തിരുവനന്തപുരം: നാലു ദിവസമായി സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി സമരം ചെയ്യുന്ന ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സമരം തുടർന്നാൽ ഡോക്ടർമാരെ പുറത്താക്കി പകരം സംവിധാനം ഏർപ്പെടുത്തുമെന്ന സർക്കാരിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്.
ആർദ്രം പദ്ധതിയുമായും വൈകുന്നേരത്തെ ഒപിയുമായും സഹകരിക്കുമെന്നു സമരം ചെയ്ത ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു. ഡോക്ടർമാരുടെ പ്രശ്നങ്ങൾ കേട്ട മന്ത്രി രോഗികളുടെ വർധനയുള്ള കേന്ദ്രങ്ങളിലേക്ക് ഡോക്ടർമാരെ പുനര്‍വിന്യസിക്കുമെന്ന് അറിയിച്ചു. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ ആശങ്കകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി. ഡോക്ടർമാർ അവധിയെടുക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കും. ഇതിനായി ഡിഎംഒ ജില്ലാ തലത്തിൽ റിസർവ് പട്ടിയുണ്ടാക്കുo, പെട്ടെന്നുള്ള ഇത്തരം സമരം പാടില്ലെന്നു ഡോക്ടർമാർക്കു മുന്നറിയിപ്പ് നൽകുകയും ചെയ്തു ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

