അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധിയും സുധിയുടെ മൂത്ത മകൻ കിച്ചുവും (രാഹുൽ ദാസ്) തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ഇൻസ്റ്റഗ്രാമിലെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ ഉള്ളടക്കങ്ങളെച്ചൊല്ലി കിച്ചു ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി, രോഗകിടക്കയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് രേണു രംഗത്തെത്തിയിരിക്കുന്നത്. രേണുവിന്റെ സബ്‌സ്‌ക്രിപ്ഷൻ വിഡിയോകളുടെ ഉള്ളടക്കം മോശമാണെന്നും അത് തന്റെ അനിയന്റെ ഭാവിയെ ബാധിക്കുമെന്ന് കരുതിയാണ് താൻ അകന്നതെന്നുമുള്ള കിച്ചുവിന്റെ വെളിപ്പെടുത്തലിന് ശക്തമായ മറുപടിയാണ് രേണു നൽകിയത്.
കിച്ചു തന്റെ ചാറ്റുകൾ പുറത്തുവിട്ട സ്ഥിതിക്ക് തനിക്കും കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ടെന്ന് പറഞ്ഞ രേണു, സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ച സമയത്ത് കിച്ചുവുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും പുറത്തുവിട്ടു. താൻ സബ്സ്‌ക്രിപ്‌ഷൻ തുടങ്ങിയ സമയത്ത് തന്നെ കിച്ചുവിനോട് പറഞ്ഞിരുന്നെന്നും കിച്ചു അന്ന് തന്നെ ‘ഗുഡ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും സബ്‌സ്‌ക്രിഷൻ തുകയുടെ ഒരു ഭാഗം ചോദിച്ചു വാങ്ങുകയുമാണ് ചെയ്തതെന്നും രേണു വ്യക്തമാക്കുന്നു.
തന്റെ അധ്വാനത്തിൽ നിന്നും സബ്‌സ്‌ക്രിപ്ഷനിൽ നിന്നും കിട്ടിയ പൈസയുടെ ഒരു വിഹിതം കിച്ചുവിന് നൽകിയിട്ടുണ്ടെന്നും, ഉറക്കമൊഴിഞ്ഞ് ആൽബങ്ങൾ ചെയ്തതും ഗൾഫിൽ പോയി പ്രമോഷൻ ചെയ്തതുമായ തുകയിൽ നിന്ന് വലിയൊരു പങ്ക് കിച്ചു വാങ്ങിയിട്ടുണ്ടെന്നും അതിനെല്ലാം തന്റെ കയ്യിൽ ചാറ്റ് തെളിവുകളുണ്ടെന്നും രേണു പറയുന്നു. നിന്റെ ഭാവിയെ വരെ ബാധിക്കുന്ന കാര്യങ്ങൾ അടങ്ങിയ വോയ്സ് റെക്കോർഡ് ഇന്നും തന്റെ ഫോണിലുണ്ടെന്നും രേണു വെളിപ്പെടുത്തി.
കാൻസർ മൂന്നാം സ്റ്റേജിലൂടെ കടന്നുപോകുന്ന തന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾ തന്നെ കൂടുതൽ തളർത്തുകയാണെന്നും രേണു പറഞ്ഞു. ഒരു മാസത്തോളമായി ഐ.സി.യുവിലും മറ്റുമായി വളരെ ബുദ്ധിമുട്ടിലാണ്. ഈ സമയത്ത് മുൻപ് കുറ്റപ്പെടുത്തിയവർ പോലും വന്ന് ക്ഷമ ചോദിക്കുമ്പോഴാണ് കിച്ചു ഇത്തരം ആരോപണങ്ങളുമായി വരുന്നത്. ഇനി കിച്ചു തന്നെ വന്ന് കാണുകയോ വിളിക്കുകയോ വേണ്ടെന്നും, തന്റെ കുഞ്ഞിന് (ഋതു) വേണ്ടി തനിക്ക് എഴുന്നേറ്റ് വന്നേ പറ്റൂ എന്നും, തന്നെ ദയവുചെയ്ത് വെറുതെ വിടണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് രേണു വിഡിയോ അവസാനിപ്പിക്കുന്നത്. ഇനി തന്നെക്കൊണ്ട് കൂടുതൽ പറയിക്കരുതെന്നും രേണു മുന്നറിയിപ്പ് നൽകി.
Renu Sudhi refutes son Kichu’s allegations with chat proofs



