമെന്ന നിലയിൽത്തന്നെ ആരാധകരുമായി പതിവായി ഇടപഴകുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹത്തിനുള്ള ഫാന്‍ ഫോളോയിംഗ് വളരെ കൂടുതലാണ്. ഇപ്പോഴിതാ ഈയിടെ ആരംഭിച്ച ‘ത്രെഡ്സ്’ എന്ന ആപ്പില്‍ ഒരു മില്യണ്‍ ഫോളോവേഴ്സുമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമാതാരമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. സ്‌ക്രീനിലെ മിന്നുന്ന പ്രകടനവും സ്വകാര്യജീവിതത്തിലുള്ള മികച്ച വ്യക്തിത്വവും മൂലം അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം ലോകമെമ്പാടും ഗണ്യമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.
സിനിമാപ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന ‘പുഷ്പ’ എന്ന ചിത്രത്തിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സിനിമാതാരങ്ങളില്‍ ഒരാളായിരിക്കുമ്പോള്‍ത്തന്നെ ലളിതമായ ജീവിതശൈലിയാലും പെരുമാറ്റത്താലും സഹജീവിസ്നേഹത്താലും ആരാധകപ്രീതി നേടാന്‍ അല്ലു അര്‍ജുനു സാധിക്കുന്നുണ്ട്.
ലോകത്തുടനീളമുള്ള ഫാന്‍സ് ആകാംക്ഷയോടെ അല്ലു അര്‍ജുന്റെ വെള്ളിത്തിരയിലെ അടുത്ത അവതാരത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ‘പുഷ്പ 2’വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.
രാജ്യത്തെ വിനോദ, വാർത്താ ചാനലുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ആൻറ് ഡിജിറ്റൽ ഫൗണ്ടേഷൻ , ഐബിഡിഎഫിൻറെ അദ്ധ്യക്ഷനും ഡിസ്നി ഹോട്ട് സ്റ്റാർ ഇന്ത്യ പ്രസിഡൻറുമായ കെ മാധവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സംപ്രേക്ഷണ രംഗവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കെ മാധവൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സംപ്രേക്ഷണ മേഖലയുടെ സമഗ്ര വികസനത്തിന് ഒരു ദേശീയ മാധ്യമ, വിനോദ നയത്തിന് രൂപം നല്കണമെന്ന് കെ മാധവൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ദേശീയ നയം വരുന്നത് മാധ്യമങ്ങൾക്കും നിയന്ത്രണ ഏജൻസികൾക്കും വ്യക്തത നല്കുമെന്നും കെ മാധവൻ ചൂണ്ടിക്കാട്ടി. ഇതിനായി ഐബിഡിഎഫ് തയ്യാറാക്കിയ നിർദ്ദേശങ്ങളും കെ മാധവൻ പ്രധാനമന്ത്രിയെ അറിയിച്ചു. ക്രിക്കറ്റിനു ശേഷം രാജ്യത്ത് കബഡി ഏറെ പ്രചാരമുള്ള കായിക ഇനമായി മാറുന്നതിന് കെ മാധവൻറെ നേതൃത്വത്തിലുള്ള സ്റ്റാർ സ്പോർട്ട്സ് കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രി പരാമർശിച്ചു. ഇതേ മാതൃകയിൽ മറ്റു കായിക ഇനങ്ങളുടെ വികസനം സാധ്യമാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
ഓസ്കാർ അവാർഡ് നേടിയ സംഗീത സംവിധായകൻ കീരവാണിയും ഗാന രചയിതാവ് വൈരമുത്തുവും കഴിഞ്ഞ ഒരാഴ്ചക്കാലം കൊച്ചിയിലെ ബോൾഗാട്ടി പാലസ് റിസോർട്ടിൽ തമ്പടിച്ചിരുന്നു. തൊണ്ണൂറുകളിൽ ‘ സൂര്യൻ ‘, ‘ ജെൻ്റിൽമാൻ ‘, ‘ കാതലൻ ‘, കാതൽ ദേശം ‘, ‘ രക്ഷകൻ ‘ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ ജെൻ്റിൽമാൻ2 ‘ എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും നിർമ്മാതാവും.
ഓസ്കാർ അവാർഡ് നേടിയ ശേഷം കീരവാണി സംഗീതം നൽകുന്ന ആദ്യ തമിഴ് സിനിമയാണ് ‘ജെൻ്റിൽമാൻ2 ‘.ഈ സിനിമ അനൗൺസ് ചെയ്ത വേളയിൽ ആദ്യം പ്രഖ്യാപിച്ചത് സംഗീത സംവിധായകനെ ആയിരുന്നു. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ കമ്പോസ് ചെയ്യാൻ വേണ്ടിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. കേരളത്തിലെത്തുന്ന ഓസ്കാർ അവാർഡ് ജേതാവ് കീരവാണിയെ ആദരിക്കാൻ ജൂലായ് 19- ന് തൻ്റെ വളർച്ചക്ക് നാന്ദി കുറിച്ച കൊച്ചിയിൽ, തൻ്റെ സിനിമ പോലെ തന്നെ ഒരു ബ്രഹ്മാണ്ഡ സ്വീകരണ പരിപാടിക്ക് നിർമ്മാതാവ് കുഞ്ഞുമോൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നൂ. ബോൾഗാട്ടി പാലസിൽ മേയർ അഡ്വ: അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ പരിപാടി നടത്താനായിരുന്നു പദ്ധതി. അതിനായുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു എന്നാൽ തൻ്റെ ഉറ്റ മിത്രം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ആ പൊതു പരിപാടി ഉപേക്ഷിച്ചു കുഞ്ഞുമോൻ. എങ്കിലും മലയാളികളുടെ വകയായി ഒരു മഹത് വ്യക്തിയെ കൊണ്ട് കീരവാണിക്ക് സ്നേഹാദരം നൽകണം എന്ന് തീരുമാനിച്ചു. അതിനായി കുഞ്ഞു കുഞ്ഞുമോൻ കണ്ടെത്തിയത് തൻ്റെ നാലു പതിറ്റാണ്ടിലേറെ കാലത്തെ മിത്രമായ മലയാളത്തിൻ്റെ ഭാവ ഗായകൻ ജയചന്ദ്രനെ ആയിരുന്നു. ബോൾഗാട്ടിയിൽ വൈരമുത്തുവും കുഞ്ഞുമോനും ചേർന്ന് ജയചന്ദ്രനെ സ്വീകരിച്ചു. ജയചന്ദ്രനെ കണ്ടപ്പോൾ താൻ എഴുതി ഭാവഗായകൻ ആലപിച്ച് സൂപ്പർ ഹിറ്റുകളാക്കിയ ഗാനങ്ങളുടെ പിറവിയെ കുറിച്ച് കവി വാചാലനായപ്പോൾ, ജയചന്ദ്രൻ തനിക്ക് അവസാനമായി മികച്ച ഗായകനുള്ള നാഷണൽ അവാർഡ് നേടി തന്നത് ‘കന്നത്തിൽ മുത്തമിട്ടാൽ’ എന്ന സിനിമയിലെ വൈരമുത്തു എഴുതിയ ‘ ഒരു ദൈവം തന്ത പൂവേ ‘ എന്ന പാട്ടായിയിരുന്നു എന്ന് ഓർമ്മപ്പെടുത്തി. അവർ അനുഭവങ്ങൾ അയവിറക്കുന്നതിനിടെ കീരവാണി അവർക്കിടയിലേക്ക് എത്തി.
ജയചന്ദ്രൻ കീരവാണിക്കു പൊന്നാട അണിയിക്കാൻ മുതിർന്നപ്പോൾ കീരവാണി സ്നേഹപൂർവം തടഞ്ഞ് ” അയ്യോ സാർ നീങ്ക എവ്വളോ പെരിയ ലെജണ്ട്. ഉങ്ക സംഗീതം കേട്ട് താൻ നാങ്ക എല്ലാം വളർന്തോം… നീങ്ക ഗുരു…നാങ്ക താൻ ഉങ്കളെ ആദരിക്കണും എന്ന് പറഞ്ഞു കൊണ്ട് ” കീരവാണി ജയചന്ദ്രനിൽ നിന്നും പൊന്നാട വാങ്ങി കെ.ടി.കുഞ്ഞുമോൻ, വൈരമുത്ത്, ‘ജെൻ്റിൽമാൻ2 ‘ വിൻ്റെ സംവിധായൻ എ.ഗോകുൽ കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിൽ എളിമയോടെ ഭാവ ഗായകന് പൊന്നാട അണിയിച്ച് ആദരിച്ചു കൊണ്ട് അനുഗഹം വാങ്ങി. അതിനു ശേഷം ജയചന്ദ്രൻ മറ്റൊരു പൊന്നാട കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അത് അദ്ദേഹം ഓസ്കാർ നായകൻ കീരാവാണിക്ക് അണിയിച്ച് ആദരിച്ചു. നാല്പതു വർഷത്തെ ഉറ്റ സുഹൃത്തിനെ ആശ്ലേഷിച്ചു കൊണ്ട് കുഞ്ഞുമോൻ ജയചന്ദ്രൻ, കീരവാണി, തമിഴ് സിനിമയിലെ തൻ്റെ ആദ്യ കാലം മുതലുള്ള സുഹൃത്ത് ‘ കവി പേരരശ് ‘ വൈരമുത്തു, ഗോകുൽ കൃഷ്ണ എന്നിവരെ പൊന്നാട അണിയിച്ച് സ്നേഹാദരം നൽകി. ആറു ഗാനങ്ങളുള്ള ‘ജെൻ്റിൽമാൻ2 ‘ നു വേണ്ടി വൈരമുത്തു എഴുതിയ മൂന്ന് ഗാനങ്ങളാണ് ആദ്യഘട്ടമായി കീരവാണി ബോൾഗാട്ടി ദീപിൽ വെച്ച് ഈണം നൽകി ചിട്ടപ്പെടുത്തിയത്. തമിഴ് സിനിമകളിലൂടെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും കൊണ്ട് തൊണ്ണൂറുകളിൽ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് , ഇന്ത്യൻ സിനിമക്കു തന്നെ മാതൃകയായ കുഞ്ഞുമോൻ തൻ്റെ പുതിയ ചിത്രമായ ‘ജെൻ്റിൽമാൻ2 ‘ ശത കോടികൾ മുടക്കി ബ്രഹ്മാണ്ഡമായി തന്നെ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ സിനിമയിലെ മുൻ നിര സാങ്കേതിക വിദഗ്ദരാണ് ഈ സിനിമയുടെ അണിയറ ശില്പികളായി ഒന്നിക്കുന്നത്. ‘ജെൻ്റിൽമാൻ2 ‘ ൻ്റെ കൂടുതൽ അപ് ഡേറ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന് സിനിമ പോലെ തന്നെ പ്രവർത്തിയിലും സസ്പെൻസ് നില നിർത്തുന്ന മെഗാ പ്രൊഡ്യൂസർ ‘ജെൻ്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോൻ പറഞ്ഞു.
പ്രേക്ഷകരില്‍ കൗതുകമുണർത്തുന്ന ട്രൈലെർ പുറത്തുവിട്ട് ‘ആർട്ടിക്കിൾ 21’ (Article 21) ടീം. മലയാളത്തിലെ മികവുറ്റ അഭിനേതാക്കളായ ലെന (Lena), അജു വർഗീസ് (Aju Varghese), ജോജു ജോർജ് (Joju George) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്‌ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആർട്ടിക്കിൾ 21’. രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, ബിനീഷ് കോടിയേരി, മനോഹരി ജോയ്, അംബിക നായർ, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഭരണപരിഷ്കരണം ഇന്നും കടന്നുചെല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ തുറന്നു കാണിക്കുകയാണ് ആർട്ടിക്കിൾ 21 എന്ന ചിത്രം. നീതിക്കു വേണ്ടി അണിനിരക്കൂ…എന്ന് ആലേഖനം ചെയ്‌തിട്ടുള്ള പോസ്റ്റർ ഇതിനു മുൻപായി അണിയറ പ്രവർത്തകർ പങ്കു വച്ചിരുന്നു. ലെനയുടെ കഥാപാത്രത്തിന്‍റെ പോസ്റ്ററിനൊപ്പമാണ് നീതിക്കു വേണ്ടി അണിനിരക്കൂ എന്ന ആഹ്വാനവും അണിയറക്കാർ നടത്തിയത്.
ശക്തമായ പ്രമേയമാണ് ‘ആർട്ടിക്കിൾ 21’ മുന്നോട്ട് വയ്‌ക്കുന്നതെന്ന സൂചന ട്രൈലെർ നൽകുന്നു.
അതിവേഗം വളരുന്ന നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ കൂടുതൽ ഉയർച്ചയിലേക്ക് എത്തിക്കാൻ ഉള്ള മാറ്റങ്ങളെ പറ്റി, നമ്മളെവരും കാണുന്നതും കേൾക്കുന്നതുമായ, നമ്മുടെ ചുറ്റുപാടുകളിൽ തന്നെ നടക്കുന്ന ഒരു ഗൗരവമേറിയ വിഷയം അതിന്റെ തീവ്രതയോടെ തന്നെ പറയുന്നുണ്ട് ആർട്ടിക്കിൾ 21 എന്ന സിനിമയിൽ.
വാക് വിത്ത് സിനിമാസിന്‍റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ചെമ്മീൻ സിനിമാസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. കോ പ്രൊഡ്യൂസർ – രോമാഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ. അഷ്‌കർ ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സന്ദീപ് നന്ദകുമാർ എഡിറ്റിങും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ – രംഗനാഥ് രവി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം പകരുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ ആണ്. പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, കല – അരുൺ പി അർജുൻ, മേക്കപ്പ് – റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം – പ്രസാദ് അന്നക്കര, സ്റ്റിൽസ് – സുമിത് രാജ്, ഡിസൈൻ – ആഷ്‌ലി ഹെഡ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്‌ടർ – ഇംതിയാസ് അബൂബക്കർ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോർജ് സെബാസ്റ്റിയൻ നിർമിച്ചു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്തു മയക്ക’മാണു മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു വിൻസി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ജെ. ഗോഡ്ജോ നിർമിച്ചു ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് ആണ് മികച്ച രണ്ടാമത്തെ ചിത്രം. അറിയിപ്പ് എന്ന സിനിമയ്ക്ക് മഹേഷ് നാരായണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് പി.പി. കുഞ്ഞികൃഷ്ണൻ മികച്ച സ്വഭാവ നടനായും ‘സൗദി വെള്ളക്ക’യിലെ അഭിനയത്തിന് ദേവി വർമ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ ലെ ലോപ്പസും ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അർഹരായി. ഇലവരമ്പ് എന്ന ചിത്രം സംവിധാനം ചെയ്ത ബിശ്വജിത്ത് എസും വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചിത്രം സംവിധാനം ചെയ്ത രാരിഷും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.
മറ്റു പുരസ്‌കാരങ്ങൾ
മികച്ച ബാലതാരം(ആൺ) – മാസ്റ്റർ ഡാവിഞ്ചി (ചിത്രം – പല്ലൊട്ടി 90’s കിഡ്സ്
മികച്ച ബാലതാരം(പെൺ) – തന്മയ സോൾ എ. (ചിത്രം – വഴക്ക്)
മികച്ച കഥാകൃത്ത് – കമൽ കെ.എം.(ചിത്രം – പട)
മികച്ച ഛായാഗ്രാഹകൻ – മനേഷ് മാധവൻ(ചിത്രം ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ്(വഴക്ക്)
മികച്ച തിരക്കഥാകൃത്ത് – രതീഷ് ബാലകൃഷ്ണൻ പൊതുവാൾ(ചിത്രം – ന്നാ താൻ കേസ് കൊട്)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) – രാജേഷ് കുമാർ ആർ. (ചിത്രം – ഒരു തെക്കൻ തല്ല് കേസ്)
മികച്ച ഗാനരചയിതാവ് – റഫീക് അഹമ്മദ് (ഗാനം : തിരമാലയാണു നീ – ചിത്രം : വിഡ്ഢികളുടെ മാഷ്)
മികച്ച സംഗീത സംവിധായകൻ(ഗാനങ്ങൾ) – എം. ജയചന്ദ്രൻ (മയിൽപ്പീലിയിളകുന്നു കണ്ണാ.., കുറുമ്പനിന്നിങ്ങ്(ചിത്രം – പത്തൊൻപതാം നൂറ്റാണ്ട്), ആയിഷാ ആയിഷാ (ചിത്രം – ആയിഷ)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- ഡോൺ വിൻസെന്റ് (ചിത്രം – ന്നാ താൻ കേസ് കൊട്)
മികച്ച പിന്നണി ഗായകൻ – കപിൽ കപിലൻ(ഗാനം – പല്ലൊട്ടി 90’s കിഡ്സ് എന്ന ചിത്രത്തിലെ കനവേ മിഴിയിലുണരേ)
മികച്ച പിന്നണി ഗായിക – മൃദുല വാര്യർ (ഗാനം – പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മയിൽപ്പീലി ഇളകുന്നു കണ്ണാ)
മികച്ച ചിത്ര സംയോജകൻ – നിഷാദ് യൂസഫ് (ചിത്രം – തല്ലുമാല)
മികച്ച കലാ സംവിധായകൻ – ജ്യോതിഷ് ശങ്കർ (ചിത്രം – ന്നാ താൻ കേസ് കൊട്)
മികച്ച സിങ്ക് സൗണ്ട് – വൈശാക് പി.വി. (ചിത്രം – അറിയിപ്പ്)
മികച്ച ശബ്ദമിശ്രണം – വിപിൻ നായർ (ചിത്രം – ന്നാ താൻ കേസ് കൊട്)
മികച്ച ശബ്ദരൂപകൽപ്പന – അജയൻ അടാട്ട് (ചിത്രം – ഇലവീഴാ പൂഞ്ചിറ)
മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് – ആഫ്റ്റർ സ്റ്റുഡിയോസ് / റോബർട്ട് ലാംഗ് സി.എസ്.ഐ (ചിത്രം – ഇലവീഴാ പൂഞ്ചിറ), ഐജീൻ ഡിഐ ആൻഡ് വിഎഫ്എക്സ്/ ആർ. രംഗരാജൻ(ചിത്രം – വഴക്ക്)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – റോണക്സ് സേവ്യർ (ചിത്രം – ഭീഷ്്മപർവം)
മികച്ച വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ (ചിത്രം – സൗദി വെള്ളക്ക)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – ഷോബി തിലകൻ(പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പടവീൻ തമ്പി എന്ന കഥാപാത്രം)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – പൗളി വൽസൻ (സൗദി വെള്ളക്ക എന്ന ചിത്രത്തിലെ അയിഷ റാവുത്തർ എന്ന കഥാപാത്രം)
മികച്ച നൃത്ത സംവിധാനം – ഷോബി പോൾരാജ് (ചിത്രം – തല്ലുമാല)
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് – ന്നാ താൻ കേസ് കൊട് (നിർമാതാവ് – സന്തോഷ് ടി. കുരുവിള, സംവിധായകൻ – രതീഷ് ബാലകൃഷ്ണൻ പൊതുവാൾ)
മികച്ച നവാഗത സംവിധായകൻ – ഷാഹി കബീർ (ചിത്രം – ഇലവീഴാ പൂഞ്ചിറ)
മികച്ച കുട്ടികളുടെ ചിത്രം – പല്ലൊട്ടി 90s കിഡ്സ്(നിർമാതാക്കൾ – സാജിത് യഹിയ, നിതിൻ രാധാകൃഷ്ണൻ, സംവിധായകൻ – ജിതിൻ രാജ്)
മികച്ച വിഷ്വൽ ഇഫക്റ്റ്സ് – അനീഷ് ഡി, സുമേഷ് ഗോപാൽ (ചിത്രം – വഴക്ക്)
സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് – ശ്രുതി ശരണ്യം (ചിത്രം – ബി 32 മുതൽ 44 വരെ)
നേമം പുഷ്പരാജ് ചെയർമാനും വി.ജെ. ജയിംസ്, കെ.എം. ഷീബ, പി. തോമസ് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ ഒന്നാം സബ് കമ്മിറ്റിയുടേയും കെ.എം. മധുസൂദനൻ ചെയർമാനും ബി. രാകേഷ്, സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ രണ്ടാം സബ് കമ്മിറ്റിയുടേയും പ്രാഥമിക വിധി നിർണയ ശേഷം ഗൗതം ഘോഷ് ചെയർമാനും നേമം പുഷ്പരാജ്, കെ.എം. മധുസുദനൻ, ഹരി നായർ, ഡി. യുവരാജ്, ഗൗതമി, ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ അന്തിമ വിധി നിർണയ സമിതിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
സി.എസ്. വെങ്കിടേശ്വരന്റെ സിനിമയുടെ ഭാവനാദേശങ്ങൾ എന്ന കൃതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. സാബു പ്രവദാസ് എഴുതിയ ‘പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം’ എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനമായി തെരഞ്ഞെടുക്കപ്പെട്ടു. കെ.സി. നാരായണൻ ചെയർമാനും കെ. രേഖ, എം.എ. ദിലീപ് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയായിരുന്നു രചനാ വിഭാഗം ജൂറി.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജൂറി അംഗങ്ങൾ തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം
പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ മഹത്തായ മലയ്ക്ക് പടേനി,1001 താംബൂല സമർപ്പണം, ദീപാരാധന ദീപക്കാഴ്ച, ചെണ്ട മേളം വാവൂട്ട് എന്നിവ ഈ മാസം 17 ന് തിങ്കളാഴ്ച രാവിലെ 5 മണി മുതൽ നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും.
രാവിലെ 5 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .5.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ തുടർന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടക്കും . തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മവും സ്നാനവും നടക്കും . രാവിലെ 8.30 ന് കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം 9 മണിയ്ക്ക് നിത്യ അന്നദാനം 10 മണിയ്ക്ക് ആദ്യ ഉരു മണിയന്‍ പൂജ , ,പർണ്ണ ശാല പൂജ,11.30 ന് നിവേദ്യ പൂജ , വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം തുടര്‍ന്ന് വാവൂട്ട് ചടങ്ങുകള്‍ നടക്കും .
കെ എസ് ആർ ടി സി സ്പെഷ്യൽ ബസ്സ്
കർക്കടക വാവ് ദിനത്തിൽ രാവിലെ 5 മണി മുതൽ കോന്നിയില്‍ നിന്ന് കെ എസ് ആര്‍ ടി സി യുടെ സ്പെഷ്യല്‍ ബസുകള്‍ കല്ലേലി അപ്പൂപ്പന്‍ കാവിലേക്ക് സർവീസ് നടത്തും
മലയാളസിനിമയില്‍ അധികമൊന്നും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജോണറാണ് സയന്‍സ് ഫിക്ഷന്‍ ഫാന്റസി. ഈ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് അരുണ്‍ ചന്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഗഗനചാരി’. ഇപ്പോഴിതാ ‘ഗഗനചാരി’ മലയാളിപ്രേക്ഷകര്‍ക്ക് ഒരു നവാനുഭവമാവുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഡിസ്ടോപ്പിയന്‍ പശ്ചാത്തലത്തില്‍ 2043ലെ കേരളത്തില്‍ നടക്കുന്ന കഥയായാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘പോര്‍ട്ടല്‍’ ‘ഡാര്‍ക്ക് മാറ്റര്‍’, ‘എലിയന്‍’ തുടങ്ങിയ ആശയങ്ങള്‍ ട്രെയിലറില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളില്‍ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍, ഗണേഷ് കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ എത്തുന്നതും ചിത്രത്തിന്റെ രസകരമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. പല വിഎഫ്എക്സ് ഷോട്ടുകളും ട്രെയിലറിന്റെ ഭാഗമായിട്ടുണ്ട്. മോക്യുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണു സൂചന.
പല അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും പുരസ്കാരങ്ങള്‍ നേടാന്‍ ‘ഗഗനചാരി’യ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോപ്പൻഹേഗനിൽ വെച്ചു നടന്ന ആർട്ട് ബ്ലോക്ക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ‘ഗഗനചാരി’ സ്വന്തമാക്കിയിരുന്നു. സില്‍ക്ക് റോഡ് അവാര്‍ഡും മികച്ച സയന്‍സ് ഫിക്ഷന്‍ ഫീച്ചര്‍ ഫിലിമിനും മികച്ച നിര്‍മ്മാതാവിനുമുള്ള അവാര്‍ഡുകളും ‘ഗഗനചാരി’ നേടിയിരുന്നു. ഇറ്റലിയിലെ വെസൂവിയസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം അവസാന റൗണ്ടിൽ എത്തിയിരുന്നു. കൂടാതെ ചിക്കാഗോയിലെ ഫാന്റസി/സയൻസ് ഫിക്ഷൻ, സ്‌ക്രീൻപ്ലേ ഫെസ്റ്റിവൽ, അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്കിലെ ഫിലിംസ്‌ക്യൂ സിനി ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്രമേളകളിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെത്തിരുന്നു.
‘സായാഹ്നവാര്‍ത്തകള്‍’, ‘സാജന്‍ ബേക്കറി’ എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. ‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’.
‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്ചേഴ്സ്, ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ, വിതരണം: അജിത് വിനായക റിലീസ്, പി ആർ ഒ-എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്
റേച്ചൽ.. ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചൽ. മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലേക്കാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്. ഹണി റോസാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്ഥമായ സിനിമകളുമായി വരുന്ന എബ്രിഡ് ഷൈൻ ഇക്കുറി എത്തുന്നത് സംവിധായകൻ ആയിട്ടല്ല. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയേയും സിനിമ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടിനെയും പരിചയപ്പെടുത്തികൊണ്ട് നിർമ്മാതാവിന്റെ വേഷപ്പകർച്ചയുമായാണ് എബ്രിഡ് ഷൈനിന്റെ ഇത്തവണത്തെ വരവ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന റേച്ചലായി ഹണി റോസിനെ പോസ്റ്ററിൽ കാണുവാൻ സാധിക്കും. റേച്ചൽ ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും എന്ന് പോസ്റ്ററിലെ ഹണി റോസിന്റെ അല്ലങ്കിൽ റേച്ചലിന്റെ മൂർച്ചയുള്ള, ആഴമുള്ള നോട്ടം സൂചിപ്പിക്കുന്നു.
ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നു. മലയാള സിനിമ സംഗീത മേഖലയിലെ നവതരംഗങ്ങളിൽ ഒരാളായ അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയ MR രാജാകൃഷ്ണനാണ് സൗണ്ട് മിക്‌സും സംസ്ഥാന അവാർഡ് ജേതാവായ ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു.സ്റ്റേറ്റ് അവാർഡ് ജേതാവായ ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്ന എം ബാവ, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന മനോജ് എന്നിവരും സ്റ്റേറ്റ് അവാർഡ് ജേതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജെ പി, പി ആർ ഓ – എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ – ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് – മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.
ദൃശ്യം, ദൃശ്യം 2, 12ത് മാൻ ,റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന സന്തോഷ വാർത്തയാണ് ഇന്ന് രാവിലെ തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിമൂന്നാമത് ചിത്രം എന്ന് കൂടി കേട്ടപ്പോൾ പ്രേക്ഷകർ ഒന്നുറപ്പിച്ചു.. ഇത് ദൃശ്യം 3 തന്നെ..! നിർമാതാവായ ആൻറണി പെരുമ്പാവൂരാണ് പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്ക് വെച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പുതിയ ചിത്രത്തിൻ്റെ പേരോ ജോണറോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് മാസം ഷൂട്ടിംഗ് തുടങ്ങും. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്
ഒരിടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ഭാവന തിരിച്ചെത്തുന്ന ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ജൂലൈ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഭാവനയെ കൂടാതെ പ്രേക്ഷകപ്രിയ താരങ്ങളായ ഷറഫുദ്ധീൻ, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരും ഒന്നിക്കുന്ന നർമ്മം കലർന്ന കുടുംബ പ്രണയ ചിത്രമാണ് ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദ്യ പ്രണയത്തിലേക്കുള്ള തിരിച്ചുപോക്കും, ഒരു ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിലെ സങ്കീർണ്ണതകളും രസകരമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു. പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സിനിമ ആസ്വദിക്കാവുന്നതാണ്.
ഈ സിനിമ വിജയിപ്പിക്കണോ ഈ സിനിമയെ മോശം ആക്കണോ എന്ന് കുറെ ആൾക്കാരുടെ തീരുമാനം ഉള്ളതുപോലെ; ദിലീപ് .വോയ്സ് ഓഫ് സത്യനാഥൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്സ്മീറ്റ്
ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്. 50 കോടിയിൽ പരം മുതൽമുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്, നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ 30 പരം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ മാത്രം ഒരുക്കുവാനാണ് നീക്കിവെച്ചിരിക്കുന്നത്. അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഫോറൻസിക്ക് ശേഷം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളം ആണ്.
പൊന്നിയൻ ശെൽവൻ ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തൃഷ ടോവിനോ തോമസ് എന്നിവരെ കൂടാതെ വമ്പൻ താരനില തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കും.